Monday, July 8, 2013

..ജനാധിപത്യ വേരുകളുറക്കാതെ ഫറോവയുടെ മണ്ണ്..

മുഹമ്മദ് ഷാമോന്‍


ജനാധിപത്യത്തിന്റെ നവപുലരികണ്ട് ആര്‍ത്തുല്ലസിച്ച ജനത നൃത്തമാടിയ തെരുവില്‍ ചേതനയറ്റ ശരീരങ്ങള്‍ നിര്‍ജീവമായി മണ്ണോട് ചേരുന്നു. ചരിത്രസ്മാരകങ്ങള്‍ കഥ പറയുന്ന ഈജിപ്തിന്റെ മണ്ണ് പുതിയ ചരിത്രം എഴുതുന്നു, അശാന്തതയുടെയും അസ്ഥിരതയുടെയും അലമുറകളുടെയും ചരിത്രം.

അറബ് വസന്തത്തിന്റെ നാള്‍വഴികളില്‍ എറ്റവും പ്രാധാന്യമര്‍ഹിച്ച തെരുവാണ് ഈജിപ്തിലെ തഹ്‌രീര് സ്വകയര്‍. ഒരേ ലക്ഷ്യം ഒരേ വികാരം ഒറ്റ ജനത അതായിരുന്നു ഇവിടുന്നു ലോകം കണ്ടത്. ഏകാധിപത്യത്തില്‍ നിന്നുള്ള മോചനവും ജനാധിപത്യത്തിലേക്കുള്ള വിമ്പലും. പതിനായിരങ്ങള്‍ ഒത്തുകൂടിയ തെരുവ്...., രാവുകള്‍ പകലുകളാക്കി ശബ്ദമുഖരിതമാക്കിമാറ്റിയ ജനത. ആവേശം കൊണ്ട  ലോക ജനത ഉറ്റു നോക്കി  രക്തരഹിതമായ ആ വിപ്ലവ പോരാട്ടം. ഒടുവില്‍ മാനത്തു വര്‍ണങ്ങള്‍ വിതറി അവര്‍ ജനാധിപത്യ വിപ്ലത്തിന്റെ വിജയമറിയിച്ചു.

 2012 മെയ്യില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ബ്രദര്‍ഹുഡ്ഡ് രൂപം കൊടുത്ത ഫ്രീഡം ആന്‍്ഡ് ജസ്റ്റിസ് പാര്‍ട്ടി ഭൂരിപക്ഷം നേടുകയും അതിന്റെ നേതാവായ മുഹമ്മദ് മുര്‍സി പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കുകയും ചെയ്തു. ജനാധിപത്യത്തിലേക്കുള്ള ഈജിപ്തിന്റെ ഈ ചുവടുവെപ്പ് അത്രയൊന്നും എളുപ്പം ആയിരുന്നില്ല. ഒരു വശത്ത് മുബാറക്ക് യുഗത്തിലെ ശക്തി ഇനിയും കയ്യൊഴിഞ്ഞിട്ടില്ലാത്ത പട്ടാളം , മറുവശത്ത് രാജ്യത്തെ മതാധിഷ്ഠിതം ആക്കാന് പ്രതിജ്ഞാബദ്ധരായ മുസ്ലിം ബ്രദര്ഹുഡ്. ഇടയ്ക്ക് പട്ടാളവും കോടതിയും തമ്മിലുള്ള ശാക്തിക വടംവലിക്കിടയില് രാജ്യത്ത് ഒരു പ്രതിവിപ്ലവമോ സൈനിക അട്ടിമറിയോ പോലും പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇതെല്ലാം മറികടന്നാണ് മുര്‍സി എന്ന ഭരണാധികാരി തന്റെ ഭരണത്തിന്റെ ഒരു വര്‍ഷം 2013 ജൂണിലേക്ക് എത്തിച്ചത്. പക്ഷെ  ജൂണ്‍ മാസം മുര്‍സിയുടെ ഭരണത്തിന്റെ അവസാന നാളുമായി.

