Monday, January 14, 2013

സുകുമാര്‍ അഴീക്കോടിന്റെ ആത്മകഥയെക്കുറിച്ച് സ്പീക്കറുടെ വാക്കുകള്‍

പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, അധ്യാപകന്‍, ഗവേഷകന്‍, പത്രാധിപര്‍, ഗാന്ധിയന്‍, സാഹിത്യ-സാമൂഹ്യ-സാംസ്കാരിക വിമര്‍ശകന്‍ എന്നീ നിലകളില്‍ തിളങ്ങിനിന്ന സുകുമാര്‍ അഴീക്കോട് നമ്മെ വിട്ടുപിരിഞ്ഞിട്ട് 2013 ജനുവരി 24-ന് ഒരു വര്‍ഷം തികയുന്നു. ഈ അവസരത്തില്‍ സുകുമാര്‍ അഴീക്കോടിന്റെ ആത്മകഥയുടെ സമ്പൂര്‍ണ്ണ പതിപ്പ് പ്രകാശനം ചെയ്യുകയുണ്ടായി.


പുസ്തകപ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട് കേരള നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ നടത്തിയ പ്രസംഗം. 
(14/01/2013, പ്രസ്ക്ളബ്, കോട്ടയം)

അഴീക്കോടിന്റെ ആത്മകഥ

മഹാത്മജിയെ കണ്ട അത്ഭുതാദരങ്ങളോടെയാണ് അഴീക്കോട് തന്റെ ആത്മകഥ ആരംഭിക്കുന്നത്. ആ സമയത്ത് അദ്ദേഹത്തിലുണ്ടായ മാറ്റങ്ങള്‍ അദ്ദേഹത്തിന് അന്നു മനസ്സിലായില്ലെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിന് നവജന്‍മം ലഭിച്ചത് ഈ ദര്‍ശനത്തില്‍ നിന്നായിരുന്നു എന്നദ്ദേഹം ഓര്‍ക്കുന്നു. ഗാന്ധിജിയുടെ ദര്‍ശനത്തില്‍നിന്നും ലഭിച്ച ഊര്‍ജ്ജത്തില്‍നിന്നും ഒരിക്കലും അദ്ദേഹം പിന്തിരിഞ്ഞിട്ടില്ല എന്ന് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. തികഞ്ഞ ഗാന്ധിയനായിരുന്നു അദ്ദേഹം. തന്റെ ഓരോ ചലനത്തിലും അതദ്ദേഹം തെളിയിച്ചു. സമൂഹത്തിലെ അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ഗാന്ധിയന്‍ രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്.

സമൂഹത്തിലെ തിരുത്തല്‍ ശക്തിയായിരുന്നു സുകുമാര്‍ അഴീക്കോട്. സമുഹത്തിലെ എല്ലാ പ്രശ്നങ്ങളിലും വ്യക്തമായ അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ വ്യക്തത നിറഞ്ഞ സമീപനം തന്നെയാണ് അദ്ദേഹത്തിന്റെ ആത്മകഥയെ ശ്രദ്ധേയമാക്കുന്നതും.

