Saturday, January 12, 2013

ജേര്‍ണലിസം 'ജീര്‍ണലിസം'  ആകുന്നുവോ ..?
ആഷ  രാജു


നമ്മുടെ മാധ്യമങ്ങള്‍ എന്തിനിത്ര നെഗറ്റിവ് ആകുന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അഴിമതി, അക്രമം, മാനഭംഗം, പീഡനം, കൊലപാതകം, അപകടം ഏവ കൊണ്ട് മാത്രം മുന്‍ പേജു  നിറയ്ക്കണമെന്നു എന്തോ വാശി  ഉള്ളത് പോലെയാണ് തോന്നുന്നത്.. രാവിലെ പത്രം എടുത്തു നോക്കുമ്പോള്‍ കാണുന്നത് മനം മടുപ്പിക്കുന്ന ഇത്തരം വാര്‍ത്തകള്‍ മാത്രം. പോസിറ്റിവ് എനെര്‍ജി നല്‍കുന്ന വാര്‍ത്തകള്‍ മിക്കപ്പോഴും ഉള്‍പേജുകളിലെ ശ്രദ്ധിക്കപ്പെടാത്ത ഭാഗങ്ങളിലേക്ക് ഒതുക്കപ്പെടുന്നു.. നമ്മള്‍ മാത്രം എന്താണ് ഇങ്ങനെ പിന്നോക്കം മാറുന്നത്..?
 

ഏതൊരു മനുഷ്യനും ക്രൈo   സ്റ്റോറികള്‍  വായിക്കാന്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു താല്പര്യം ഉണ്ട്.. അതിനെ മാധ്യമങ്ങള്‍ ചൂഷണം ചെയ്യുകയാണ് എന്നാണ് വാദം . ഒരു സമൂഹത്തിന്റെ അഭിപ്രായരൂപവല്കരണത്തില്‍ വലിയ പങ്കു വഹിക്കുന്ന മാധ്യമങ്ങള്‍ക്ക് എന്തുകൊണ്ട് പോസിറ്റിവ് വാര്‍ത്തകള്‍ക്കു പ്രാമുഖ്യം നല്കാന്‍ സാധിക്കുന്നില്ല? ഒരു കൊലപാതകിക്കു ലഭിക്കുന്ന പരിഗണന പോലും വര്‍ഷങ്ങളോളം ഗവേഷണം ചെയ്തു നൊബേല്‍  സമ്മാനം നേടുന്ന ഒരു ശാസ്ത്രജ്ഞന് നമ്മുടെ പത്രങ്ങള്‍ നല്‍കുന്നില്ല.. ഒരു മാറ്റത്തിനു  തുടക്കമിടാന്‍ ഒരു മുന്‍നിര മാധ്യമവും മുന്നോട്ടു വരാത്തത് ഖേദകരം തന്നെ..

നമ്മുടെ നാട്ടില്‍ പോസിറ്റിവ്  വാര്‍ത്തകള്‍ കുറവായിട്ടാണോ ..? ഇന്ത്യയില്‍ ഏറ്റവുമധികം സാക്ഷരതയുള്ള.. മിക്ക സംസ്ഥാനങ്ങളെയും അപേക്ഷിച്ച് അഴിമതി കുറവുള്ള.. ജാതിവ്യത്യാസം  കുറവുള്ള.. ഏറെക്കുറെ  തുറന്നു ഇടപെടുന്ന, ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന രാഷ്ട്രീയക്കാരുള്ള, നല്ല കാലാവസ്ഥയുള്ള.. ഈ കൊച്ചു കേരളത്തില്‍  പോസിറ്റിവ് വാര്‍ത്തകള്‍  കുറവാണെന്ന് പറയുന്നത് അസംബന്ധം ആയിരിക്കും. ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍പാലം  നമ്മുടെ കൊച്ചിയില്‍ പണി തീര്‍ത്തത് വെറും 28 മാസം കൊണ്ടാണെന്ന് പ്രധാന്യത്തോടെ എത്ര പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു? ഭീതി വളര്‍ത്തുന്ന രീതിയില്‍ ഇടയ്ക്ക് ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെ ടും... മുല്ലപ്പെ രിയാര്‍ പൊട്ടീ.. പൊട്ടിയില്ല.. പൊട്ടി.. പൊട്ടിയില്ല... ന്യുട്രിനോ  വരുന്നു.. ഒരാഴ്ച ആഘോഷമാണ്.. അതോടെ കഴിഞ്ഞു.. പിന്നെ അനക്കം    ഒന്നുമില്ല..

അടുത്ത ദിവസങ്ങളില്‍ സ്കൂള്‍ ശാസ്ത്ര മേള തുടങ്ങുകയാണ്.. ഓരോ വര്‍ഷവും വിസ്മയിപ്പിക്കുന്ന കണ്ടുപിടുത്തങ്ങളുമായി കുട്ടികള്‍ എത്തുന്നു.. സമ്മാനങ്ങളു മായി  സ്ഥലം വിടുന്നു. മാലിന്യസംസ്കരണം പോലെ പ്രയോജനകരമായ നിരവധി കണ്ടുപിടുത്തങ്ങളെ  കുറിച്ച് ഓരോ വര്‍ഷവും വായിക്കുന്നു.. എന്നാല്‍ ഈ പ്രതിഭകള്‍ പിന്നീട്   എവിടെ പോകുന്നു..? ആലോചിച്ചിട്ടുണ്ടോ..? അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി ഇത്തരം കണ്ടുപിടുതങ്ങളെയും ഉപകരണങ്ങളെയും പ്രോത്സാഹിപ്പിക്കാന്‍ നമ്മുടെ ഭരണകൂടങ്ങളും അലംഭാവം കാണിക്കുന്നു..

ഈ പറഞ്ഞതിനൊന്നും  പത്രങ്ങളില്‍ നെഗറ്റിവ് വാര്‍ത്തകള്‍ മാത്രമേ ഉള്ളു എന്ന് അര്‍ത്ഥമില്ല. പോസിറ്റിവും ഉണ്ട്. എന്നാല്‍ അവ കണ്ടുപിടിച്ചു വായിക്കാനാണ്  ബുദ്ധിമുട്ട്. മുന്‍ രാഷ്‌ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാം  ഒരിക്കല്‍ ഒരു പ്രസംഗത്തിനിടയില്‍ ഒരു ഇസ്രയേല്‍ പത്രത്തിന്റെ കാര്യം പറഞ്ഞു. നിരവധി ആളുകള്‍ കൊല്ലപ്പെട്ട ഒരു ഹമാസ് ആക്രമണത്തിന് പിറ്റേ ദിവസത്തെ പത്രം. അതിന്റെ ഒന്നാം പേജില്‍ ഒരു കര്‍ഷകന്റെ അനുഭവമാണ്‌ നല്‍കിയിരിക്കുന്നത്.. അഞ്ചു വര്‍ഷത്തെ നിരന്തര പരിശ്രമം കൊണ്ട് മരുപ്രദേശം പോലെ കിടന്നിരുന്ന തന്റെ സ്ഥലം  ഒന്നാംതരം ഒരു കൃഷിയിടം ആക്കിയെടുത്ത വിജയകഥ. ആക്രമണ വാര്‍ത്തക്ക് സ്ഥാനം അകത്തെ പേജില്‍ മാത്രം. നമ്മുടെ പത്രങ്ങളില്‍ നിന്ന് ഇങ്ങനെയൊന്നു പ്രതീക്ഷിക്കാമോ ..? വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപെട്ടു. എത്രയോ ആളുകള്‍ കൊല്ലപ്പെട്ടു .. എന്നാല്‍ കുറച്ചു പനിനീര്‍പ്പൂക്കളും  മെഴുകു തിരികളും അല്ലാതെ മറ്റെന്തെങ്കിലും ചിത്രം പുറത്തു വന്നോ..? അവിടെ പത്രങ്ങള്‍ നടത്തുന്നതും വായിക്കുന്നതും മനുഷ്യര്‍ തന്നെയല്ലേ.. അപ്പോള്‍ ഇത് മനുഷ്യന്റെ മനസ്സിന്റെ ഉള്ളില്‍ ഉറങ്ങി കിടക്കുന്ന താല്പര്യത്തെ കുലുക്കി എഴുന്നേല്പ്പിക്കാനുള്ള ശ്രമം അല്ലാ. വായനക്കാര്‍ക്ക്‌ നെഗറ്റിവ്  വാര്‍ത്തകളാണ് വേണ്ടത് എന്ന് തീരുമാനിച്ചു നിര്‍ബന്ധപൂര്‍വം അടിച്ചേ ല്പിക്കുകയാണ്. വിദേശ സംസ്കാരത്തിന്റെ തെറ്റുകുറ്റങ്ങള്‍ ജീവിതത്തിലേക്ക് പകര്‍ത്തുന്ന നമ്മള്‍ നല്ല വശം   കണ്ടില്ലെന്നു നടിക്കുന്നു.

ചുരുക്കം ചില ഇംഗ്ലീഷ് പത്രങ്ങള്‍ മുന്‍പേജില്‍ ഒരു പോസിറ്റിവ് വാര്‍ത്തക്ക്  ഇടം കണ്ടെത്തുന്നു എന്നത് ആശ്വാസം തന്നെ. എല്ലാ ദിവസവും ഒരേ പൊസിഷനില്‍   തന്നെ നല്‍കാന്‍ ശ്രമിക്കുന്നതും നന്നായി.. അത് വായിച്ചു തന്നെ ആരംഭിക്കാമല്ലോ  ദിവസം. ഹര്‍ത്താലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടെന്ന് മാധ്യമങ്ങള്‍ തീരുമാനിച്ചതായി അറിഞ്ഞു. വൈകിയാണെങ്കിലും വളരെ നല്ല തീരുമാനം തന്നെ. അതുപോലെ ഒരിക്കല്‍ ഈ രാഷ്ട്രീയ വാര്‍ത്തകള്‍ക്ക് ലഭിക്കുന്ന അമിത പ്രാധാന്യവും ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കാം.

എക്സ്ട്രാ  ---- ദുഷിപ്പു നിറഞ്ഞ വാര്‍ത്തകള്‍ വായിച്ചു മനസ്സ് മടുത്തപ്പോഴാണ്  കായികം പേജില്‍ തുടങ്ങാം എന്ന് തീരുമാനിച്ചത്. ഇടിവെട്ടിയവനെ പാമ്പും കടിച്ചു തലയില്‍  തേങ്ങയും വീണെന്ന് പറഞ്ഞത് പോലെ ദാ വരുന്നൂ... ഒത്തുകളി...

5 comments:

 1. valare nalla points ulppettittundu aasha, good work,, congrats

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
 2. good work, iniyum postukal varatte, vegam vegam

  ReplyDelete
 3. innathe samoohathil sensationalisathinu pirake pokunna madhyamangal inganokke thanneyanu suhruthe... any ways good work dear Asha.. keep going..

  ReplyDelete
 4. nice wrk...innathe society negative news anu kooduthal intrstode vayikunnathu.. so negative reportsum koodunnu..

  ReplyDelete