തഹ്‌രീര്‍ സ്വകയര്‍ വീണ്ടും ജനനിബിഡമായി  പതിനായിരങ്ങള്‍ ഒത്തുകൂടി. നിരാശരായ ജനത എന്ന് അവര്‍ സ്വയം വിശ്വസിച്ചു. ബാക്കിയായ ആശകകള്‍ക്കായി വീണ്ടും ശബ്ദമുയര്‍ത്തി. ലോകത്തിനു മാതൃക വിപ്ലവം കാണിച്ചു നല്‍കിയവരുടെ വിപ്ലവ മുറകള്‍ മാറി അവര്‍ പെട്ടെന്ന് അശാന്തരായി തെരുവുയുദ്ദം നടത്താന്‍ തുടങ്ങി. മുര്‍സിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ഗ്രൂപ്പുകള്‍ നടത്തിയ റാലിക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ മരണം നിരവധിയായി. നൂറുകണക്കിനാളുകള്‍ക്ക പരിക്കേറ്റു. ആഭ്യന്തരകലാപത്തിലോട്ട് പോലും പോകും എന്ന സ്ഥിതിയും വന്നു. സൈന്യം ഇടപെട്ട് തെരഞ്ഞെടുക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ  സ്ഥാനഭ്രഷ്ടനാക്കി. ഈജിപ്ഷ്യന് ജനതയുടെ പ്രതീക്ഷ നിറവേറ്റാന്‍ പരാജയപ്പെട്ട മുര്‍സിയെ ഒഴിവാക്കുകയാണെന്നാണ് സൈനിക മേധാവി വ്യക്തമാക്കിയത്. സൈനിക മേധാവിയായ ജനറല് അബ്ദെല് ഫത്താഹ് അല്‍ സിസി രാജ്യത്തിന്റെ ഭരണഘടന സസ്‌പെന്ഡ് ചെയ്തു ജനാധിപത്യത്തിലേക്കു മടങ്ങാനുള്ള പുതിയ മാര്ഗരേഖയും പുറത്തിറക്കി.


ഈജിപ്ത് കണ്ട ആദ്യ ജനാധിപത്യ സര്‍ക്കാരിന്റെ പതനം എന്നു വിശേഷിപ്പിക്കാം ഈ സംഭവവികാസങ്ങളെ. അവിടെയാണ് കുറെ ചോദ്യങ്ങള്‍ ബാക്കിയാകുന്നത്. സാമ്രാജ്യത്ത വിരുദ്ദ നിലപാടുകള്‍ സ്വീകരിക്കുകയും രാജ്യത്തിന്റെ അഭിമാനം ആരുടെയും കാല്‍ചുവട്ടില്‍ വയ്ക്കുകയില്ലെന്നും പറഞ്ഞ കരുത്തനായിരുന്നു മുര്‍സി. പതിവു ഭരണാധികാരികളില്‍ നിന്ന് വിപരീധനായി അമേരിക്കയോട് വിധേയത്വം  കാണിക്കാത്ത ഭരണാധികാരി. എവിടയാണ് മുര്‍സി എന്ന ഭരണാധികാരിക്ക് തെറ്റിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു ജനതക്ക് അവര്‍ ആഗ്രഹിച്ചതെല്ലാം നല്‍കാന്‍ കഴിയുന്ന മന്ത്രം അറിയാതെ പോയതായിരുന്നോ അത്. അതോ അക്ഷമരായ ജനതയുടെ ആവേശം, തകര്‍ത്തുകളഞ്ഞ ഭരണതലവന്റെ സ്വപ്‌നങ്ങള്‍ മാത്രമായിരുന്നോ മുര്‍സി. വളരെ പ്രതീക്ഷകളെടെയാണ് മുര്‍സിയെ അറബ് വസന്തം തീര്‍ത്ത ജനത കണ്ടത്.