ആത്മകഥയില്‍ സാധാരണ ഏറ്റവുമധികം കടന്നുവന്നത് 'ഞാന്‍' എന്ന അഹം ബോധമാണ്. 'ഞാനാണ് ഇതൊക്കെ ചെയ്തത്' എന്ന അഹംഭാവം ആര്‍ക്കാണോ ഇല്ലാത്തത്, അവനാണ് യഥാര്‍ഥ ജ്ഞാനി എന്നാണ് ഭഗവത്ഗീത പറയുന്നത്. കര്‍മ്മം ചെയ്യുക. അതിന് പ്രതിഫലം ഇച്ഛിക്കാതിരിക്കുക. നിഷ്കാമ കര്‍മ്മത്തിലൂടെ സമൂഹസേവനം നടത്തിയ സന്യാസിയായിരുന്നു അദ്ദേഹം. സന്യാസം എന്ന വാക്കിന്റെയും പ്രവര്‍ത്തിയുടെയും യഥാര്‍ഥ അര്‍ഥം അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്. 'എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം' എന്ന ഗാന്ധിജിയുടെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം. തന്റെ മുന്നില്‍ കാണുന്ന സകല അനീതികളെയും കണ്ണടച്ച് എതിര്‍ത്തിരുന്നു അഴീക്കോട്. അപ്പോഴെല്ലാം അദ്ദേഹം മനസ്സില്‍ സൂക്ഷിച്ചത് വൈരാഗ്യമല്ല. സ്നേഹമാണ്. ഒരു പ്രശ്നത്തെ എതിര്‍ക്കുമ്പോള്‍, അത് നശിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമല്ല. അത് നന്നാക്കിയെടുക്കുക എന്നതാണദ്ദേഹത്തിന്റെ ലക്ഷ്യം. തന്റെ കര്‍മ്മങ്ങളില്‍ അദ്ദേഹം ഈ സൌമ്യതയും സ്നേഹവും കാത്തുവെച്ചു, അവസാനം വരെ. 85-)ം വയസ്സിലും അദ്ദേഹം കേരളം മുഴുവനും ഓടിനടന്നു പ്രസംഗിച്ചു. കഴിയുന്നിടത്തോളം എഴുതി. അതൊരു പൂര്‍ണ്ണ ജീവിതമായി അവസാനിക്കണം എന്നദ്ദേഹത്തിന് ആത്മാര്‍ഥമായ ആഗ്രഹവുമുണ്ടായിരുന്നു. എല്ലാം ഒരു നിയോഗം പോലെ അദ്ദേഹം ജീവിതത്തില്‍ അനുഭവിച്ചു. ആത്മകഥ അവസാനിപ്പിക്കുന്നത്, ടാഗേറിന്റെ പ്രശസ്തമായ വരികളിലാണ്. ടാഗോറിന്റെ 'നിരുപമവും നിരതിശയനീയ'വുമായ വാക്കുകളില്‍ തന്റെ അന്ത്യാഭിവാദ്യം അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു.

'ഞാന്‍ ഇക്കണ്ടത് നിസ്തുലമാണെന്നതായിരിക്കട്ടെ,
ഇവിടം വിട്ടു പോകുമ്പോള്‍ എന്റെ നിയോഗ വാക്യം'

'പ്രഭാസാഗരത്തില്‍ വിരിയുന്ന ഈ താമരപ്പൂവിലെ
തേന്‍ ഞാന്‍ നുകര്‍ന്നുവെന്നും അങ്ങനെ എന്റെ
ജന്മം അനുഗ്രഹിക്കപ്പെട്ടുവെന്നും ആയിരിക്കട്ടെ
എന്റെ യാത്രാമൊഴി'

ഈ യാത്രാമൊഴി അന്വര്‍ത്ഥമാക്കിയതായിരുന്നു അഴീക്കോടിന്റെ 85 വര്‍ഷത്തെ ജീവിതം എന്നത് ഈ ആത്മകഥയിലൂടെ സഞ്ചരിക്കുന്ന ആരും സമ്മതിക്കും. തന്റെ മറ്റ് പുസ്തകങ്ങള്‍പോലെ ഇതും ഒരു സാഹിത്യ പഠനഗ്രന്ഥമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ഒരു ആത്മകഥ എന്നതിലുപരി, ഇതൊരു സാഹിത്യഗ്രന്ഥം തന്നെയാകുന്നത് അതിനാലാണ്. തന്റെ ജീവിതകഥ എന്നതിലുമേറെ, ഇതൊരു സാഹിത്യ ചരിത്രഗ്രന്ഥമാകുന്നു. സാഹിത്യ-സാംസ്കാരിക-സാമൂഹിക-ചരിത്ര രചനയ്ക്ക് ഇതൊരു മുതല്‍ക്കൂട്ടാവുകയും ചെയ്യുന്നു.

