Thursday, January 3, 2013

മലയില്‍ പൊള്ളുന്ന തീര്‍ത്ഥാടനം......

സുദീപ്കുമാര്‍ പി.എസ്സ്

പരിസ്ഥിതിയും മനുഷ്യനും ഇത്രമേല്‍ ഇഴുകിച്ചേര്‍ന്ന മറ്റൊരു തീര്‍ത്ഥാടനകേന്ദ്രം ലോകത്ത് തന്നെ ഉണ്ടായിരിക്കില്ല. അവിടെ, മലചവിട്ടി കയറിവരുന്ന ഭക്തനോട് 'എല്ലാം നീ തന്നെ'യെന്ന് അരുളുന്ന അതിവിശിഷ്ടമായ സങ്കല്‍പം... ചന്ദനവും, കര്‍പ്പൂരവും മണക്കുന്ന കരിമലയിലെയും അപ്പാച്ചിമേട്ടിലേയും ശരംകുത്തിയിലേയും, കല്ലും-മുള്ളും കുണ്ടും-കുഴിയും താണ്ടുമ്പോള്‍ തീര്‍ത്ഥാടകന്റെ ആന്തരീകആത്മീയ ക്ഷീണമെല്ലാം അവന്റെ കാല്‍ച്ചുവട്ടിലെ മണ്ണില്‍ അലിഞ്ഞുചേര്‍ന്നിരുന്നു.. പാദം മുതല്‍ ശിരസ്സിലെ ഇരുമുടിയില്‍ വരെ മണ്ണിന്റെ നനവും, കാറ്റിന്റെ കുളിര്‍മ്മയും തഴുകിപ്പോയിരുന്നു.. അതുകൊണ്ടുതന്നെ പതിനെട്ടാം പടിചവിട്ടി അയ്യന്റെ മുന്നില്‍ എത്തുമ്പോള്‍ ബാക്കിയെല്ലാ ദു:ഖങ്ങളോടൊപ്പം ശരീരത്തിന്റെ ബലഹീനതകളും അവിടെ അവസാനിക്കുമായിരുന്നു..
                       
എന്നാല്‍, കേരളത്തിലെ ജനസംഖ്യയേക്കാളധികം തീര്‍ത്ഥാടകര്‍ വന്നുപോകുന്ന ഇന്നത്തെ ശബരിമലയെ പൂങ്കാവനമെന്ന് വിശേഷിപ്പിച്ചാല്‍ അയ്യപ്പനുപോലും ലജ്ജ തോന്നിയേക്കാം.. വര്‍ഷാവര്‍ഷങ്ങളില്‍ ഏറിവരുന്ന തീര്‍ത്ഥാടന-വരുമാന വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ സൌകര്യങ്ങള്‍ അനവധിയൊരുക്കി സുഖലോലുപരായി മലകയറാന്‍ നമ്മള്‍ അവസരമൊരുക്കുമ്പോള്‍ നഷ്ടപ്പെടുത്തുന്നത് ഒരു ആവാസവ്യവസ്ഥയും പരിസ്ഥിതിയെയുമാണ്, അതിന്റെയൊപ്പം ചൈതന്യം നിറഞ്ഞ ആ സങ്കല്‍പ്പത്തെയും.......
                      തീര്‍ത്ഥാടകരുടെയെണ്ണം ആയിരത്തില്‍ നിന്നും ലക്ഷങ്ങളും, കോടികളുമായി മാറിയിരിക്കുന്ന ഈ അവസരത്തില്‍ അവയെ നിയന്ത്രിക്കുകയെന്നത് ഒരിക്കലും സാധ്യമാകുന്നതല്ല.. പക്ഷെ, ഇടത്താവളങ്ങളിലെ ശോചനീയാവസ്ഥ നിലനില്ക്കുമ്പോള്‍ തന്നെ ശബരിമല വികസനം വനത്തിനുള്ളില്‍ മാത്രമേ നടത്തുവെന്ന് ശാഠ്യം പിടിക്കുന്നതിന്റെ ആവശ്യകതയെന്തെന്ന് മനസ്സിലാകുന്നില്ല.. സ്വാമി അയ്യപ്പന്‍ റോഡിലേയും ചന്ദ്രാനന്ദന്‍ റോഡിലേയും കോണ്‍ക്രീറ്റ് പാതയിലൂടെ മലചവിട്ടുന്ന ഭക്തന്, പഴയ ശാരീരിക-മാനസീക ആനന്ദം ലഭിക്കണമെന്നില്ല...
ഒരുവശത്ത് ഭക്തര്‍ക്കുവേണ്ട അടിസ്ഥാന സൌകര്യവികസനം പൂര്‍ണ്ണമാക്കാതെ, സന്നിധാനത്തേക്ക് ഹെലിക്കോപ്റ്റര്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനെകുറിച്ച് ചര്‍ച്ചചെയ്യുന്നു... ഇതെന്ത് വിരോധാഭാസമാണ്..!.?
കാലാകാലങ്ങളായി കാടും മലയും മഞ്ഞും, നമുക്കായ് സംരക്ഷിച്ചുപോന്ന ആവാസവ്യവസ്ഥയെ തച്ചുടച്ച് കോണ്‍ക്രീറ്റ്-വികസനം നടപ്പാക്കി വലിയൊരു ദുരന്തത്തിന് ഭാവി തലമുറ സാക്ഷിയാകുമ്പോള്‍, അവര്‍ നമ്മെ പഴിക്കും..... ആയിരക്കണക്കിന് കാവുകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ വികസനവാദങ്ങള്‍ ഉന്നയിച്ച് അവയെ തകര്‍ത്തതിനു ശേഷം, ഇന്ന് അതിന്റെ ദൂഷ്യഫലങ്ങള്‍ മനസ്സിലാക്കി വീണ്ടും പുനരുജ്ജീവനം നല്‍കാന്‍ ശ്രമിക്കുന്നതുപോലെ പൂങ്കാവനവും കൃത്രിമമായി നിര്‍മ്മിക്കേണ്ടിവരുന്ന കാലം വിദൂരമല്ല.........
              
പ്രകൃതിയും, മനുഷ്യനും തമ്മിലുള്ള സംശുദ്ധ ബന്ധത്തിന്റെ തെളിവായിരുന്ന ശബരിമല, ഇപ്പോള്‍ ഇവതമ്മിലുള്ള വൈരുദ്ധ്യങ്ങളെ തറന്നുകാട്ടുന്നു... കാടിറങ്ങുന്ന വന്യജീവികള്‍ മനുഷ്യവാസകേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ അവയെ കൊന്നൊടുക്കിയിട്ട് കാര്യമില്ല.. മറിച്ച്, സ്വന്തം ചെയ്തികള്‍ എവിടെയെത്തിയെന്നത് വെറുതെയെങ്കിലുമൊന്ന് 'ചിന്തിച്ചാല്‍ മാത്രംമതി...'......

6 comments:

 1. Aliya kollam...
  Swami saranam, swamiyeee saranam ayyappa....

  ReplyDelete
 2. മലയില്‍ മാത്രമല്ല പൊള്ളുന്നത് ഇതൊക്കെ പറഞ്ഞാല്‍ ചിലപ്പോള്‍ അതും പുള്ളല്‍ ഉണ്ടാക്കിയേക്കും..... ഒടുവില്‍ പറയുംവിശ്വസത്തില്‍ മേലുള്ള കടന്ന് കയറ്റമെന്ന്..... എന്താണങ്കിലും നന്നായിട്ടൊണ്ട്....

  ReplyDelete
 3. മലയില്‍ മാത്രമല്ല പൊള്ളുന്നത് ഇതൊക്കെ പറഞ്ഞാല്‍ ചിലപ്പോള്‍ അതും പൊള്ളല്‍ ഉണ്ടാക്കിയേക്കും..... ഒടുവില്‍ പറയുംവിശ്വസത്തില്‍ മേലുള്ള കടന്ന് കയറ്റമെന്ന്..... എന്താണങ്കിലും നന്നായിട്ടൊണ്ട്....

  ReplyDelete
 4. u said it Sudheep.. മലയാളികള്‍ പറയും തമിഴനും തെലുങ്കനും ആണ് ഉത്തരവാദികള്‍ എന്ന്.. എന്നാല്‍ പളനിയിലും തിരുപ്പതിയിലും സന്ദര്‍ ശ നം നടത്തിയിട്ടുള്ള ഒരു മലയാളിക്കും നമ്മള്‍ തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന സൗ കര്യങ്ങളെ ഓര്‍ത്തു തല കുനിക്കാതിരിക്കാന്‍ കഴിയില്ല.

  ReplyDelete