മുകളില്‍ സൂചിപ്പിച്ചപോലെ അത്ര എളുപ്പമായിരുന്നില്ല ഭരണത്തിലേറിയ ഗവണ്‍മെന്റിന്റെ മുമ്പോട്ട് പോക്ക്. പ്രധനമായും ഇതിനു കാരണമായ ഒരു ഘടകം ഹുസ്‌നി മുബാറക്കിന്റെ പതനത്തിനു കാണിച്ച ആവേശം തുചര്‍ന്നു വന്ന തിരഞ്ഞെടുപ്പില്‍ ഓട്ട് ചെയ്യാന്‍ ഈ ജനത കാണിച്ചില്ല. മുസ്ലീം ബ്രദര്‍ ഹുഡിന്റെ പാര്‍ട്ടി സ്വാഭികമായ സാമൂഹികാന്തരീക്ഷത്തില്‍ വിജയിച്ചു. മതേതര കാഴ്പ്പാടുകള്‍ പറഞ്ഞെങ്കിലും അവര്‍
രാജ്യത്തെ മതാധിഷ്ഠിതം ആക്കാന്‍ പരമാവധി ശ്രമിച്ചു. ഇത് പുതിയൊരു ആശയ സംഘര്‍ഷത്തിനു വഴിയൊരുക്കി. ഇതിനിടയില്‍ പ്രസ്ഡന്‍ഷ്യല്‍ ഉത്തരവിറക്കി മുര്‍സി ഏകാധിപതിയാകാനും ശ്രമം നട്ത്തിയിരുന്നു. വന്‍ ജന പ്രക്ഷോഭങ്ങളാണ് ഇതു വരുത്തിതീര്‍ത്തത്.

വിപ്ലവത്തില്‍  പങ്കെടുത്ത കോപ്റ്റിക് ക്യസ്ത്യാനികളും മതേതരവാദികളും അവിശ്വാസികളും  അടങ്ങുന്ന വന്‍ ജനതക്ക് ഇതെല്ലാം അസന്തുഷ്ടി ഉണ്ടാക്കി. അവര്‍ മതേതര കാഴ്ചപ്പാടുകളെ കൂട്ട പിടിച്ചു. മുര്‍സി മതത്തില്‍ നിന്നുകൊണ്ടുള്ള കാഴ്ചപ്പാടുകളെയും.
ജനാധിപത്യത്തിലേക്കുള്ള  ചുവടുവെപ്പില്‍ ഈജിപ്തില്‍ മൂന്ന് സ്വാധീനശക്തികള്‍് ഉയര്‍ന്ന് വന്നിരുന്നു. രാജ്യത്തെ നിര്‍ണ്ണായക ശക്തിയായ പട്ടാളം ഒരു വശത്ത്, മറുവശത്ത് മുസ്ലിം ബ്രദര്‍ഹുഡിന്റെ പിന്തുണയുള്ള ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയും അവരുടെ സഖ്യകക്ഷികളും . മൂന്നാമതായി രാജ്യത്തെ മാറ്റിമറിച്ച വിപ്ലവത്തിനു തിരികൊളുത്തിയവരും മതേതര, ലിബറല്‍, ജനാധിപത്യ മൂല്യങ്ങള്‍ വഹിക്കുന്നവരുമായ ആക്ടിവിസ്റ്റുകള്‍.

ഇവരില്‍ ബ്രദര്‍ ഹുഡ് ഒഴിച്ചുള്ള ഒരു വിഭാഗം മുര്‍സിക്കെതിരെ വിപ്ല്‌ളവം ആഹ്വാനം ചെയ്ത് രംഗതെത്തി. ദേശീയ പ്രഭഷണല്‍ സ്വാഭാവമുള്ള സൈന്യവും ഇതിനെ ജനകീയ വിപ്ലവം എന്ന കണക്കില്‍ രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ എന്ന മട്ടില്‍ അവര്‍ക്ക് പിന്തുണ നല്‍കി. മുര്‍സി വീട്ടു തടങ്കലിലും ഭരണഘടന റദ്ദ്ആക്കപ്പെടുകയും..ചെയ്തു.. വീണ്ടും ഈജിപ്തിന്റെ മാനത്ത് മാരിവില്ലുകള്‍ തെളിഞ്ഞു.

പക്ഷെ കഴിഞ്ഞ  വിപ്ലവത്തിനു വിപരീതമായി മണ്ണില്‍ ചോര പൊഴിഞ്ഞു, എങ്ങും അക്രമവും കൊള്ളിവയ്പ്പും നടന്നു. ജനകീയ വിപ്ലവങ്ങള്‍ തകര്‍ത്താടിയ മണ്ണില്‍ വര്‍ഗ്ഗീയ വിപ്ലവവും, പരസ്പര വിപ്ലവവും തകര്‍ത്താടി. ജനങ്ങള്‍ തമ്മില്‍ തമ്മില്‍ പോരാടുന്നു. സൈന്യം വെടി ഉതിര്‍ക്കുന്നു. ശരീരങ്ങള്‍ നിശ്ചലമാകുന്നു. വ്യക്തമായ ലക്ഷ്യം ഇല്ലാതെ വീട്ടില്‍ നിന്നിറങ്ങിയ ജനത തിരിച്ചുപോകാന്‍ മടികാണിക്കുന്നപോലെ ഓരുപറ്റം ആള്‍കൂട്ടം തെരുവില്‍ താണ്ഡവം നടത്തുന്നു.

സ്വപ്‌ന സാഫല്യത്തിനു വേണ്ടിയുള്ള പോരാട്ടം പശ്ചാതാപത്തിനു വേണ്ടിയാകുമോ എന്നു പോലും ചിന്തിപ്പിക്കുന്നു. മതേതര കാഴ്ചപ്പാടുകളില്‍ മുര്‍സിക്ക് തെറ്റ് പറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനതക്കും തെറ്റ് പറ്റിയിരിക്കുന്നു. ബ്രദര്‍ ഹുഡ് നേതാക്കന്‍മാര്‍ക്കുനേരെ അക്രമം അഴിച്ചു വിടുന്നു. വീട്ടു തടങ്കലിലാക്കുന്നു. ഇതില്‍ എങ്ങിനെയാണ് മതേതര കാഴ്ചപ്പാടുകള്‍ വരുന്നതെന്ന് മനസ്സിലാകുന്നില്ല. വീണ്ടും അക്രമങ്ങള്‍ മാത്രമേ ഇതു സൃഷ്ടിക്കു.

2012 നവംബറില്‍ പശ്ചിമേഷ്യയില്‍ വലിയ പ്രകമ്പനങ്ങള്‍ സ്യഷ്ടിച്ച് ഇസ്രായേല്‍ തുടക്കം കുറിച്ച ഗാസ പ്രതിസന്ധിയില്‍ ശക്തമായ തീരുമാനം എടുക്കുകയും ഇസ്രായേലിനെ മുട്ട് മടക്കിക്കുകയും ചെയ്ത അടുത്ത കാലം കണ്ട ധീരനായ ഒരു നേതാവാണ് മുര്‍സി എന്നതും സത്യം. അതിനാല്‍ തന്നെ പഴയ അറബ് മേഖലയിലെ സക്തികളായ.., സൗദിയും അമേരിക്കയും ഉള്‍പ്പെടുന്ന സഖ്യ കക്ഷികളുടെ പങ്കും ചിന്തിക്കേണ്ടതുണ്ട്. താത്ക്കാലിക പ്രസിഡന്റ് ആയി ചീഫ് ജസ്റ്റിസ് ആധികാരമേറ്റിരിക്കുന്നു. എന്നാല്‍ പുതിയ ഒരു സര്‍ക്കാര്‍ അതും എല്ലാരെയും തൃപ്തിപ്പെടുത്തി വരുന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.  അതോ വസന്തത്തെ ശിശിരത്തിനു വഴിമാറി വീണ്ടും സൈനിക ഭരണം ഉടലെടക്കുമോ....?


ആഫ്രിക്കന്‍ മേഖലകളില്‍ സാഹിത്യത്തിലും, സംസ്‌കാരത്തിലും, രാഷ്ട്രീയത്തിലും, വലിയ സ്വാധീനം ചെലുത്തുന്ന രാഷ്ട്രമാണ്  ഈജിപ്ത്. അതിനാല്‍ ഇപ്പോള്‍ ഇവിടെ ഉണ്ടായിരിക്കുന്നതും വലിയ ഒരു പ്രതി സന്ധിയാണ്. അതുകൊണ്ട് ലോകവും ഉറ്റ് നോക്കുന്നു ഈജിതിന്റെ മുന്നോട്ടുള്ള നാളുകള്‍. ഒപ്പം ഫറോവമാരുടെ മമ്മികള്‍ സൂക്ഷിച്ചിരിക്കുന്ന പ്രശസ്തമായ ഈജിപ്ഷ്യന് മ്യൂസിയത്തിന് അഭിമുഖമായി നില്‍ക്കുന്ന ചത്വരത്തെയും.