താന്‍ ജീവിച്ചിരുന്ന സമൂഹത്തെ തന്റെ സംവാദങ്ങള്‍ കൊണ്ട് ഉണര്‍ത്തിയ ബഹുമുഖ പ്രതിഭയാണ് സുകുമാര്‍ അഴീക്കോട്. എഴുത്തുകാരന്‍, വിമര്‍ശകന്‍, പ്രാസംഗികന്‍ എന്നീ നിലകളില്‍ കേരളത്തിന്റെ ശബ്ദമായി മാറി അദ്ദേഹം. ഓരോ രചനയിലും ഓരോ പ്രസംഗത്തിലും നൂതനമായ ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. വിമര്‍ശിക്കുമ്പോഴും പ്രശംസിക്കുമ്പോഴും അദ്ദേഹത്തിന്റെ ഭാഷ ശക്തമാണ്. ഉപയോഗിക്കുന്ന ഓരോ വാക്കും എത്രത്തോളം ശക്തമായിരിക്കണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ശക്തി ഒരിക്കലും ക്ഷയിക്കാത്ത കരുത്തനായിരുന്നു അദ്ദേഹം. ആരേഗ്യം കുറയുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിന്റെ ശക്തി കുറയുന്നുണ്ടായിരുന്നില്ല. ശരീരം സഞ്ചരിക്കാന്‍ മടിക്കുമ്പോഴും മനസ്സ് സഞ്ചരിച്ചിരുന്നു. മനസ്സിന്റെ ഈ ചലനം നാം അവസാനം വരെ അനുഭവിക്കുകയും ചെയ്തു. ആത്മകഥയിലെ 'യാത്രാമെഴി' വായിക്കുമ്പോള്‍ നാം അതാണ് തിരിച്ചറിയുന്നത്. തികച്ചും ഗാന്ധിയനായ അദ്ദേഹം ഗാന്ധിതത്വങ്ങളില്‍ നിന്നും ഒരിക്കലും വ്യതിചലിച്ചിരുന്നില്ല  എന്ന് നമ്മള്‍ക്ക് ആത്മകഥയിലൂടെ മനസ്സിലാക്കാം. വായനയിലൂടെയും പഠനത്തിലൂടെയും അദ്ദേഹം നേടിയ അതിവിപുലമായ അറിവ് അദ്ദേഹത്തെ കൂടുതല്‍ വിനയാന്വിതനാക്കുകയായിരുന്നൂ. ഉദ്യോഗസ്ഥനായും സാഹിത്യകാരനായും തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രയാണം, നമ്മെ എപ്പോഴും ആവേശം കൊള്ളിക്കുന്നതായിരുന്നു.

അഴീക്കോടിന്റെ വാക്കുകള്‍ രചനയിലായാലും പ്രസംഗത്തിലായാലും കേരളം ശ്രവിച്ചിരുന്നത് വളരെ ശ്രദ്ധയോടെയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. ഈ ശ്രദ്ധ വേണം, ഈ ആത്മകഥയിലൂടെ സഞ്ചരിക്കുമ്പോഴും ഓരോ സംഭവവും, ഓരോ അഭിപ്രായങ്ങളും അദ്ദേഹം വിവരിക്കുന്നതിലെ മനോഹാരിത എത്രയും ആകര്‍ഷകമാണ്. ആ സംഭവങ്ങളോടൊപ്പം അഭിപ്രായങ്ങളോടൊപ്പം നാം സഞ്ചരിക്കുകയാണ്.

ആരേയും മനഃപുര്‍വ്വം കുറ്റപ്പെടുത്താനോ, വിമര്‍ശിക്കാനോ അദ്ദേഹം ഇവിടെ ശ്രമിക്കുന്നില്ല. തനിക്കു ജീവിതത്തില്‍ വന്നുചേര്‍ന്ന ജയപരാജയങ്ങള്‍, തന്റേതുമാത്രമായ 'ഗതി'യാണെന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. ആരുടെയും ജീവിതം മറ്റൊരാളുടെ ജീവിതത്തെ ബാധിക്കുന്നില്ലെന്ന സത്യം മനസ്സിലാക്കാത്തവരുടെ ഇടയില്‍ അഴീക്കോട് അത്ഭുതമാകുന്നത് ഇതിനാലാണ്. തനിക്ക് അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങള്‍ കിട്ടിയില്ല എന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നുവെങ്കിലും അതൊരിക്കലും അദ്ദേഹത്തെ അസ്വസ്ഥനാക്കിയില്ല. സ്ഥാനം ഏറ്റെടുക്കുമ്പോഴും സ്ഥാനം ഒഴിയുമ്പോഴും അദ്ദേഹം ഒരേ രീതിയില്‍ തന്നെയായിരുന്നു. അയ്യപ്പ പണിക്കരുടെ ഒരു പദ്യ ശകലമാണ് അദ്ദേഹം ഉദ്ധരിക്കുന്നത്. 'ഇതൊക്കെ വന്നും പോയും കൊണ്ടിരിക്കും....'

ഒരു ആത്മകഥയുടെ പരിമിതിയില്‍ ഒതുങ്ങാത്ത ആത്മകഥയാണ് അഴീക്കോടിന്റേത്. അദ്ദേഹത്തിന്റെ സാഹിത്യ ചിന്തകളും വിമര്‍ശനങ്ങളും എല്ലാംകൊണ്ട് സമ്പന്നമാണ് ഈ കൃതി. തന്റെ മറ്റെല്ലാ കൃതികളെയും പോലെ ഈ രചനയും വേറിട്ടുനില്‍ക്കുന്നത് അതുകൊണ്ടാണ്. 'തത്ത്വമസി' എഴുതുന്നതിലെ 'മനനം' തന്നെയാണ് ആത്മകഥ എഴുതുമ്പോഴും.

നമ്മള്‍ കാത്തിരുന്നത് അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു. പ്രസംഗത്തിലൂടെയും രചനകളിലൂടെയും അദ്ദേഹം അവ നമുക്ക് നല്‍കി. മലയാള സാഹിത്യത്തിലെയും കേരളീയ സമൂഹത്തിലെയും സങ്കീര്‍ണ്ണമായ ഒരു സാംസ്കാരിക സന്ദര്‍ഭത്തിന്റെ ഏറ്റവും ജീവസ്സുറ്റ വിമര്‍ശകനായി, സാഹിത്യ വിമര്‍ശകനായി, സാമൂഹ്യ വിമര്‍ശകനും സാംസാകാരിക വിമര്‍ശകനായി പുതിയ മാനങ്ങള്‍ സൃഷ്ടിച്ചു സുകുമാര്‍ അഴീക്കോട്. ഈ സാംസ്കാരിക വിമര്‍ശനമാണ് തന്റെ ആത്മകഥയിലും അദ്ദേഹം നടത്തിയിരിക്കുന്നത്. തന്റെ ജീവിതവും തന്റേതായ വിമര്‍ശന മനസ്സോടെ അദ്ദേഹം നോക്കിക്കാണുകയായിരുന്നു.

'സാംസ്കാരിക നായകന്‍' എന്നു ധാരാളം പേരെ വിളിക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സാംസ്കാരിക നായകന്‍ എന്ന പേരിന് അര്‍ഹതയുണ്ടായിരുന്ന ആളാണ് അഴീക്കോട്. അനിഷേധ്യനായ സാംസ്കാരിക നായകനും കരുത്തനായ സാഹിത്യകാരനുമായിരുന്നു അദ്ദേഹം. അധ്യാപകനായും പ്രഭാഷകനായും, ഉദ്യോഗസ്ഥനായും തിളങ്ങിയ അമൂല്യ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. ആ ശബ്ദവും അക്ഷരങ്ങളും ഒരിക്കലും മലയാളത്തില്‍ നിന്നും മറയുകയില്ല. അവ എന്നും സമൂഹത്തിനു നേര്‍വഴി കാണിച്ചുകൊണ്ടിരിക്കും.

ജീവിതകാലം മൂഴുവന്‍ ലോകത്തോട് 'സംവാദാത്മകത' പുലര്‍ത്തിയ മഹാമനുഷ്യനായിരുന്നു സുകുമാര്‍ അഴീക്കോട്. സംവാദമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം എന്നു പറയാം. സാഹിത്യത്തിലും സമൂഹത്തിലും ജീവിതത്തിലും നടത്തിയ ഈ സംവാദങ്ങളുടെ നിറഞ്ഞ  ചരിത്രമാണ് ഈ ആത്മകഥ. ലളിതമായ ജീവിതം കൊണ്ടും ഉയര്‍ന്ന ചിന്തകൊണ്ടും മൌലികമായ ദര്‍ശനം കൊണ്ടും നമ്മില്‍ നിന്നെല്ലാം ഉയര്‍ന്നു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. 'കേരളത്തിന്റെ ഗുരുനാഥന്‍' എന്ന് നാം കെ.പി കേശവമേനോനെ വിശേഷിപ്പിക്കാറുണ്ട്. 'കേരളത്തിന്റെ ആചാര്യന്‍' എന്ന് അഴീക്കോടിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.                                                                               

1 comment: