Monday, January 28, 2013

ആറന്‍മുളയുടെ ശബ്ദം...

  സുദീപ് കുമാര്‍ പി.എസ്സ്

പ്രവാസികളും വിദേശപണവും ഏറ്റവുമധികം വന്നുപോകുന്ന ജില്ലകളിലൊന്നായ പത്തനംതിട്ടയില്‍ ഒരു വിമാനത്താവളം വേണമെന്നതു ന്യായമാണെങ്കിലും, അത് ആറന്‍മുളയില്‍തന്നെ ആവണമെന്ന് വാശിപിടിക്കുന്ന കപടവികസന വാദികളെ, നിങ്ങളോടൊന്ന് ചോദിച്ചോട്ടെ...?
1. ഈ പറയുന്ന വൈദേശിക ബന്ധങ്ങള്‍ എത്തുംമുന്‍പേ, തിരുവിതാംകൂറിന്റെ ഭൂപടത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നതും, ചരിത്ര ശേഷിപ്പില്‍ ഉള്‍പ്പെടുന്നതുമായ പൈതൃക ഗ്രാമമാണ് ആറന്‍മുളയെന്നത് അറിയാമല്ലോ..?
2. ആരുടെയൊക്കയോ സമ്മര്‍ദ്ദത്താല്‍, ഏതോ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ച ഒരു കമ്പനി വിമാനത്താവളമെന്ന പേര് പറഞ്ഞപ്പോള്‍ മാത്രമാണല്ലോ പലര്‍ക്കും ഈ പൂതി കയറിയത്.?. ഇതിനുമുന്‍പ് നിങ്ങള്‍ എവിടെയായിരുന്നു...?
3. പത്തനംതിട്ടയിലെ നല്ല നേതാക്കള്‍ ആരും വിമാനത്താവളത്തെ എതിര്‍ക്കില്ലെന്ന ഒരു പരാമര്‍ശം നേരത്തെ കേട്ടിരുന്നു, അവര്‍ ആരൊക്കെയാണ്..?   വടിവൊത്ത ഖദറുമണിഞ്ഞ്, മഞ്ഞച്ചിരിയുമായി നാല് ശിങ്കിടികളേയും കൂട്ടുപിടിച്ച് അഞ്ച് വര്‍ഷത്തിലൊരിക്കല്‍, വോട്ടിനുവേണ്ടി പര്യടനം നടത്തുന്ന നാണംകെട്ട രാഷ്ട്രീയ കോമരങ്ങളേയോ..? അതോ....!
4. ആറന്‍മുളയിലെ മണ്ണും, വയലും, പൈതൃകവും, അതിന്റെയൊപ്പം പാവപ്പെട്ടവന്റെ കിടപ്പാടവും വെട്ടിപ്പിടിയ്ക്കാന്‍ വെമ്പല്‍ കൊള്ളുന്ന വികസന വാദികളേ.... നിങ്ങളുടെ കൈവശമുള്ള ഒരു തരിമണ്ണ് സര്‍ക്കാരിനോ അല്ലെങ്കില്‍ പാവപ്പെട്ടവനോ വിട്ടുകൊടുക്കാന്‍ നിങ്ങള്‍ തയ്യാറാകുമോ..? ആവശ്യത്തിന് റോഡുകളും പാലങ്ങളും നല്‍കി അടിസ്ഥാന സൌകര്യവും, അതിന്റെയൊപ്പം ജനങ്ങള്‍ക്ക് നീതിയും സുരക്ഷിതത്വവും വര്‍ധിപ്പിക്കാന്‍ ശ്രമിക്കേണ്ടതിനു പകരം, സമ്പന്നവര്‍ഗ്ഗം പിച്ചതരുന്ന എച്ചില്‍തിന്ന് അവരുടെ ചെരുപ്പുനക്കി ജീവിക്കേണ്ട ഗതി ഈ ജനതയ്ക്ക് ആവശ്യമില്ല..
ഇന്നേവരെ, ഈ മേഖലയില്‍ ഒരു മുന്‍പരിചയവുമില്ലാത്ത, ആരുടെയൊക്കെയോ കീശ വീര്‍പ്പിക്കാന്‍ തട്ടിക്കൂട്ടിയ ഒരു ഗ്രൂപ്പിനുവേണ്ടി സ്വന്തം അസ്ഥിത്വം പണയം വെക്കേണ്ട ആവശ്യമുണ്ടോ....
  
 അതെ, അവര്‍ പറയുന്നു- 'ഇത് ആറന്‍മുളയുടെ മണ്ണാണ്.....
                                             ആറന്‍മുളയപ്പന്റെ മണ്ണ്...........'.

വര്‍ഗ്ഗീയവാദികളുടെ തടവറയിലാണ് സര്‍ക്കാര്‍: ടി.വി രാജേഷ്


കോട്ടയം : മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും കാണിച്ചുതന്ന മാതൃകയിലല്ല കേരളത്തിലെ കോണ്‍ഗ്രസ്കാര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ വര്‍ഗ്ഗീയ ശക്തികള്‍ക്കു മുന്‍പില്‍ കീഴടങ്ങുന്നു, വര്‍ഗ്ഗീയവാദികളുടെ തടവറയിലാണ് സര്‍ക്കാര്‍ എന്നും ടി.വി രാജേഷ് എം.എല്‍.എ പറഞ്ഞു. രമേഷ് ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവന്നില്ലെങ്കില്‍ സര്‍ക്കാരിന് തുടരാനാവില്ലെന്ന എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്ഥാവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.   ഇന്ന് സമുദായിക മതനേതാക്കന്‍മാരാണ് യു.ഡി.എഫ്. നെ നിയന്ത്രിക്കുന്നത്.കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളെ തിരഞ്ഞെടുക്കന്നതില്‍പ്പോലും മത നേതാക്കന്‍മാര്‍ ഇടപെടുന്നു. സുകുമാരന്‍ നായരുടെ കടാക്ഷം ഇല്ലെങ്കില്‍ തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയാകുമായുരിന്നില്ല എന്ന് പോലും പറയുന്നു.
                                           സമുദായിക നേതക്കന്‍മാരെ കൂട്ടുപിടിച്ച് ആളാവാന്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതക്കന്‍മാര്‍ ശ്രമിക്കുന്നു. മുഖ്യമന്ത്രിയാകാന്‍ സമുദായിക നേതക്കളെ കൂട്ടുപിടിച്ച്  വൃത്തികെട്ട കളിയാണ് രമേഷ് ചെന്നിത്തല നടത്തുന്നത്.പ്രസിഡന്റിന്റെ നട്ടെല്ലില്ലായ്മയാണ് ഇതിന് കാരണം.
                                           സാധരണയായി യൂണിവേഴ്സിറ്റികളിലെ വി.സി. സ്ഥാനത്തേക്ക് യോഗ്യരായവരെ സര്‍ക്കാര്‍ നേരിട്ട് വിളിക്കുകയാണ് പതിവ്.
കമ്യൂണിസ്റ് മന്ത്രിസഭകള്‍ ഇതിനു മാതൃക കാണിച്ചിട്ടുമുണ്ട്. എന്നാല്‍ യു.ഡി.എഫ്. ഗവണ്‍മെന്റ് എം.ജി യൂണിവേഴ്സിറ്റിയുടെ കര്യത്തില്‍ അപേക്ഷ ക്ഷണിക്കുകയും യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയില്ലാത്ത ആളെ നിയമിക്കുകയും ചെയ്തു. എം.ജി. വി.സി. എം.വി. ജോര്‍ജ്ജിനെ മാറ്റാന് മുഖ്യമന്ത്രി തയ്യാറാകണം. മറ്റ് പല യൂണിവേഴ്സിറ്റികളിലെയും വി.സി. സ്ഥാനം മത നേതാക്കന്‍മാര്‍ക്ക് വീതിച്ചുകൊടുക്കുന്ന അവസ്ഥയിലുമാണ്. ഇത് അപകടകരമായ അവസ്ഥയാണ്.
                                         കെ.സ്.ആര്‍.ടി.സി. യോടുള്ള സര്‍ക്കാരിന്റെ സമീപനങ്ങള്‍ കെ.എസ്.ആര്‍.ടി.സി. യെ തകര്‍ക്കുന്നതാണ്. സാധരണക്കരായ യാത്രക്കാരുടെ എക യാത്രമാര്‍ഗമായ കെ.എസ്.ആര്‍.ടി.സി. യെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍   ഉടന്‍ നടപടിയെടുക്കണം.അല്ലാത്ത പക്ഷം ശക്തമായ പ്രതിക്ഷേധവുമായി ഡി.വൈ.എഫ്.ഐ.രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

അന്യവും അനന്യവും.....


                       
                                                                                Aswini mAdAvAnA
ഗാന്ധിജിയെ രൂപയില്‍ ആലേഖനം ചെയ്തിരിക്കുന്നതെന്തിനാണ്????
അദ്ദേഹത്തോടുള്ള ആദരസൂചകം അല്ലേ,,,,,
ആ പണം,
ഇന്ത്യന്‍ ജനാധിപത്യരാജ്യത്തില്‍
കുത്തകമുതലാളിമാരുടെ മാത്രം കൈമുതലാകുന്നു.
എവിടെയൊക്കെയോ മാത്രമായി കുന്നുകൂടുന്നു,,,,....
ചെറ്റക്കുടിലില്‍,കീറത്തുണിയും ചുറ്റി,
സ്വപ്നങ്ങള്‍ ജ്വലിക്കാത്ത കണ്ണുകളും,
പ്രതീക്ഷവറ്റിയ ജീവനും പേറി നടക്കുന്ന പട്ടിണിപ്പാവങ്ങള്‍ ഏറെയുണ്ടിവിടെ.....
അവര്‍ക്കും ഗാന്ധിജിയെ അറിയാം.
പണമില്ലാത്തവന്‍്െറ അവകാശങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കുമായി
ത്യാഗപൂര്‍വ്വം പോരാടിയ മഹാന്‍....
പക്ഷെ,,,,.....
അദ്ദേഹത്തെ ആലേഖനം ചെയ്ത നോട്ടുകള്‍...
അവ,,,,അവര്‍ക്കെല്ലാം അന്യമായ സ്വത്തുതന്നെ...
ഇതാണോ ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ.......................

ഇവര്‍............4...........,.........ദേവദൂതര്‍.............................................................

                                                                 Aswini mAdAvAnA

എപ്പോഴും പ്രതീക്ഷക്കാവുന്ന ശബ്ദം......
കേള്‍ക്കുമ്പോള്‍ ഹൃദയത്തിന്‍്െറ മിടിപ്പ് വല്ലാതെ കൂടും....
അറിയാതെ പ്രാര്‍ത്ഥിക്കും....
കൊണ്ടു പോകുന്ന ജീവന്‍ ആരുടെയാണെന്നറിയില്ല.
ആണാണോ,,,,,,,,,,,പെണ്ണാണോ,,,,,
അറിയില്ല
പ്രാണനുവേണ്ടി മല്ലിടുകയാണോ?????
 അതോ മരിച്ചിട്ടുണ്ടാകുമോ??????
രാവിലെ ചോറ് പൊതി നല്‍കിയയച്ച ഭാര്യയും,
കാത്തിരിക്കുന്ന കുഞ്ഞുമക്കളുണ്ടാകുമോ????
ഒന്നും അറിയില്ല
എന്നാലും പ്രാര്‍ത്ഥിക്കണം....
എന്തെന്നോ ഏതെന്നോ
അറിയാത്ത ശക്തിയോട്.....
വായുവിലൂടെ പായുന്ന ഡ്രൈവര്‍മാര്‍,
ഭൂമിയിലെ മാലാഖമാരില്‍ ഒരു വിഭാഗം..
അപായവിളിയോടെ ഓടിയെത്തുമ്പോള്‍
മനസ്സില്‍ ജീവനുവേണ്ടി കൊതിക്കുന്ന മുഖം മാത്രം,,,
തിരിച്ചൊരു നന്ദിയും പ്രതീക്ഷിക്കാതെ......
പ്രതിഫലം പോലും ഇച്ഛിക്കാത്ത ഒരു വിഭാഗം....
രക്ഷപെട്ട ജീവന്‍്െറയും ഉറ്റവരുടേയും
നന്ദിയോടെയുള്ള പുഞ്ചിരി........
         മരണത്തില്‍ നിന്ന് രക്ഷപെട്ടവരും
         മരണപ്പെടാന്‍ പോകുന്നവരും നന്ദിയോടെ സ്മരിക്കുക,,,
      ഈ ദേവദൂതരെ............................

Friday, January 25, 2013

സാമുദായിക സംഘടനകളെ ഫാന്‍സ് അസോസിയേഷനുകളാക്കുന്നു:ടി.വി,രാജേഷ്




                                                                                  Aswini mAdAvAnA

      സാമുദായിക സംഘടനകളെ ഫാന്‍സ് അസോസിയേഷനുകളാക്കി മാറ്റുകയാണെന്ന്  DYFI സംസ്ഥനസെക്രട്ടറി ടി.വി.രാജേഷ്. DYFI യൂത്ത് മാര്‍ച്ചിന് കുലശേഖരമംഗലം പി.കൃഷ്ണപിള്ള നഗറില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം.
       സാമുദായിക സംഘടനകള്‍ക്ക് DYFI യതൊരു പരിഗണനയും നല്‍കുന്നില്ലയെന്നും പുതിയ കേരളത്തെ പടുത്തുയര്‍ത്തുകയാണ് മാര്‍ച്ചിന്‍്െറ ലക്ഷ്യമെന്നും നന്ദി പ്രകാശനത്തില്‍ കൂട്ടിച്ചേര്‍ത്തു.സിനിമാ-സീരിയല്‍താരം ചെമ്പില്‍ അശോകന്‍ വിശിഷ്ടാതിഥിയായി അഭിവാദ്യങ്ങളര്‍പ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ശെല്‍വരാജ്,മണികണ്ഠന്‍,ചന്ദ്രബോസ് എന്നിവരും മാര്‍ച്ചിനെ അഭിസംബോധന ചെയ്തു.
     



DYFIയൂത്ത് മാര്‍ച്ചിന് വര്‍ണ്ണോജ്ജ്വല സ്വീകരണം

Aswini mAdAvAnA

DYFI യൂത്ത് മാര്‍ച്ചിന് കോട്ടയം ജില്ലയിലേക്ക് വര്‍ണ്ണോജ്ജ്വലമായ സ്വീകരണം.ഇന്ന് വൈകിട്ട് പൂത്തോട്ടയിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചത്. ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി,ജനുവരി നാലിന് കാസര്‍ഗോഡ്നിന്ന് ആരംഭിച്ച മാര്‍ച്ച് ഫെബ്രുവരി പതിനാലിന് തിരുവനന്തപുരത്ത് സമാപിക്കും.
DYFI സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് MLA,പ്രസിഡന്‍്റ് എം.സ്വരാജ് എന്നിവരാണ് നാല്പത് സ്ഥിരാംഗങ്ങളുള്ള മാര്‍ച്ച് നയിക്കുന്നത്. കാല്‍നടയായി പതിനാലുജില്ലകളില്‍ യൂത്ത്മാര്‍ച്ച് പര്യടനം നടത്തും..

Monday, January 21, 2013

കെ.എസ്സ്.ആര്‍.ടി.സിയെ രക്ഷിക്കൂ.......

ഡീസല്‍ വിലവര്‍ധനവിനെ തുടര്‍ന്ന് കെ.എസ്സ്.ആര്‍.ടി.സി ലാഭകരമല്ലാത്ത സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു. ഇതു വലിയ ഗതാഗത പ്രശ്നങ്ങള്‍ക്കു തുടക്കംകുറിക്കാന്‍ പോകുന്നു. ഇപ്പോള്‍ ഓടുന്ന കെ.എസ്സ്.ആര്‍.ടി.സി ബസ്സുകളെങ്കിലും നിന്നുപോകാതിരിക്കാന്‍, സ്വകാര്യ ബസ്സുകളില്‍ കയറി ഫുള്‍ ടിക്കറ്റ് എടുത്ത് തെറിയും കേട്ട് പോകുന്നവര്‍ നമ്മുടെ സര്‍ക്കാര്‍ ബസ്സുകളില്‍ കയറി യാത്രചെയ്യുവാന്‍ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു.

 -കെ.എസ്സ്.ആര്‍.ടി.സി യുടെ ഒരു ആരാധകന്‍

Sunday, January 20, 2013

ബോട്ടിലുകള്‍ നമ്മളോടു ചെയ്യുന്നത്.....




ആഷ രാജു

ഇത് നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന ഒരു വസ്തുവിന്‍റെ  പിന്നാമ്പുറകഥയാണ്. മിനറല്‍ വാട്ടറിന്‍റെയും  സോഫ്റ്റ്‌ ഡ്രിങ്ക് സ്കളുടെയും ബോട്ടിലുകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍. ഇത് വായിക്കുമ്പോളും നിങ്ങളില്‍ പലരുടെയും സമീപം..  ബാഗില്‍..  റൂമില്‍ ഇത്തരം കുപ്പികളില്‍ ആയിരിക്കും വെള്ളം സൂക്ഷിച്ചിരിക്കുന്നത്. ആവര്‍ത്തിച്ചുള്ള ഉപയോഗത്തിന് വിലയായി നല്‍കി കൊണ്ടിരിക്കുന്നത് സ്വന്തം ആരോഗ്യം തന്നെയാണെന്ന് നാം മറക്കുന്നു. അല്ലെങ്കില്‍ സൗകര്യപൂര്‍വ്വം മറന്നതായി ഭാവിക്കുന്നു.

മിനറല്‍ വാട്ടര്‍ / സോഫ്റ്റ്‌ ഡ്രിങ്ക് സ്  കുപ്പികളുടെ അടിവശത്തോ  ലേബലിലോ  ആയി 1-6 വരെയുള്ളതില്‍  ഒരക്കവും (മിക്കവാറും ഒരു ത്രികോണത്തില്‍) PET എന്നീ അക്ഷരങ്ങളും കാണാം. PET എന്നാല്‍ പോളി എ ഥിലീന്‍  ടെറഫ്തലെറ്റ് . പാകേജിംഗ് മേഖലയില്‍ PET എന്നും ടെക്സ്ടൈല്‍  മേഖലയില്‍ പോളി എസ്റ്റര്‍  എന്നുമാണ് ഇതിനെ വിളിക്കുന്നത്‌. PET സുതാര്യവും ദൃഡമായതും ഓക്സിജനെ തടയാന്‍ കഴിയുന്നതുമാണ്. കൂടാതെ കാര്‍ബണ്‍ ഡയോക്സൈഡിനെ അടക്കി നിര്‍ത്താന്‍ കഴിയുന്നതുമാണ്. ഈയൊരു പ്രത്യേകത കൊണ്ടാണ് കാര്‍ബണേറ്റഡ  പാനീയങ്ങള്‍ക്കു PET നിര്‍മ്മിത കുപ്പികള്‍ ഉപയോഗിക്കുന്നത്.

ഇത്തരം കുപ്പികളില്‍ CRUSH THE BOTTLE AFTER USE എന്ന വാക്യവും ചിത്രവും കാണാം. എന്നാല്‍ ഇത് അവഗണിച്ചു നമ്മില്‍ പലരും തണുത്ത വെള്ളവും ചൂടുവെള്ളവും മറ്റും സൂക്ഷിക്കാനായി ഇത്തരം കുപ്പികള്‍  ഉപയോഗിക്കുന്നു. പോളി എസ്റ്റര്‍  കുടുംബത്തിലെ തെര്‍മോ പ്ലാസ്റ്റിക്ക്  പോളിമറായ (ചൂടേ റ്റാല്‍ രൂപം മാറുന്നവ) PET -ന് പരമാവധി 93 ഡിഗ്രി ചൂട് വരെ മാത്രമേ പ്രതിരോധിക്കാനാവു അതിലധികം ആയാല്‍ പ്ലാസ്റ്റിക് ഉരുകും

വളരെ അസ്ഥിരമായ തന്മാത്രചെയിനുകള്‍  (unstable chain of molecules )കളാണ് ഇത്തരം പോളി കാര്‍ബനെറ്റുകള്‍ക്കുള്ളത് . നിരന്തര ഉപയോഗത്തിലും ഉയര്‍ന്ന ഊഷ്മാവിലും ഈ തന്മാത്ര  ചെയിനുകള്‍ വിഘടിച്ചു ബിസ്ഫെനോള്‍ A (BPA ) എന്നൊരു  രാസവസ്തു ഉണ്ടാകുന്നു. രൂക്ഷമായ ദോഷഫലങ്ങള്‍ ഉളവാക്കുന്ന മനുഷ്യ നിര്‍മ്മിതമായ കെമിക്കലാണ്  BPA . ബോട്ടില്‍ പുതിയതാണോ പഴയതാണോ എന്നല്ല അതില്‍ ശേഖരിക്കുന്ന വെള്ളത്തിന്റെ ചൂടാണ് ഉല്‍പാ ദിപ്പിക്കപെടുന്ന BPA -ടെ അളവ് നിയന്ത്രിക്കുന്നത്‌. സ്കോട്ട് ബെല്‍ഷറിന്റെ ഗവേഷണത്തില്‍ കണ്ടെത്തിയത് ചൂടുവെള്ളത്തിന്റെ സാന്നിധ്യത്തില്‍ 55 ശതമാനം വരെ  കൂടുതല്‍  BPA സൃഷ്ടിക്കപെടുന്നു എന്നാണ് . അതായത് തണുത്ത വെള്ളമാണ് ഉള്ളതെങ്കില്‍ 0.2-0.8 നാനോഗ്രാം വരെ BPA ഉല്പാദിപ്പിക്കപെടും എന്നാല്‍ ചൂടുവെള്ളം ആണെങ്കില്‍ ഇത് 8-32 വരെ നാനോഗ്രാം ആയി വര്‍ധിക്കും. ഒരു മണിക്കൂറിലെ  കണക്കാണിത്. PET ബോട്ടിലുകളില്‍ ചൂടുവെള്ളം സൂക്ഷിക്കുമ്പോള്‍ സൃഷ്ടിക്കപെടുന്ന ഈ BPA വെള്ളത്തിലൂടെ ആ വെള്ളം കുടിക്കുന്നവരുടെ ശരീരത്തിലും എത്തുന്നു.

ശരീരത്തിലെ സ്വാഭാവിക ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങള്‍ തെറ്റായ രീതിയില്‍ അനുകരിച്ചു ശാരീരിക പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കാന്‍ കഴിവുള്ളവയാണ്‌ BPA. പ്രത്യുല്പാദന ശേഷിയെയും  ബുദ്ധി വികാസത്തെയും വിപരീതമായി ബാധിക്കുന്ന ഇവ ജനന വൈകല്യങ്ങള്‍ക്കും കാരണമാകുന്നു. എന്‍വയോണ്‍മെന്‍റ്   കാലിഫോര്‍ണിയ റിസര്‍ച് ആന്‍ഡ്‌ പോളിസി സെന്റര്‍  BPA -ടെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് 130 ഗവേഷണങ്ങളാണ് നടത്തിയത്. ഇതില്‍ വെളിവായത് BPA പ്രധാനമായും സ്ത്രീ ഹോര്‍മോണ്‍ ആയ ഈസ്ട്രജനെയാണ്  അനുകരിക്കുന്നത് എന്നാണ്. സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനും മൂത്രാശയ കാന്‍സറിനും  കാരണമാകുന്ന BPA പുരുഷന്മാരില്‍ പ്രോസ്റ്റെറ്റ് കാന്‍സറിനു ദൂതനാകുക മാത്രമല്ല പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ  ലെവല്‍ കുറക്കുകയും ചെയ്യുന്നു. കൂടാതെ ലിംഗ ഭേദമെന്യേ ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കുകയും അത് വഴി ടൈപ്പ് 2 പ്രമേഹത്തിന്  വഴി മരുന്നിടുകയും ചെയ്യുന്നു. അബോര്‍ഷനുള്ള സാധ്യത വര്‍ദ്ധിപ്പികുകയും ചെയ്യുന്നു BPA

കൈയില്‍ കിട്ടുന്നതെന്തും വായില്‍ വയ്ക്കുന്ന സ്വഭാവമുള്ള കുഞ്ഞുങ്ങള്‍. അവരുടെ വിരല്‍ ഒഴികെ വായില്‍ വയ്ക്കുന്നത് എന്തും പ്ലാസ്റിക് ആണെന്ന് നാം ശ്രദ്ധിക്കാറില്ല വഴിയോരത്ത് 10 രൂപക്കും 20 രൂപക്കും കിട്ടുന്ന നിറപ്പകിട്ടാര്‍ന്ന കളിപ്പാട്ടങ്ങള്‍ കുട്ടി ചൂണ്ടികാണിക്കുമ്പോളെ  നാം വാങ്ങി കൊടുക്കുന്നു. ഇത്തരം ചൈനീസ് കളിപ്പാട്ടങ്ങളില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ഗുരുതര പ്രശ് നങ്ങളാണ്  ആ കുഞ്ഞു ശരീരങ്ങളില്‍ സൃഷ്ടിക്കുന്നത്. ഇന്നത്തെ  കുട്ടികള്‍ വളരെ നേരത്തെ പ്രായപൂര്‍ത്തിയാകുന്നു  എന്ന് പലരും പരിതപിക്കാറുണ്ട്. ജങ്ക് ഫുഡ്‌ ശീലത്തോടൊപ്പം മിനറല്‍ വാട്ടര്‍/സോഫ്റ്റ്‌ ഡ്രിങ്ക്സ് കുപ്പികളും ഇതിനു കാരണമാകുന്നു. പെട്ടന്ന് തന്നെ ശരീരത്തെ  ലൈംഗിക പക്വതയില്‍ എത്തിക്കുന്ന ഇത്തരം കെമിക്കലുകള്‍ പക്ഷെ അണ്ട -ബീജ ഉത്പാദനത്തെ മന്ദീഭവിപ്പിക്കുന്നു. കുട്ടികാലത്ത് കളിപ്പാട്ടങ്ങളിലൂടെയും  പിന്നീട്  PET ബോട്ടിലുകളുടെയും ഉള്ളില്‍ എത്തുന്ന BPA -ഉം മറ്റു കെമിക്കലുകളും അവരെ വന്ധ്യതയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിക്കുകയാണ്. PET ബോട്ടിലുകളില്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത  കെമിക്കലുകള്‍ക്ക്  പ്രത്യുല്പാദന ഹോര്‍മോണുകളെ ദോഷകരമായി സ്വാധീനിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു.

ഹാര്‍വാര്‍ഡ സ്കൂള്‍ ഓഫ്  പബ്ലിക്‌  ഹെല്‍ത്ത് റിസര്‍ച്ചേഴ്സിന്‍റെ  പഠനങ്ങള്‍ പ്രകാരം ഒരാഴ്ച തുടര്‍ച്ചയായി പോളി കാര്‍ബനെറ്റ്  ബോട്ടിലുകളില്‍ നിന്നും തണുത്ത വെള്ളം ഉപയോഗിച്ചപ്പോള്‍ മൂത്രത്തിലെ BPA -ടെ അളവ് 69 ശതമാനം ആണ് വര്‍ധിച്ചത്. ചൂടുവെള്ളം ആണെങ്കില്‍ ഇതിലും എത്രയോ അധികം ആയിരിക്കും എന്ന് ആലോചിക്കാവുന്നതേയുള്ളൂ .

പ്ലാസ്റ്റിക്‌ ബോട്ടിലുകളിലെ ചൂടുവെള്ളം മാത്രമല്ല വില്ലനാകുന്നത്. ഒറ്റതവണ മാത്രം ഉപയോഗിക്കാന്‍ ഉദേശിച്ചുള്ള  ഈ കുപ്പികളില്‍ വീണ്ടും വീണ്ടും വെള്ളമെടുക്കുന്നത് - തണുത്ത വെള്ളം ആണെങ്കില്‍ പോലും- ദോഷകരം തന്നെയാണ്. ബോട്ടിലുകളില്‍ കാന്‍സറിനു   കാരണം ആകുന്ന ഡി ഈഥയില്‍ ഹൈഡ്രോ ക്സിലാമിന്‍ (DEHA) എന്ന കെമിക്കല്‍ അടങ്ങിയിരിക്കുന്നു. ബോട്ടിലുകള്‍ ആവര്‍ത്തിച്ചു ഉപയോഗിക്കുമ്പോള്‍ ഈ  കെമിക്കലുകള്‍ ആ വെള്ളത്തിലൂടെ നമ്മുടെ ശരീരത്തില്‍  എത്തുന്നു. ഇതുവരെ നടത്തിയിട്ടുള്ള എല്ലാ പരീക്ഷണങ്ങളിലും തന്നെ വീണ്ടും ഉപയോഗിക്കുന്ന ബോട്ടിലുകളിലെ വെള്ളത്തില്‍ DEHA അടങ്ങിയിട്ടുണ്ട്. ബ്രെ സ്റ്റ് , പ്രോസ്റ്റെറ്റ്, ഒവേറിയന്‍  കാന്‍സറുകള്‍ക്ക് വഴിമരുന്നിടുന്ന ഇവ കരളിനെയും പ്രതികൂലമായി ബാധിക്കുന്നു. വന്ധ്യതക്കും DEHA കാരണം ആകുന്നു. ശരീരത്തിന്‍റെ  എന്‍ഡോക്രൈന്‍  വ്യവസ്ഥയാകെ താളം തെറ്റിക്കുവാനും DEHA -ക്ക്   കഴിയും. PET ബോട്ടിലുകള്‍ ആവര്‍ത്തിച്ചു ഉപയോഗിക്കുമ്പോള്‍ BPA പുറപ്പെടുവിക്കാനുള്ള അതിന്‍റെ  കഴിവും കൂടുകയാണെന്ന് മറക്കാതിരിക്കുക.

പ്ലാസ്റ്റിക്  ബോട്ടിലുകളില്‍ വൈന്‍ സൂക്ഷിക്കരുത്‌ എന്ന് പറയാറുണ്ട്‌. അതിന്‍റെ ശാസ്ത്രീയ  വശം കൂടി നോക്കാം. പ്ലാസ്റ്റികില്‍  അടങ്ങിയിരിക്കുന്ന ടെറഫ്താലിക് ആസിഡ് ജലത്തില്‍ ലയിക്കില്ല. എന്നാല്‍ ഇത് ആല്‍കഹോളില്‍ (വൈനില്‍ )വളരെ വേഗം ലയിച്ചു ചേരും. ഇത് ആരോഗ്യത്തിന് ദോഷകരമാണ് . ഇക്കാര്യം ശ്രദ്ധിക്കുന്ന നമ്മള്‍ പക്ഷെ ചൂടുവെള്ളം നിര്‍ദോഷം ആണെന്ന് വിചാരിക്കുന്നു

നിങ്ങളില്‍ അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുകളില്‍ എത്ര പേര്‍ PET ബോട്ടിലുകള്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്നു എന്നും എത്ര പേര്‍ ചൂടേ റ്റു രൂപം മാറിയ ബോട്ടിലുകളില്‍ ഇപ്പോളും വെള്ളം കുടിക്കുന്നു എന്നും മനസ്സില്‍ ഓര്‍ത്തു കൊണ്ട് ശ്രദ്ധിക്കുക ....

1. PET ബോട്ടിലുകള്‍ ആവര്‍ത്തിച്ചു ഉപയോഗിക്കരുത്. അവ ഒരു തവണ മാത്രം ഉപയോഗിക്കാന്‍ ഉദേശിച്ചുള്ളതാണ്.

2. കളിമണ്‍/സ്റ്റീല്‍ പാത്രങ്ങളാണ് ആരോഗ്യകരം. അതിനു കഴിയാത്ത സാഹചര്യങ്ങളില്‍ ഫുഡ്‌ ഗ്രേഡ് ഉള്ള ബോട്ടിലുകളും പാത്രങ്ങളും മാത്രം ഉപയോഗിക്കുക.

3. PET ബോട്ടിലുകള്‍ ഉപേക്ഷിക്കുക. നിങ്ങളുടെ സുഹൃത്തുകളെ അതിനു പ്രേരിപ്പിക്കുക .

4. ഓരോ വര്‍ഷവും ഈ ലോകത്തില്‍ 25 ബില്യന്‍ വാട്ടര്‍ ബോട്ടിലുകള്‍ ഉത്പാദിപ്പിക്കുന്നതില്‍ 80 ശതമാനവും റീസൈകിള്‍ ചെയ്യപ്പെടുന്നില്ല . നമ്മുടെ പ്രകൃതിയോടു നാം ചെയ്തു കൊണ്ടിരിക്കുന്ന മറ്റൊരു ദ്രോഹം .

5. സ്വന്തം ശരീരത്തെ ദ്രോഹിക്കാന്‍ നിങ്ങള്‍ക്ക്  അവകാശം ഉണ്ടെന്നു വാദിക്കാം . എന്നാല്‍ അടുത്ത തലമുറയെയും ഈ പ്രകൃതിയെയും നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല.

Saturday, January 19, 2013

എന്‍്െറ തിരിച്ചറിയാത്ത രേഖ

                                                      Aswini mAdAvAnA
തിരിച്ചറിയാനാകാത്ത എന്‍്െറ തിരിച്ചറിയല്‍ രേഖയുമായി
എന്നെ തിരിച്ചറിയിക്കാന്‍ ഞാന്‍ പോയി.....
നീണ്ട ക്യൂ,,,,,,,,,
എനിക്ക് ടെന്‍ഷന്‍,,,
അവര്‍ക്ക് എന്നെ മനസിലാകുമോ??????
അടുത്തെത്തി,,,,ടെന്‍ഷന്‍...
തിരിച്ചറിയാത്ത രേഖ കൊടുത്തു,,,,
മുഖത്തേക്ക് പോലും നോക്കിയില്ല...
    'നംമ്പേഴ്സ്' നോക്കി...
ഓ കെ പറഞ്ഞുുു.... 

       അപ്പോള്‍ ഇതാണു ഞാന്‍,,
വെറും അക്കങ്ങള്‍.
ഇ ഫോട്ടോ എടുക്കാന്‍ ഇട്ട ഫെയ്സ് ക്രീം   
പുതിയ ചുരിദാര്‍
അതൊക്കെ ഓര്‍ക്കുമ്പോഴാാാ..........

Thursday, January 17, 2013

മരുന്നുകള്‍ സുരക്ഷിതമോ........???

ദില്‍ജിത്ത് സി.ജി


(ഞാന്‍ കുറച്ചു നാളുകളായി കേരളത്തിലെ മരുന്നു വിപണിയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് ഒരു ലേഖനം തയ്യാറാക്കി വരുകയായിരുന്നു. ഈ വിവരങ്ങള്‍ 13.01.2013-ല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ബി.രാജേഷ് കുമാറിന്റെ ലേഖനത്തിലൂടെ പുറത്തുവന്നു. എനിക്കു ലഭിച്ച വിവരങ്ങളില്‍ അതിനോടു ബന്ധപ്പെട്ടവ ഇവിടെ നല്‍കുന്നു.)

വിപണിയിലെത്തുന്ന മരുന്നുകള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തേണ്ട ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. നിലവില്‍ നടക്കുന്ന മരുന്നു പരിശോധനകള്‍ പ്രഹസനം മാത്രമായി മാറുന്നു. പരിശോധനാ സംവിധാനങ്ങള്‍ പരിമിതമായതിനാല്‍ മരുന്നുകള്‍ പൂര്‍ണ്ണമായും വിപണിയില്‍ നിന്നു വിറ്റുപോയതിനു ശേഷം മാത്രമാണ് അവയുടെ പരിശോധനാഫലങ്ങള്‍ പുറത്തുവരുന്നത്. ഈ മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്ന രോഗികള്‍ യഥാര്‍ഥത്തില്‍ മരുന്നു പരീക്ഷണത്തിനാണ് വിധേയരായിക്കൊണ്ടിരിക്കുന്നത്.

ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച പട്ടികയില്‍ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ 116 ഇനം മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്. ഇവയില്‍ 2008-ല്‍ നിര്‍മ്മിച്ച മരുന്നുകള്‍ പോലും ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ പരിശോധനകള്‍ നടത്തി ഫലം പുറത്തുവരുമ്പോള്‍ ഈ മരുന്നുകള്‍ പൂര്‍ണ്ണമായും വിറ്റുതീര്‍ന്നിരിക്കും എന്നതാണ് സത്യം. നിരോധിച്ചവയില്‍ 24-ഇനം മരുന്നുകള്‍ ഗവണ്‍മെന്റ് സംവിധാനങ്ങളിലൂടെ നല്‍കിയവയാണെന്ന് ഈ പട്ടികയിലൂടെ വ്യക്തമാകുന്നു. ഇത്തരത്തില്‍ ഉപയോഗത്തിനു ശേഷം വില്‍പന നിരോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയവയുടെ പട്ടികയില്‍ ജീവന്‍രക്ഷാ മരുന്നുകളും ഉണ്ടെന്നുള്ളത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.

ഹൃദ്രോഗികള്‍ക്കു നല്‍കുന്ന DIL 30, Isosorbide dinitrate , വലിവ്-ആസ്ത്മ എന്നിവയ്ക്കു നല്‍കുന്ന Salbutamol,  അവശ്യ മരുന്നുകളായ Dexametnasone Tab, പ്രമേഹത്തിനുള്ള Glimepride Tab, Glimkap  1, മാനസിക രോഗികള്‍ക്കു നല്‍കുന്ന Olanzapine Tab, Lithium Carbonate Tab, Litholenet 300, രക്തസമ്മര്‍ദ്ദത്തിനു നല്‍കുന്ന Metoprolol Tartrate, Amlodip A.T, Nemlol-A.T, ഹൃദ്രോഗികള്‍ക്ക് രക്തം കട്ടപിടിക്കാതിരിക്കാന്‍ നല്‍കുന്ന Aspirin Tab എന്നിവയുടെ ചില ബാച്ചുകള്‍ കഴിഞ്ഞ വര്‍ഷം നിരോധിച്ച മരുന്നുകളുടെ പട്ടികയില്‍പ്പെടുന്നു.

അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കു നല്‍കുന്ന മരുന്നുകള്‍ പോലും ഗുണനിലവാരമില്ലാത്തവയാണ് എന്നു കണ്ടെത്തുന്നത് ഉപയോഗത്തിനു ശേഷം ഏറെക്കാലം കഴിഞ്ഞാണ്. വിപണിയിലിറങ്ങുന്ന മരുന്നുകളില്‍ വളരെ പരിമിതമായ അളവില്‍ മാത്രമേ പരിശോധനകള്‍ നടത്തപ്പെടുന്നുള്ളു. ഇതിലും എത്രയോ ഏറെയാണ് പരിശോധിക്കപ്പെടാതെ പോകുന്നത് എന്നത് ഞെട്ടലുളവാക്കുന്ന വസ്തുതയാണ്. പരിശോധന നടത്തുന്നവയുടെ കാര്യത്തിലാണെങ്കില്‍ ഫലം യഥാസമയം പുറത്തുവരുന്നുമില്ല.

നിലവിലെ സാഹചര്യത്തില്‍ നാം കഴിച്ചുകൊണ്ടിരിക്കുന്ന ഒരു മരുന്നും ഗുണനിലവാര പരിശോധന നടത്താത്തവയാണ് എന്നതാണ് സത്യം. ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകണമെങ്കില്‍ വര്‍ഷാവര്‍ഷം വിപണിയില്‍ ഇറങ്ങുന്ന മരുന്നുകളുടെ പരിശോധന യഥാസമയം നടത്തി ഫലം പുറത്തു കൊണ്ടുവരേണ്ടതാണ്

Wednesday, January 16, 2013

മറന്നുവോ.......???

                                                                മറന്നുവോ.......???
രാധിക പുന്നാത്തൂര്‍

ജനുവരി 15....ഇന്ത്യന്‍ കരസേനാ ദിനം... ഒരു തരത്തില്‍ സ്വാതന്ത്ര്യ ദിനത്തിന്‍റെ  അത്ര തന്നെ പ്രാധാന്യത്തോടെ ഓരോ ഭാരതീയനും ആഘോഷിക്കേണ്ട ദിനം. ഇന്ത്യന്‍ കരസേന സ്ഥാപിതമയിട്ടു 65 വര്‍ഷങ്ങള്‍ കഴിഞ്ഞു പോയിരിക്കുന്നു.
 (മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തിചക്ര എന്നാ സിനിമയില്‍ മോഹന്‍ലാലിന്‍റെ ഡയലോഗ് കടമെടുത്തുകൊണ്ട് )
     "ക്രിക്കറ്റ് കളി കാണുമ്പോഴും യുദ്ധം വരുമ്പോഴും മാത്രം ഇന്ത്യക്കാരാണെന്ന് പറഞ്ഞു അഭിമാനം കൊള്ളുന്നവരല്ല; ശ്വസിക്കുന്ന ഓരോ ശ്വാസത്തിലും ഇന്ത്യയെന്ന അഭിമാനത്തെ നെഞ്ചോടു ചേര്‍ത്ത്  സൂക്ഷിക്കുന്നവരാണ് ഞങ്ങള്‍ ജവാന്‍മാര്‍." ഈ വാചകങ്ങളെ അന്വര്തമാക്കും  വിധമാണ് നമ്മുടെ ധീര ജവാന്മാര്‍ ഓരോ മിനിട്ടിലും രാഷ്ട്രത്തിന് വേണ്ടി സേവനം ചെയ്യുന്നത്. മുകേഷ് അംബാനി മുതല്‍ തെരുവിലെ പാവപ്പെട്ടവന്‍ വരെ സ്വാതന്ത്ര്യത്തോടെ നിര്‍ഭയരായി നമ്മുടെ നാട്ടില്‍ ജീവിക്കുന്നത് മഞ്ഞോ മഴയൊ വെയിലോ കാര്യമാക്കാതെ അതിര്‍ത്തികളില്‍ ജീവന്‍ പണയം വച്ച് നമ്മുടെ ജീവനും സ്വത്തിനും അവര്‍ കാവല്‍ നില്‍ക്കുന്നത് കൊണ്ടാണ്.
               നീറുന്ന വേദനയും നെഞ്ചിലേറ്റിയാണ് ഇന്ത്യയിലെ ഓരോ മക്കളും ഈ വര്‍ഷത്തെ കരസേനാ ദിനത്തിലൂടെ കടന്നു പോയത്. പാക് അധീന കാശ്മീരില്‍ ബങ്കറുകള്‍  സ്ഥാപിക്കുന്നത് സംബന്ധിച്ചുണ്ടായ  അതിര്‍ത്തി തര്‍ക്കത്തില്‍ ക്രൂരവും പൈശാചികവുമായ രീതിയിലാണ്‌ പാക്കിസ്ഥാന്‍ സൈന്യം നമ്മുടെ രണ്ടു ജവാന്മാരെ കൊലപ്പെടുത്തിയത്. എന്നിട്ടും മതിവരാതെ മൃതശരീരങ്ങള്‍ വികൃതമാക്കുകയും  ഒരു ജവാന്‍റെ  തല അറുത്തെടുക്കുകയും ചെയ്തു. കരസേനാ മേധാവി ജനറല്‍  ബിക്രം സിംഗിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 13 വര്‍ഷങ്ങള്‍ക്കുള്ളില്‍ 4 ഇന്ത്യന്‍ ജവാന്മാരുടെ തലകളാണ് പാകിസ്താന്‍ നിഷ്ക്രൂരമായി  വെട്ടിമാട്ടിയത്.
           ഭാരതാംബക്ക് വേണ്ടി അവസാന ശ്വാസം  വരെ പൊരുതാന്‍ തന്‍റെ  മകനെ അയച്ച ആ ജവാന്‍റെ  അമ്മക്ക്  ചേതനയറ്റ മകന്‍റെ മുഖം അവസാനമായൊന്നു  കാണാനുള്ള  ഭാഗ്യം പോലും ഇല്ലാതായ അവസ്ഥയാണിപ്പോള്‍. പാക്കിസ്ഥാന്‍ സൈന്യം അറുത്തെടുത്ത മകന്‍റെ ശിരസ്സ്‌ തിരിച്ചു കിട്ടുന്നതിനു വേണ്ടി നിരാഹാര സമരത്തിന്‌ ഒരുങ്ങേണ്ടി വന്നു ആ പാവം അമ്മയ്ക്ക് ......!!!!! ജീവനറ്റ ശരീരത്തോട്  പോലും ഒരിറ്റു ദയവു കട്ടന്‍ തുനിയാത്ത പാക്കിസ്ഥാന്‍ സൈന്യം ആ ശിരസ്സ്‌ മടക്കി കൊദുക്കുമെന്നതു ആ അമ്മയുടെ വെറും മിഥ്യാ ധാരണ മാത്രമാണ്.
    വെടി നിര്‍ത്തല്‍  കരാര്‍  ലംഘിച്ചു കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയില്‍ വെടിയുതിര്‍ത്ത പാക്കിസ്ഥാനെതിരെ ശക്തമായ ഭാഷയില്‍ തന്നെ പ്രതികരിക്കുമ്പോഴും  പാക്കിസ്ഥാന്‍ വഞ്ചന കാണിച്ചിട്ടില്ലെന്നു പറയുന്ന കേന്ദ്ര മന്ത്രി മുല്ലപ്പിള്ളി രാമചന്ദ്രന്‍റെ  പ്രസ്താവന തികച്ചും അപലപനീയം മാത്രമാണ്. വയോധികനായ ഒരു പട്ടാളക്കാരന്‍ രാഹുല്‍ ഗാന്ധിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ജവാന്റെ തല തിരിച്ചു കിട്ടിയേ പറ്റൂ എന്നപേക്ഷിച്ചു.
ഇനിയും ആക്ക്രമണം തുടര്‍ന്നാല്‍ തിരിച്ചും ആക്ക്രമിക്കുമെന്നു പറയുന്ന ഇന്ത്യന്‍ ഭരണകൂടം നഷ്ടപ്പെട്ട ആ ശിരസ്സു തിരികെ ലഭിക്കാന്‍ ഇത് വരെ എന്ത് നടപടിയാണ് സ്വീകരിച്ചത്...? ദിനരാത്രങ്ങളെണ്ണാ  രാഷ്ട്രത്തെ സേവിച്ചതിന് ശരിക്കും ഈ നീതിയാണോ നമ്മുടെ ധീര രക്തസാക്ഷികള്‍ക്ക് ലഭിക്കേണ്ടത്..???



Tuesday, January 15, 2013

ആഷ  രാജു 

ജേര്‍ണലിസം എന്താണെന്നു എല്ലാവരും ഒത്തിരി പറയുന്നു... ഞാനും കുറെ ആലോചിച്ചു.. വേട്ടയാടപ്പെടുന്നവരോടൊപ്പം ഓടുന്നതാണോ..? അതോ വേട്ടയാടുന്നവരെ ഇന്റര്‍വ്യൂ ചെയ്യുന്നതാണോ..? അവസാനം തീരുമാനിച്ചു.. ഇരയോടൊപ്പം ഓടുന്നതിനൊപ്പം തിരിഞ്ഞു നിന്ന്  വേ ട്ടയാടുന്നവനെ ഇന്റര്‍വ്യൂ ചെയ്യുക. ഒപ്പം സ്വയം വേട്ടയാടപ്പെടാതെയും നോക്കുക.

Monday, January 14, 2013

സുകുമാര്‍ അഴീക്കോടിന്റെ ആത്മകഥയെക്കുറിച്ച് സ്പീക്കറുടെ വാക്കുകള്‍

പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, അധ്യാപകന്‍, ഗവേഷകന്‍, പത്രാധിപര്‍, ഗാന്ധിയന്‍, സാഹിത്യ-സാമൂഹ്യ-സാംസ്കാരിക വിമര്‍ശകന്‍ എന്നീ നിലകളില്‍ തിളങ്ങിനിന്ന സുകുമാര്‍ അഴീക്കോട് നമ്മെ വിട്ടുപിരിഞ്ഞിട്ട് 2013 ജനുവരി 24-ന് ഒരു വര്‍ഷം തികയുന്നു. ഈ അവസരത്തില്‍ സുകുമാര്‍ അഴീക്കോടിന്റെ ആത്മകഥയുടെ സമ്പൂര്‍ണ്ണ പതിപ്പ് പ്രകാശനം ചെയ്യുകയുണ്ടായി.


പുസ്തകപ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട് കേരള നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ നടത്തിയ പ്രസംഗം. 
(14/01/2013, പ്രസ്ക്ളബ്, കോട്ടയം)

അഴീക്കോടിന്റെ ആത്മകഥ

മഹാത്മജിയെ കണ്ട അത്ഭുതാദരങ്ങളോടെയാണ് അഴീക്കോട് തന്റെ ആത്മകഥ ആരംഭിക്കുന്നത്. ആ സമയത്ത് അദ്ദേഹത്തിലുണ്ടായ മാറ്റങ്ങള്‍ അദ്ദേഹത്തിന് അന്നു മനസ്സിലായില്ലെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിന് നവജന്‍മം ലഭിച്ചത് ഈ ദര്‍ശനത്തില്‍ നിന്നായിരുന്നു എന്നദ്ദേഹം ഓര്‍ക്കുന്നു. ഗാന്ധിജിയുടെ ദര്‍ശനത്തില്‍നിന്നും ലഭിച്ച ഊര്‍ജ്ജത്തില്‍നിന്നും ഒരിക്കലും അദ്ദേഹം പിന്തിരിഞ്ഞിട്ടില്ല എന്ന് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. തികഞ്ഞ ഗാന്ധിയനായിരുന്നു അദ്ദേഹം. തന്റെ ഓരോ ചലനത്തിലും അതദ്ദേഹം തെളിയിച്ചു. സമൂഹത്തിലെ അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ഗാന്ധിയന്‍ രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്.

സമൂഹത്തിലെ തിരുത്തല്‍ ശക്തിയായിരുന്നു സുകുമാര്‍ അഴീക്കോട്. സമുഹത്തിലെ എല്ലാ പ്രശ്നങ്ങളിലും വ്യക്തമായ അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ വ്യക്തത നിറഞ്ഞ സമീപനം തന്നെയാണ് അദ്ദേഹത്തിന്റെ ആത്മകഥയെ ശ്രദ്ധേയമാക്കുന്നതും.

ആത്മകഥയില്‍ സാധാരണ ഏറ്റവുമധികം കടന്നുവന്നത് 'ഞാന്‍' എന്ന അഹം ബോധമാണ്. 'ഞാനാണ് ഇതൊക്കെ ചെയ്തത്' എന്ന അഹംഭാവം ആര്‍ക്കാണോ ഇല്ലാത്തത്, അവനാണ് യഥാര്‍ഥ ജ്ഞാനി എന്നാണ് ഭഗവത്ഗീത പറയുന്നത്. കര്‍മ്മം ചെയ്യുക. അതിന് പ്രതിഫലം ഇച്ഛിക്കാതിരിക്കുക. നിഷ്കാമ കര്‍മ്മത്തിലൂടെ സമൂഹസേവനം നടത്തിയ സന്യാസിയായിരുന്നു അദ്ദേഹം. സന്യാസം എന്ന വാക്കിന്റെയും പ്രവര്‍ത്തിയുടെയും യഥാര്‍ഥ അര്‍ഥം അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്. 'എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം' എന്ന ഗാന്ധിജിയുടെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം. തന്റെ മുന്നില്‍ കാണുന്ന സകല അനീതികളെയും കണ്ണടച്ച് എതിര്‍ത്തിരുന്നു അഴീക്കോട്. അപ്പോഴെല്ലാം അദ്ദേഹം മനസ്സില്‍ സൂക്ഷിച്ചത് വൈരാഗ്യമല്ല. സ്നേഹമാണ്. ഒരു പ്രശ്നത്തെ എതിര്‍ക്കുമ്പോള്‍, അത് നശിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമല്ല. അത് നന്നാക്കിയെടുക്കുക എന്നതാണദ്ദേഹത്തിന്റെ ലക്ഷ്യം. തന്റെ കര്‍മ്മങ്ങളില്‍ അദ്ദേഹം ഈ സൌമ്യതയും സ്നേഹവും കാത്തുവെച്ചു, അവസാനം വരെ. 85-)ം വയസ്സിലും അദ്ദേഹം കേരളം മുഴുവനും ഓടിനടന്നു പ്രസംഗിച്ചു. കഴിയുന്നിടത്തോളം എഴുതി. അതൊരു പൂര്‍ണ്ണ ജീവിതമായി അവസാനിക്കണം എന്നദ്ദേഹത്തിന് ആത്മാര്‍ഥമായ ആഗ്രഹവുമുണ്ടായിരുന്നു. എല്ലാം ഒരു നിയോഗം പോലെ അദ്ദേഹം ജീവിതത്തില്‍ അനുഭവിച്ചു. ആത്മകഥ അവസാനിപ്പിക്കുന്നത്, ടാഗേറിന്റെ പ്രശസ്തമായ വരികളിലാണ്. ടാഗോറിന്റെ 'നിരുപമവും നിരതിശയനീയ'വുമായ വാക്കുകളില്‍ തന്റെ അന്ത്യാഭിവാദ്യം അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു.

'ഞാന്‍ ഇക്കണ്ടത് നിസ്തുലമാണെന്നതായിരിക്കട്ടെ,
ഇവിടം വിട്ടു പോകുമ്പോള്‍ എന്റെ നിയോഗ വാക്യം'

'പ്രഭാസാഗരത്തില്‍ വിരിയുന്ന ഈ താമരപ്പൂവിലെ
തേന്‍ ഞാന്‍ നുകര്‍ന്നുവെന്നും അങ്ങനെ എന്റെ
ജന്മം അനുഗ്രഹിക്കപ്പെട്ടുവെന്നും ആയിരിക്കട്ടെ
എന്റെ യാത്രാമൊഴി'

ഈ യാത്രാമൊഴി അന്വര്‍ത്ഥമാക്കിയതായിരുന്നു അഴീക്കോടിന്റെ 85 വര്‍ഷത്തെ ജീവിതം എന്നത് ഈ ആത്മകഥയിലൂടെ സഞ്ചരിക്കുന്ന ആരും സമ്മതിക്കും. തന്റെ മറ്റ് പുസ്തകങ്ങള്‍പോലെ ഇതും ഒരു സാഹിത്യ പഠനഗ്രന്ഥമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ഒരു ആത്മകഥ എന്നതിലുപരി, ഇതൊരു സാഹിത്യഗ്രന്ഥം തന്നെയാകുന്നത് അതിനാലാണ്. തന്റെ ജീവിതകഥ എന്നതിലുമേറെ, ഇതൊരു സാഹിത്യ ചരിത്രഗ്രന്ഥമാകുന്നു. സാഹിത്യ-സാംസ്കാരിക-സാമൂഹിക-ചരിത്ര രചനയ്ക്ക് ഇതൊരു മുതല്‍ക്കൂട്ടാവുകയും ചെയ്യുന്നു.

താന്‍ ജീവിച്ചിരുന്ന സമൂഹത്തെ തന്റെ സംവാദങ്ങള്‍ കൊണ്ട് ഉണര്‍ത്തിയ ബഹുമുഖ പ്രതിഭയാണ് സുകുമാര്‍ അഴീക്കോട്. എഴുത്തുകാരന്‍, വിമര്‍ശകന്‍, പ്രാസംഗികന്‍ എന്നീ നിലകളില്‍ കേരളത്തിന്റെ ശബ്ദമായി മാറി അദ്ദേഹം. ഓരോ രചനയിലും ഓരോ പ്രസംഗത്തിലും നൂതനമായ ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. വിമര്‍ശിക്കുമ്പോഴും പ്രശംസിക്കുമ്പോഴും അദ്ദേഹത്തിന്റെ ഭാഷ ശക്തമാണ്. ഉപയോഗിക്കുന്ന ഓരോ വാക്കും എത്രത്തോളം ശക്തമായിരിക്കണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ശക്തി ഒരിക്കലും ക്ഷയിക്കാത്ത കരുത്തനായിരുന്നു അദ്ദേഹം. ആരേഗ്യം കുറയുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിന്റെ ശക്തി കുറയുന്നുണ്ടായിരുന്നില്ല. ശരീരം സഞ്ചരിക്കാന്‍ മടിക്കുമ്പോഴും മനസ്സ് സഞ്ചരിച്ചിരുന്നു. മനസ്സിന്റെ ഈ ചലനം നാം അവസാനം വരെ അനുഭവിക്കുകയും ചെയ്തു. ആത്മകഥയിലെ 'യാത്രാമെഴി' വായിക്കുമ്പോള്‍ നാം അതാണ് തിരിച്ചറിയുന്നത്. തികച്ചും ഗാന്ധിയനായ അദ്ദേഹം ഗാന്ധിതത്വങ്ങളില്‍ നിന്നും ഒരിക്കലും വ്യതിചലിച്ചിരുന്നില്ല  എന്ന് നമ്മള്‍ക്ക് ആത്മകഥയിലൂടെ മനസ്സിലാക്കാം. വായനയിലൂടെയും പഠനത്തിലൂടെയും അദ്ദേഹം നേടിയ അതിവിപുലമായ അറിവ് അദ്ദേഹത്തെ കൂടുതല്‍ വിനയാന്വിതനാക്കുകയായിരുന്നൂ. ഉദ്യോഗസ്ഥനായും സാഹിത്യകാരനായും തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രയാണം, നമ്മെ എപ്പോഴും ആവേശം കൊള്ളിക്കുന്നതായിരുന്നു.

അഴീക്കോടിന്റെ വാക്കുകള്‍ രചനയിലായാലും പ്രസംഗത്തിലായാലും കേരളം ശ്രവിച്ചിരുന്നത് വളരെ ശ്രദ്ധയോടെയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. ഈ ശ്രദ്ധ വേണം, ഈ ആത്മകഥയിലൂടെ സഞ്ചരിക്കുമ്പോഴും ഓരോ സംഭവവും, ഓരോ അഭിപ്രായങ്ങളും അദ്ദേഹം വിവരിക്കുന്നതിലെ മനോഹാരിത എത്രയും ആകര്‍ഷകമാണ്. ആ സംഭവങ്ങളോടൊപ്പം അഭിപ്രായങ്ങളോടൊപ്പം നാം സഞ്ചരിക്കുകയാണ്.

ആരേയും മനഃപുര്‍വ്വം കുറ്റപ്പെടുത്താനോ, വിമര്‍ശിക്കാനോ അദ്ദേഹം ഇവിടെ ശ്രമിക്കുന്നില്ല. തനിക്കു ജീവിതത്തില്‍ വന്നുചേര്‍ന്ന ജയപരാജയങ്ങള്‍, തന്റേതുമാത്രമായ 'ഗതി'യാണെന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. ആരുടെയും ജീവിതം മറ്റൊരാളുടെ ജീവിതത്തെ ബാധിക്കുന്നില്ലെന്ന സത്യം മനസ്സിലാക്കാത്തവരുടെ ഇടയില്‍ അഴീക്കോട് അത്ഭുതമാകുന്നത് ഇതിനാലാണ്. തനിക്ക് അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങള്‍ കിട്ടിയില്ല എന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നുവെങ്കിലും അതൊരിക്കലും അദ്ദേഹത്തെ അസ്വസ്ഥനാക്കിയില്ല. സ്ഥാനം ഏറ്റെടുക്കുമ്പോഴും സ്ഥാനം ഒഴിയുമ്പോഴും അദ്ദേഹം ഒരേ രീതിയില്‍ തന്നെയായിരുന്നു. അയ്യപ്പ പണിക്കരുടെ ഒരു പദ്യ ശകലമാണ് അദ്ദേഹം ഉദ്ധരിക്കുന്നത്. 'ഇതൊക്കെ വന്നും പോയും കൊണ്ടിരിക്കും....'

ഒരു ആത്മകഥയുടെ പരിമിതിയില്‍ ഒതുങ്ങാത്ത ആത്മകഥയാണ് അഴീക്കോടിന്റേത്. അദ്ദേഹത്തിന്റെ സാഹിത്യ ചിന്തകളും വിമര്‍ശനങ്ങളും എല്ലാംകൊണ്ട് സമ്പന്നമാണ് ഈ കൃതി. തന്റെ മറ്റെല്ലാ കൃതികളെയും പോലെ ഈ രചനയും വേറിട്ടുനില്‍ക്കുന്നത് അതുകൊണ്ടാണ്. 'തത്ത്വമസി' എഴുതുന്നതിലെ 'മനനം' തന്നെയാണ് ആത്മകഥ എഴുതുമ്പോഴും.

നമ്മള്‍ കാത്തിരുന്നത് അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു. പ്രസംഗത്തിലൂടെയും രചനകളിലൂടെയും അദ്ദേഹം അവ നമുക്ക് നല്‍കി. മലയാള സാഹിത്യത്തിലെയും കേരളീയ സമൂഹത്തിലെയും സങ്കീര്‍ണ്ണമായ ഒരു സാംസ്കാരിക സന്ദര്‍ഭത്തിന്റെ ഏറ്റവും ജീവസ്സുറ്റ വിമര്‍ശകനായി, സാഹിത്യ വിമര്‍ശകനായി, സാമൂഹ്യ വിമര്‍ശകനും സാംസാകാരിക വിമര്‍ശകനായി പുതിയ മാനങ്ങള്‍ സൃഷ്ടിച്ചു സുകുമാര്‍ അഴീക്കോട്. ഈ സാംസ്കാരിക വിമര്‍ശനമാണ് തന്റെ ആത്മകഥയിലും അദ്ദേഹം നടത്തിയിരിക്കുന്നത്. തന്റെ ജീവിതവും തന്റേതായ വിമര്‍ശന മനസ്സോടെ അദ്ദേഹം നോക്കിക്കാണുകയായിരുന്നു.

'സാംസ്കാരിക നായകന്‍' എന്നു ധാരാളം പേരെ വിളിക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സാംസ്കാരിക നായകന്‍ എന്ന പേരിന് അര്‍ഹതയുണ്ടായിരുന്ന ആളാണ് അഴീക്കോട്. അനിഷേധ്യനായ സാംസ്കാരിക നായകനും കരുത്തനായ സാഹിത്യകാരനുമായിരുന്നു അദ്ദേഹം. അധ്യാപകനായും പ്രഭാഷകനായും, ഉദ്യോഗസ്ഥനായും തിളങ്ങിയ അമൂല്യ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. ആ ശബ്ദവും അക്ഷരങ്ങളും ഒരിക്കലും മലയാളത്തില്‍ നിന്നും മറയുകയില്ല. അവ എന്നും സമൂഹത്തിനു നേര്‍വഴി കാണിച്ചുകൊണ്ടിരിക്കും.

ജീവിതകാലം മൂഴുവന്‍ ലോകത്തോട് 'സംവാദാത്മകത' പുലര്‍ത്തിയ മഹാമനുഷ്യനായിരുന്നു സുകുമാര്‍ അഴീക്കോട്. സംവാദമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം എന്നു പറയാം. സാഹിത്യത്തിലും സമൂഹത്തിലും ജീവിതത്തിലും നടത്തിയ ഈ സംവാദങ്ങളുടെ നിറഞ്ഞ  ചരിത്രമാണ് ഈ ആത്മകഥ. ലളിതമായ ജീവിതം കൊണ്ടും ഉയര്‍ന്ന ചിന്തകൊണ്ടും മൌലികമായ ദര്‍ശനം കൊണ്ടും നമ്മില്‍ നിന്നെല്ലാം ഉയര്‍ന്നു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. 'കേരളത്തിന്റെ ഗുരുനാഥന്‍' എന്ന് നാം കെ.പി കേശവമേനോനെ വിശേഷിപ്പിക്കാറുണ്ട്. 'കേരളത്തിന്റെ ആചാര്യന്‍' എന്ന് അഴീക്കോടിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.                                                                               

Sunday, January 13, 2013

ആഷ രാജു

ഇന്ത്യന്‍ സ്ത്രീത്വത്തിനു ഇത് പീഡനപര്‍വ്വം. ഒപ്പം തലയുയര്‍ത്തി നടക്കാനുള്ള അവകാശത്തിനു  വേണ്ടിയുള്ള പോരാട്ടത്തിന്റെയും. 'എന്തുണ്ട് വിശേഷം ?' എന്ന  നിസ്സാര ചോദ്യത്തിന് 'ഇന്ന് എനിക്ക് ആരുടെയും പീഡനത്തിന് ഇരയാകേണ്ടി വന്നില്ല (?) ' എന്ന് മറുപടി പറയേണ്ട കാലം.

Saturday, January 12, 2013

ജേര്‍ണലിസം 'ജീര്‍ണലിസം'  ആകുന്നുവോ ..?
ആഷ  രാജു


നമ്മുടെ മാധ്യമങ്ങള്‍ എന്തിനിത്ര നെഗറ്റിവ് ആകുന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അഴിമതി, അക്രമം, മാനഭംഗം, പീഡനം, കൊലപാതകം, അപകടം ഏവ കൊണ്ട് മാത്രം മുന്‍ പേജു  നിറയ്ക്കണമെന്നു എന്തോ വാശി  ഉള്ളത് പോലെയാണ് തോന്നുന്നത്.. രാവിലെ പത്രം എടുത്തു നോക്കുമ്പോള്‍ കാണുന്നത് മനം മടുപ്പിക്കുന്ന ഇത്തരം വാര്‍ത്തകള്‍ മാത്രം. പോസിറ്റിവ് എനെര്‍ജി നല്‍കുന്ന വാര്‍ത്തകള്‍ മിക്കപ്പോഴും ഉള്‍പേജുകളിലെ ശ്രദ്ധിക്കപ്പെടാത്ത ഭാഗങ്ങളിലേക്ക് ഒതുക്കപ്പെടുന്നു.. നമ്മള്‍ മാത്രം എന്താണ് ഇങ്ങനെ പിന്നോക്കം മാറുന്നത്..?
 

ഏതൊരു മനുഷ്യനും ക്രൈo   സ്റ്റോറികള്‍  വായിക്കാന്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു താല്പര്യം ഉണ്ട്.. അതിനെ മാധ്യമങ്ങള്‍ ചൂഷണം ചെയ്യുകയാണ് എന്നാണ് വാദം . ഒരു സമൂഹത്തിന്റെ അഭിപ്രായരൂപവല്കരണത്തില്‍ വലിയ പങ്കു വഹിക്കുന്ന മാധ്യമങ്ങള്‍ക്ക് എന്തുകൊണ്ട് പോസിറ്റിവ് വാര്‍ത്തകള്‍ക്കു പ്രാമുഖ്യം നല്കാന്‍ സാധിക്കുന്നില്ല? ഒരു കൊലപാതകിക്കു ലഭിക്കുന്ന പരിഗണന പോലും വര്‍ഷങ്ങളോളം ഗവേഷണം ചെയ്തു നൊബേല്‍  സമ്മാനം നേടുന്ന ഒരു ശാസ്ത്രജ്ഞന് നമ്മുടെ പത്രങ്ങള്‍ നല്‍കുന്നില്ല.. ഒരു മാറ്റത്തിനു  തുടക്കമിടാന്‍ ഒരു മുന്‍നിര മാധ്യമവും മുന്നോട്ടു വരാത്തത് ഖേദകരം തന്നെ..

നമ്മുടെ നാട്ടില്‍ പോസിറ്റിവ്  വാര്‍ത്തകള്‍ കുറവായിട്ടാണോ ..? ഇന്ത്യയില്‍ ഏറ്റവുമധികം സാക്ഷരതയുള്ള.. മിക്ക സംസ്ഥാനങ്ങളെയും അപേക്ഷിച്ച് അഴിമതി കുറവുള്ള.. ജാതിവ്യത്യാസം  കുറവുള്ള.. ഏറെക്കുറെ  തുറന്നു ഇടപെടുന്ന, ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന രാഷ്ട്രീയക്കാരുള്ള, നല്ല കാലാവസ്ഥയുള്ള.. ഈ കൊച്ചു കേരളത്തില്‍  പോസിറ്റിവ് വാര്‍ത്തകള്‍  കുറവാണെന്ന് പറയുന്നത് അസംബന്ധം ആയിരിക്കും. ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍പാലം  നമ്മുടെ കൊച്ചിയില്‍ പണി തീര്‍ത്തത് വെറും 28 മാസം കൊണ്ടാണെന്ന് പ്രധാന്യത്തോടെ എത്ര പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു? ഭീതി വളര്‍ത്തുന്ന രീതിയില്‍ ഇടയ്ക്ക് ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെ ടും... മുല്ലപ്പെ രിയാര്‍ പൊട്ടീ.. പൊട്ടിയില്ല.. പൊട്ടി.. പൊട്ടിയില്ല... ന്യുട്രിനോ  വരുന്നു.. ഒരാഴ്ച ആഘോഷമാണ്.. അതോടെ കഴിഞ്ഞു.. പിന്നെ അനക്കം    ഒന്നുമില്ല..

അടുത്ത ദിവസങ്ങളില്‍ സ്കൂള്‍ ശാസ്ത്ര മേള തുടങ്ങുകയാണ്.. ഓരോ വര്‍ഷവും വിസ്മയിപ്പിക്കുന്ന കണ്ടുപിടുത്തങ്ങളുമായി കുട്ടികള്‍ എത്തുന്നു.. സമ്മാനങ്ങളു മായി  സ്ഥലം വിടുന്നു. മാലിന്യസംസ്കരണം പോലെ പ്രയോജനകരമായ നിരവധി കണ്ടുപിടുത്തങ്ങളെ  കുറിച്ച് ഓരോ വര്‍ഷവും വായിക്കുന്നു.. എന്നാല്‍ ഈ പ്രതിഭകള്‍ പിന്നീട്   എവിടെ പോകുന്നു..? ആലോചിച്ചിട്ടുണ്ടോ..? അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി ഇത്തരം കണ്ടുപിടുതങ്ങളെയും ഉപകരണങ്ങളെയും പ്രോത്സാഹിപ്പിക്കാന്‍ നമ്മുടെ ഭരണകൂടങ്ങളും അലംഭാവം കാണിക്കുന്നു..

ഈ പറഞ്ഞതിനൊന്നും  പത്രങ്ങളില്‍ നെഗറ്റിവ് വാര്‍ത്തകള്‍ മാത്രമേ ഉള്ളു എന്ന് അര്‍ത്ഥമില്ല. പോസിറ്റിവും ഉണ്ട്. എന്നാല്‍ അവ കണ്ടുപിടിച്ചു വായിക്കാനാണ്  ബുദ്ധിമുട്ട്. മുന്‍ രാഷ്‌ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാം  ഒരിക്കല്‍ ഒരു പ്രസംഗത്തിനിടയില്‍ ഒരു ഇസ്രയേല്‍ പത്രത്തിന്റെ കാര്യം പറഞ്ഞു. നിരവധി ആളുകള്‍ കൊല്ലപ്പെട്ട ഒരു ഹമാസ് ആക്രമണത്തിന് പിറ്റേ ദിവസത്തെ പത്രം. അതിന്റെ ഒന്നാം പേജില്‍ ഒരു കര്‍ഷകന്റെ അനുഭവമാണ്‌ നല്‍കിയിരിക്കുന്നത്.. അഞ്ചു വര്‍ഷത്തെ നിരന്തര പരിശ്രമം കൊണ്ട് മരുപ്രദേശം പോലെ കിടന്നിരുന്ന തന്റെ സ്ഥലം  ഒന്നാംതരം ഒരു കൃഷിയിടം ആക്കിയെടുത്ത വിജയകഥ. ആക്രമണ വാര്‍ത്തക്ക് സ്ഥാനം അകത്തെ പേജില്‍ മാത്രം. നമ്മുടെ പത്രങ്ങളില്‍ നിന്ന് ഇങ്ങനെയൊന്നു പ്രതീക്ഷിക്കാമോ ..? വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപെട്ടു. എത്രയോ ആളുകള്‍ കൊല്ലപ്പെട്ടു .. എന്നാല്‍ കുറച്ചു പനിനീര്‍പ്പൂക്കളും  മെഴുകു തിരികളും അല്ലാതെ മറ്റെന്തെങ്കിലും ചിത്രം പുറത്തു വന്നോ..? അവിടെ പത്രങ്ങള്‍ നടത്തുന്നതും വായിക്കുന്നതും മനുഷ്യര്‍ തന്നെയല്ലേ.. അപ്പോള്‍ ഇത് മനുഷ്യന്റെ മനസ്സിന്റെ ഉള്ളില്‍ ഉറങ്ങി കിടക്കുന്ന താല്പര്യത്തെ കുലുക്കി എഴുന്നേല്പ്പിക്കാനുള്ള ശ്രമം അല്ലാ. വായനക്കാര്‍ക്ക്‌ നെഗറ്റിവ്  വാര്‍ത്തകളാണ് വേണ്ടത് എന്ന് തീരുമാനിച്ചു നിര്‍ബന്ധപൂര്‍വം അടിച്ചേ ല്പിക്കുകയാണ്. വിദേശ സംസ്കാരത്തിന്റെ തെറ്റുകുറ്റങ്ങള്‍ ജീവിതത്തിലേക്ക് പകര്‍ത്തുന്ന നമ്മള്‍ നല്ല വശം   കണ്ടില്ലെന്നു നടിക്കുന്നു.

ചുരുക്കം ചില ഇംഗ്ലീഷ് പത്രങ്ങള്‍ മുന്‍പേജില്‍ ഒരു പോസിറ്റിവ് വാര്‍ത്തക്ക്  ഇടം കണ്ടെത്തുന്നു എന്നത് ആശ്വാസം തന്നെ. എല്ലാ ദിവസവും ഒരേ പൊസിഷനില്‍   തന്നെ നല്‍കാന്‍ ശ്രമിക്കുന്നതും നന്നായി.. അത് വായിച്ചു തന്നെ ആരംഭിക്കാമല്ലോ  ദിവസം. ഹര്‍ത്താലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടെന്ന് മാധ്യമങ്ങള്‍ തീരുമാനിച്ചതായി അറിഞ്ഞു. വൈകിയാണെങ്കിലും വളരെ നല്ല തീരുമാനം തന്നെ. അതുപോലെ ഒരിക്കല്‍ ഈ രാഷ്ട്രീയ വാര്‍ത്തകള്‍ക്ക് ലഭിക്കുന്ന അമിത പ്രാധാന്യവും ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കാം.

എക്സ്ട്രാ  ---- ദുഷിപ്പു നിറഞ്ഞ വാര്‍ത്തകള്‍ വായിച്ചു മനസ്സ് മടുത്തപ്പോഴാണ്  കായികം പേജില്‍ തുടങ്ങാം എന്ന് തീരുമാനിച്ചത്. ഇടിവെട്ടിയവനെ പാമ്പും കടിച്ചു തലയില്‍  തേങ്ങയും വീണെന്ന് പറഞ്ഞത് പോലെ ദാ വരുന്നൂ... ഒത്തുകളി...

Wednesday, January 9, 2013

ഹായ്..

രാജ്യത്തിന്റെ ധീരപുത്രി


മുഹമ്മദ് ഷാമോന്‍
              
     
ഒരു വ്യക്തിയുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു- 'ഞാനൊരു സ്ത്രീയാണ്, പൂര്‍ണ്ണനഗ്നയായി തെരുവിലൂടെ നടക്കുന്നു.. എന്നാല്‍ എന്നെ പീഡിപ്പിക്കാനുള്ള അധികാരം നിങ്ങള്‍ക്കില്ല....'

                                                 അതിക്രൂരമായ ബലാല്‍സംഘത്തിനും കിരാതമായ അക്രമണത്തിനും  ഇരയാകേണ്ടി വന്ന 'ആ പെണ്‍കുട്ടി' മരണമടഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത പേരറിയാത്ത അവള്‍ക്കായി ഒരു ജനത ഒന്നടങ്കം തേങ്ങി. രാജ്യം അതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കുമാണ് ഈ സംഭവം  വഴിവച്ചത്. രാഷ്ട്രപതിഭവനു മുന്‍പില്‍ ഒരു രാജ്യത്തിന്റെ യുവത്വം തങ്ങളുടെ മാനത്തിനും ജീവനും വേണ്ടി പോരാടിയ ദിനങ്ങള്‍. ആശ്വസിപ്പിക്കാനോ ശാന്തമാക്കാനോ അറിയാതെ പ്രതിസന്ധിയിലായ ഭരണകര്‍ത്താക്കള്‍. ഒരു വലിയ ജനാധ്യപത്യ രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ ഒരു സ്ത്രീക്ക് സുരക്ഷിതത്വം നല്‍കാന്‍ പോലും കഴിയാത്ത സര്‍ക്കാരോ.? ചോദ്യങ്ങളും ഉത്തരങ്ങളും പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു. ഉറങ്ങിയിരുന്നവര്‍ ഉണര്‍ന്നു, ഉണര്‍ന്നിരുന്നവര്‍ വീണ്ടും ശബ്ദിച്ചു. എന്നാല്‍ മറ്റു ചിലര്‍ ഉറക്കം നടിച്ചു പിന്നീട് അവര്‍ പറഞ്ഞതോ ചില അസംബന്ധങ്ങള്‍..
                        സ്വാതന്ത്യം ലഭിച്ചിട്ട് അരനൂറ്റാണ്ടിലേറെയായ ഒരു രാജ്യം. അതിന്റെ വിപ്ളവ വീര്യം ഇപ്പോഴും നെഞ്ചിലേറ്റുന്ന ജനത. അതിലേറെയായി സാംസ്കാരിക സമ്പന്നമായ ജനതയെന്ന് സ്വയം അഹങ്കരിക്കുന്നു. തങ്ങളുടെ സംസ്കാരവും ജീവിതവും കണ്ടു പഠിക്കുവാനായി   'ഇന്‍ക്രഡിബിള്‍ ഇന്ത്യ'യിലേക്ക് വിദേശികളെ സ്വഗതം ചെയ്യുന്നവര്‍. പശ്ചാത്യ സംസ്കാരത്തെയും ജനതെയും പുച്ഛത്തോടെ വീക്ഷിക്കുന്നു. കുറച്ചുനാളുകളായി സ്വയം പുച്ഛിക്കാനായി മടിക്കുന്നു. എന്താണ് തങ്ങള്‍ക്ക് സംഭവിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതെ പോകുന്നു...!
                                                
                                                      പീഡനം നടന്നത് ഭാരത്തിലാണ് ഇന്ത്യയിലല്ല, പരിഷ്കാരികളും പശ്ചാത്യരെ ആനുകരിക്കുന്നവരുമുള്ള ഇന്ത്യയില്‍. രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക സംഘടന എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘടനാതലവന്റെ വാക്കുകളാണിത്. പാശ്ചാത്യ സംസ്കാരത്തിന്റെ ഉള്ളടക്കം പീഡനവും ബലാല്‍സംഘവുമാണെന്ന് ആരാണ് പറഞ്ഞത്...? അതോ അവര്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സ്വാതന്ത്യത്തിലും അവകാശത്തിലും അസൂയമൂത്ത് പറഞ്ഞുപരത്തുന്നതോ..? അതല്ല വിദേശ വനിതകളെ കണ്ട്് പഠിച്ചാല്‍ അടുക്കളക്കുള്ളില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമെന്ന ഭയമോ, സ്തീയുടെ ശമ്പളത്തില്‍ നിന്ന് പങ്കുപറ്റിയാല്‍ അത് അഭിമാന കുറവാകുമെന്ന തോന്നലോ..? കാര്‍ണ്ണവന്മാരിലാരോ പണ്ട് എഴുതിവച്ച പുസ്തക താളുകളില്‍ സ്ത്രീ വീട് നോക്കേണ്ടിയവളും തന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാനും പോറ്റാനുമുള്ള ഉപകരണം മാത്രമെന്ന് ചേര്‍ത്തിരിക്കുന്നതുകൊണ്ടോ..? എന്തിനാണ് നമ്മുടെ ജനത ഇപ്പോഴും സ്ത്രീകളെ ഇരുട്ടത്ത് നിര്‍ത്തുവാന്‍ തയ്യാറാകുന്നത്. വെളിച്ചം നിറഞ്ഞ അവരുടെ ലോകത്തിനു മുന്‍പില്‍ തടസ്സമാകുന്നത്...!
                          
                      ട്രെയിനില്‍ പീഡനത്തിനിരയായ സൌമ്യയും, ബസ്സില്‍ പീഡനത്തിനിരയായ ആ പെണ്‍കുട്ടിയും ഒന്നും പശ്ചാത്യ സംസ്കാരത്തിന്റെയോ മറ്റെന്തെങ്കിലുമെന്റെയോ ബാക്കി പത്രങ്ങളായിരുന്നില്ല. ഭാരതത്തിന്റെ മക്കള്‍ തന്നെയായിരുന്നു. പീഡനത്തിരയായത് എന്റെ സഹോദരിയാണ അത് ചെയ്തത് എന്റെ സഹോദരന്‍മാരും, കമലഹാസന്‍ പറഞ്ഞ ഈ വാക്കുകള്‍ ഉള്‍ക്കൊള്ളുവാന്‍ നാം തയ്യാറാകണം. മാറുന്ന ലോകത്തിനനുസരിച്ച്  കാഴ്ചപ്പാടുകളെ മാറ്റുവാനും സത്യങ്ങളെ അംഗീകരിക്കാനും കഴിയണം. ലഭിക്കുന്ന അറിവിനെ അജ്ഞതയില്‍ നിന്നും പുറത്തേക്ക് വരാനുളള ഉപാധിയായി മാറ്റണം. വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും എടുക്കുന്ന സമയം കാര്യങ്ങളെ ഗ്രഹിക്കാനും അത് പ്രായോഗികമാക്കി മാറ്റാനും വിനിയോഗിക്കണം. 

                                                     ഒരുപാട് ധീര സ്ത്രീത്വങ്ങള്‍ പിറന്ന് ജീവിച്ച ഈ മണ്ണില്‍ അവരുടെ പിന്‍മുറക്കാര്‍ക്ക് എല്‍കേണ്ടിവരുന്ന കൊടിയ പീഡനങ്ങള്‍ എത്രയോ ദൌര്‍ഭാഗ്യകരമാണ.് രാജ്യത്തിന്റെ പല കോണുകളില്‍ നിന്ന് ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ വിത്യസമില്ലാതെ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ. കുട്ടികള്‍ മുതല്‍ വാര്‍ധക്യമെത്തിയവര്‍ വരെ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നു.. ഓരൊ നാല്‍പത് മിനിറ്റിലും ഒരു സ്ത്രീ പീഡനത്തിനിരയാകുന്നുവെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്തിനും ഏതിനും ഭാരത സംസ്കാരത്തെ കൂട്ട് പിടിക്കുന്നവര്‍ സ്ത്രീകള്‍ക്ക് ഭാരതം നല്‍കുന്ന ബഹുമാനത്തെയും സ്ഥാനത്തെയും മറന്ന് പോകുന്നു. ജീവശാസ്ത്രപരമായും ആരോഗ്യപരവുമായുമെല്ലാം സ്ത്രീക്കും പുരുഷനും വ്യത്യാസങ്ങള്‍ ഏറെ ആണെങ്കിലും, അവരിലെ സമാനതകളും ഏറെയാണ് എന്നാല്‍ സ്ത്രീയുടെ പോരായ്മകള്‍ പുരുഷന,് അവളുടെമേലുള്ള ആധിപത്യത്തിന്റെ ഉപാധിയായി കാണുന്ന പുരുഷ സങ്കല്‍പ്പം മാറേണ്ടിയിരിക്കുന്നു. സമത്വം എന്ന വാക്കിന്റെ അര്‍ത്ഥതലങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാനും, അത് സമൂഹത്തിലേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അനിവാര്യമായിരിക്കുന്നു.. ലോകത്തിനൊപ്പം ചിന്താഗതിയും വിശാലക്കിമാക്കേണ്ടതുണ്ട്.
                                                                               സമചിത്വതയോടെ ചിന്തിക്കേണ്ടിയിരിക്കുന്ന സമയം അതിക്രമിച്ചിരിക്കിന്നു. ബലാല്‍സംഘം ചെയ്യുന്നവര്‍ക്കും കൊലപ്പെടുത്തുന്നവര്‍ക്കും നല്‍കുന്ന ശിക്ഷയെക്കുറിച്ചും മറ്റും ആധികാരികമായ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ തന്നെ, ഇനിയൊന്ന് ഇതുപോലെ സംഭവിക്കാതിരിക്കാന്‍ കാലിക സമൂഹത്തില്‍ എന്തുചെയ്യാന്‍ നമ്മെകൊണ്ട് സാധിക്കുമെന്നതും കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രായത്തില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ അപ്പുറം കേട്ടുനടുങ്ങിയ മനസ്സുമായി  വളര്‍ന്നുവരുന്ന ഒരു തലമുറ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് വേണ്ട അവബോധവും സുരക്ഷിതത്വവും നല്‍കി നന്മയുടെ നാളുകളിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ നമുക്ക് കടമയുണ്ട്. സ്ത്രീ അമ്മയാണ,് സഹോദരിയാണ,് ദൈവമാണ് എന്നൊക്കെ പഠിച്ചത് ആരൊക്കയോ മറന്ന് പോയിരിക്കുന്നു.. കണ്ണീനീര്‍ തുള്ളിയെ സ്ത്രീയോട് ഉപമിച്ച കാവ്യവരികള്‍ ഇനിയും ഏറ്റു പാടേണ്ടതില്ല... അത് ആ കാലഘട്ടത്തിന്റെ വരികള്‍ മാത്രമാണ്....കാലം മാറി... മാറ്റങ്ങള്‍ ഉള്‍ക്കൊളളണം.. ഇല്ലെങ്കില്‍ അവരുടെ കണ്ണീര്‍ തുള്ളി വീണ് ഈ മണ്ണ് ഇനിയും കുതിര്‍ന്നുകൊണ്ടേയിരിക്കും.

                                             മരണത്തെ നേരില്‍കണ്ടപ്പോഴും 'ആ പെണ്‍കുട്ടി' പേടിക്കുകയോ തനിക്ക് നേരിടേണ്ടിവന്ന മൃഗീയ നിമിഷങ്ങളെ ഓര്‍ത്ത് സഹതപിക്കുകയോ ചെയ്തില്ല. എനിക്ക് ജീവിക്കണം അവരെ ശിക്ഷിക്കണം എന്നാണ് അവള്‍ പറഞ്ഞത.് 'ആ പെണ്‍കുട്ടി'യുടെ ആത്മധൈര്യവും ആര്‍ജവവും നേഞ്ചിലേറ്റാന്‍ തയ്യാറാവണം നമ്മുടെ യുവത്വം. രാജ്യം മാതൃകാപരമായിതന്നെ ആ പ്രതികളെ ശിക്ഷിക്കണം. വരും തലമുറയ്ക്കായി പെണ്‍കുട്ടികളുടെ നിലനില്‍പ്പിനായി രക്തസാക്ഷിത്വം ഏറ്റെടുത്തവള്‍. കവല പ്രസംഗങ്ങളില്‍ കൈയ്യടി മേടിക്കുവാനോ സഹതാപതരംഗങ്ങള്‍ക്കോ ആവരുത് അവളുടെ പേരോ സംഭവമോ പറയേണ്ടത്. അവളെ ഈ രാജ്യത്തിലെ ധീരയായ യുവതിയായെ ലോകത്തിന് മുന്‍പില്‍ കാണിക്കാവൂ.. കാരണം, ഈ മനോവീര്യം നെഞ്ചിലേററിയിരിക്കുന്നു ഇന്ത്യയുട യുവത്വം. ...!
                                         
                                                
                                                    

                                          
                                               
  

Thursday, January 3, 2013

മലയില്‍ പൊള്ളുന്ന തീര്‍ത്ഥാടനം......

സുദീപ്കുമാര്‍ പി.എസ്സ്

പരിസ്ഥിതിയും മനുഷ്യനും ഇത്രമേല്‍ ഇഴുകിച്ചേര്‍ന്ന മറ്റൊരു തീര്‍ത്ഥാടനകേന്ദ്രം ലോകത്ത് തന്നെ ഉണ്ടായിരിക്കില്ല. അവിടെ, മലചവിട്ടി കയറിവരുന്ന ഭക്തനോട് 'എല്ലാം നീ തന്നെ'യെന്ന് അരുളുന്ന അതിവിശിഷ്ടമായ സങ്കല്‍പം... ചന്ദനവും, കര്‍പ്പൂരവും മണക്കുന്ന കരിമലയിലെയും അപ്പാച്ചിമേട്ടിലേയും ശരംകുത്തിയിലേയും, കല്ലും-മുള്ളും കുണ്ടും-കുഴിയും താണ്ടുമ്പോള്‍ തീര്‍ത്ഥാടകന്റെ ആന്തരീകആത്മീയ ക്ഷീണമെല്ലാം അവന്റെ കാല്‍ച്ചുവട്ടിലെ മണ്ണില്‍ അലിഞ്ഞുചേര്‍ന്നിരുന്നു.. പാദം മുതല്‍ ശിരസ്സിലെ ഇരുമുടിയില്‍ വരെ മണ്ണിന്റെ നനവും, കാറ്റിന്റെ കുളിര്‍മ്മയും തഴുകിപ്പോയിരുന്നു.. അതുകൊണ്ടുതന്നെ പതിനെട്ടാം പടിചവിട്ടി അയ്യന്റെ മുന്നില്‍ എത്തുമ്പോള്‍ ബാക്കിയെല്ലാ ദു:ഖങ്ങളോടൊപ്പം ശരീരത്തിന്റെ ബലഹീനതകളും അവിടെ അവസാനിക്കുമായിരുന്നു..
                       
എന്നാല്‍, കേരളത്തിലെ ജനസംഖ്യയേക്കാളധികം തീര്‍ത്ഥാടകര്‍ വന്നുപോകുന്ന ഇന്നത്തെ ശബരിമലയെ പൂങ്കാവനമെന്ന് വിശേഷിപ്പിച്ചാല്‍ അയ്യപ്പനുപോലും ലജ്ജ തോന്നിയേക്കാം.. വര്‍ഷാവര്‍ഷങ്ങളില്‍ ഏറിവരുന്ന തീര്‍ത്ഥാടന-വരുമാന വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ സൌകര്യങ്ങള്‍ അനവധിയൊരുക്കി സുഖലോലുപരായി മലകയറാന്‍ നമ്മള്‍ അവസരമൊരുക്കുമ്പോള്‍ നഷ്ടപ്പെടുത്തുന്നത് ഒരു ആവാസവ്യവസ്ഥയും പരിസ്ഥിതിയെയുമാണ്, അതിന്റെയൊപ്പം ചൈതന്യം നിറഞ്ഞ ആ സങ്കല്‍പ്പത്തെയും.......
                      തീര്‍ത്ഥാടകരുടെയെണ്ണം ആയിരത്തില്‍ നിന്നും ലക്ഷങ്ങളും, കോടികളുമായി മാറിയിരിക്കുന്ന ഈ അവസരത്തില്‍ അവയെ നിയന്ത്രിക്കുകയെന്നത് ഒരിക്കലും സാധ്യമാകുന്നതല്ല.. പക്ഷെ, ഇടത്താവളങ്ങളിലെ ശോചനീയാവസ്ഥ നിലനില്ക്കുമ്പോള്‍ തന്നെ ശബരിമല വികസനം വനത്തിനുള്ളില്‍ മാത്രമേ നടത്തുവെന്ന് ശാഠ്യം പിടിക്കുന്നതിന്റെ ആവശ്യകതയെന്തെന്ന് മനസ്സിലാകുന്നില്ല.. സ്വാമി അയ്യപ്പന്‍ റോഡിലേയും ചന്ദ്രാനന്ദന്‍ റോഡിലേയും കോണ്‍ക്രീറ്റ് പാതയിലൂടെ മലചവിട്ടുന്ന ഭക്തന്, പഴയ ശാരീരിക-മാനസീക ആനന്ദം ലഭിക്കണമെന്നില്ല...
ഒരുവശത്ത് ഭക്തര്‍ക്കുവേണ്ട അടിസ്ഥാന സൌകര്യവികസനം പൂര്‍ണ്ണമാക്കാതെ, സന്നിധാനത്തേക്ക് ഹെലിക്കോപ്റ്റര്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനെകുറിച്ച് ചര്‍ച്ചചെയ്യുന്നു... ഇതെന്ത് വിരോധാഭാസമാണ്..!.?
കാലാകാലങ്ങളായി കാടും മലയും മഞ്ഞും, നമുക്കായ് സംരക്ഷിച്ചുപോന്ന ആവാസവ്യവസ്ഥയെ തച്ചുടച്ച് കോണ്‍ക്രീറ്റ്-വികസനം നടപ്പാക്കി വലിയൊരു ദുരന്തത്തിന് ഭാവി തലമുറ സാക്ഷിയാകുമ്പോള്‍, അവര്‍ നമ്മെ പഴിക്കും..... ആയിരക്കണക്കിന് കാവുകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ വികസനവാദങ്ങള്‍ ഉന്നയിച്ച് അവയെ തകര്‍ത്തതിനു ശേഷം, ഇന്ന് അതിന്റെ ദൂഷ്യഫലങ്ങള്‍ മനസ്സിലാക്കി വീണ്ടും പുനരുജ്ജീവനം നല്‍കാന്‍ ശ്രമിക്കുന്നതുപോലെ പൂങ്കാവനവും കൃത്രിമമായി നിര്‍മ്മിക്കേണ്ടിവരുന്ന കാലം വിദൂരമല്ല.........
              
പ്രകൃതിയും, മനുഷ്യനും തമ്മിലുള്ള സംശുദ്ധ ബന്ധത്തിന്റെ തെളിവായിരുന്ന ശബരിമല, ഇപ്പോള്‍ ഇവതമ്മിലുള്ള വൈരുദ്ധ്യങ്ങളെ തറന്നുകാട്ടുന്നു... കാടിറങ്ങുന്ന വന്യജീവികള്‍ മനുഷ്യവാസകേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ അവയെ കൊന്നൊടുക്കിയിട്ട് കാര്യമില്ല.. മറിച്ച്, സ്വന്തം ചെയ്തികള്‍ എവിടെയെത്തിയെന്നത് വെറുതെയെങ്കിലുമൊന്ന് 'ചിന്തിച്ചാല്‍ മാത്രംമതി...'......

Tuesday, January 1, 2013

പീഡനം, അതിക്രമം, കപടസദാചാരം

ദില്‍ജിത്ത് സി.ജി

(സമീപകാലത്തെ പത്ര-ദൃശ്യ മാധ്യമങ്ങളില്‍ നിന്നാണ് ഈ ലേഖനത്തിലേക്ക് വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്, അവയില്‍ വന്നിട്ടുള്ള കുറച്ചു വാചകങ്ങളും ഇവിടെ എടുത്ത് ഉപയോഗിച്ചിട്ടുണ്ട്, ആ മാധ്യമങ്ങളോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു)

      'എന്റെ രാജ്യ തലസ്ഥാനത്താണ് മാനഭംഗം നടന്നത്, എന്റെ സഹോദരിയാണ് അതിനിരയായത്. ഇതിലെ നാണക്കേട് എന്തെന്നാല്‍, എന്റെ സഹോദരങ്ങളാണ് ഇത് ചെയ്തത്. ഇതിനപ്പുറം നമ്മെ നിരാശരാക്കുന്ന മറ്റെന്താണുള്ളത്?' ഡല്‍ഹി സംഭവത്തെക്കുറിച്ചുള്ള കമലഹാസന്റെ വാക്കുകളാണിത്. ഡല്‍ഹിയില്‍ നടന്നത് ലൈംഗിക തൃപ്തിക്കുവേണ്ടി മാത്രം നടത്തിയ ഒരു ശ്രമമായിരുന്നില്ല, മൃഗീയമായ അക്രമമാണ് ഉണ്ടായത്. പെണ്ണായി പിറന്നു പോയതുകൊണ്ടുമാത്രം അവള്‍ അതിനു വിധേയയാകേണ്ടിവന്നു.

സ്ത്രീയെ അവകാശങ്ങളൊന്നുമില്ലാത്ത ഒരു ശരീരമായി മാത്രം കാണുന്ന പുരുഷാധിപത്യ ചിന്തയില്‍ നിന്നാണ് ഈ അക്രമം ഉണ്ടായത്. മര്‍ദ്ദിച്ച് അവശയാക്കാനും ജനനേന്ദ്രിയത്തില്‍ കമ്പിവടി കയറ്റി കുടലുമാല പുറത്തുവരുത്തുകയും ചെയ്യാന്‍മാത്രം ഒരു മുന്‍ വൈരാഗ്യവും അവര്‍ക്കുണ്ടായിരുന്നില്ല. പിന്നെയെന്തിനാണ് ഇത്ര വലിയ പീഡനം? രാത്രിയില്‍ ഒരു ആണ്‍ സുഹൃത്തിനൊപ്പം യാത്രചെയ്തു എന്നതായിരിക്കാം അവരെ ഇതിനു പ്രേരിപ്പിച്ചത്. മദ്യ ലഹരിയില്‍ മനുഷ്യത്വം നശിച്ചുപോയ മൃഗങ്ങളുടെ അക്രമത്തിനാണ് ആ പെണ്‍കുട്ടി ഇരയായത്. ജീവിത്തിലേക്ക് തിരിച്ചുവരാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നുവെങ്കിലും, ഒടുവില്‍ രാജ്യത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് അവള്‍ മരണത്തിനു കീഴടങ്ങി.

വലിയ പ്രതിഷേധങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ വേഗത്തില്‍ നടപടികളെടുക്കാന്‍ നിര്‍ബന്ധിതരായി. പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍, ജൂഡീഷ്യല്‍ കമ്മീഷന്‍, അപൂര്‍വ മാനഭംഗക്കേസുകളില്‍ കടുത്ത ശിക്ഷ ഉറപ്പാക്കല്‍, പൊതു ഗതാഗതം മെച്ചപ്പെടുത്തല്‍, സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കല്‍. ഇവയൊക്കെ വളരെ നേരത്തെ തന്നെ ചെയ്യാമായിരുന്ന കാര്യങ്ങള്‍ മാത്രമാണ്. യുവതിയുടെ ആയുസ്സ് ഏതാനും ദിവസങ്ങള്‍ നീട്ടിക്കൊണ്ടുപോകാന്‍ മാത്രമെ സാധിക്കൂ എന്നും, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകില്ല എന്നും ഉറപ്പുണ്ടായിരുന്നു. അതിനിടയില്‍ ഹൃദയാഘാതവും ഉണ്ടായ കുട്ടിയെ ഉടന്‍ സിംഗപ്പൂരിലേക്ക് മാറ്റിയത് വെറും രാഷ്ടീയ തീരുമാനം മാത്രമായിരുന്നു. ഇന്ത്യയില്‍വെച്ച് മരിച്ചാലുണ്ടാകാവുന്ന വലിയ പ്രതിഷേധങ്ങള്‍ ഭയന്നാണ് ഇതു ചെയ്തത്.

ആരും ആഹ്വാനം ചെയ്യാതെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഭരണാധികാരികളെക്കൊണ്ട് ഉടന്‍ നടപടികളെടുപ്പിക്കാന്‍ സാധിച്ചു എന്നത് വലിയ പ്രതീക്ഷയുളവാക്കുന്നു. എന്നാല്‍ ഇന്ത്യയുടെ പല ഭാഗത്തുനിന്നും പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പോലും ഡല്‍ഹിയില്‍ തന്നെ 40കാരി ബലാല്‍സംഗത്തിനിരയായി, ഡല്‍ഹി കോര്‍പ്പറേഷന്റെ ബസ്സില്‍ സ്ത്രീയ്ക്കെതിരെ അപമാന ശ്രമമുണ്ടായി. ആ ഒരാഴ്ച്ചകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരു ഡസനിലധികം ലൈംഗിക അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നതും വലിയ നാണക്കേടുണ്ടാക്കുന്നു. സ്ത്രീകളുടെ രക്ഷയ്ക്കും സ്വാതന്ത്യ്രത്തിനും വേണ്ടി നടന്ന ഈ സമരത്തില്‍ പോലും ചിലര്‍ നുഴഞ്ഞുകയറി സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും, നിയമം കൈയിലെടുക്കുകയും ചെയ്തു എന്നത് ഇന്നത്തെ അവസ്ഥ എത്ര ഭീകരമാണ് എന്നു വ്യക്തമാക്കുന്നു.

സമരം ചെയ്തത് മേയ്ക്കപ്പിട്ട സുന്ദരിമാര്‍ ആണ്, ഇന്ത്യയ്ക്കു ലഭിച്ചത് അര്‍ദ്ധരാത്രി ഇറങ്ങി നടക്കുന്നതിനുള്ള സ്വാതന്ത്യ്രമല്ല, പീഡനം തടയാന്‍ സ്കൂള്‍ വിദ്യാര്‍ഥിനികളുടെ പാവാട നിരോധിക്കണം, പെണ്‍കുട്ടികള്‍ അക്രമിക്കപ്പെടുന്നത് അവരുടെ വസ്ത്രത്തിന്റെ കുഴപ്പംകൊണ്ടാണ് എന്നൊക്കെ രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുകയും തിരുത്തിപ്പറയുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ അവസ്ഥ തന്റെ മകളെ ഓര്‍മ്മിപ്പിച്ചുവെന്നും, പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും ഷൊര്‍ണ്ണൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൌമ്യയുടെ അമ്മ പ്രതികരിച്ചു. ഡല്‍ഹിയിലെ സംഭവങ്ങള്‍ക്ക് സൌമ്യയുടെ മരണവുമായി ഏറെ സാമ്യങ്ങളുണ്ട്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ എഡിറ്റ് ചെയ്യാതെ സംപ്രേഷണം ചെയ്തതിന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ കാണിച്ച വേഗം, കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് ശിക്ഷ നല്‍കുന്നതിലും ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കാം

പീഡനക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കണോ എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുവരുന്നത്. എന്നാല്‍ ഈ നിയമം നടപ്പാക്കിയാല്‍ പീഡനം കുറയുമെന്ന് ഉറപ്പാക്കാനാകുമോ? ശിക്ഷയുടെ കുറവുകൊണ്ടല്ല അക്രമങ്ങള്‍ കൂടുന്നത്, അക്രമങ്ങള്‍ കുറയ്ക്കാന്‍ സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളാണ് മാറേണ്ടത്. നിലവിലുള്ള സംവിധാനത്തില്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മുതല്‍ അന്വേഷണം അട്ടിമറിക്കുവാനുള്ള സാധ്യതയും ഉണ്ടാകുന്നു. അതിനാല്‍ കടുത്ത ശിക്ഷ വിധിച്ചിട്ടും കാര്യമുണ്ടാകില്ല. നിലവിലുള്ള ശിക്ഷ വേഗത്തില്‍ നടപ്പാക്കുകയാണ് വേണ്ടത്.

ഇത്തരം കേസുകളില്‍ വധശിക്ഷ ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ കേസുകള്‍ റിപ്പേര്‍ട്ട് ചെയ്യപ്പെടാതെ പോകും. സ്വന്തം അച്ഛനും, സഹോദരനും, അമ്മാവനുമൊക്കെ പ്രതികളായി വരുമ്പോള്‍ ഇരകളാകുന്ന പെണ്‍കുട്ടികള്‍ക്ക് ഇത് കൂടുതല്‍ സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങള്‍ പുറത്തുവരാതെ മറച്ചുവയ്ക്കപ്പെടാനും കാരണമാകും. ഇപ്പേള്‍ തന്നെ ഇത്തരത്തിലുളള കേസുകള്‍ ഏറ്റവും കൂടുതല്‍ പുറത്തുവരാതെ പോകുന്നത് ഇന്ത്യയിലാണ്, ആ കണക്കുകള്‍ ഇനിയും കൂട്ടാന്‍ മാത്രമെ ഇതു വഴിതെളിക്കൂ. തന്നെയുമല്ല, വധശിക്ഷ ഒഴിവാക്കുന്നതിനുളള വാദങ്ങള്‍ ലോകത്തെമ്പാടും നടന്നികൊണ്ടിരിക്കുമ്പോള്‍, ബലാല്‍സംഗത്തിനുകൂടി അത് ഏര്‍പ്പെടുത്തണമെന്ന് വാശിപിടിക്കരുത്. നിലവിലുളള ബലാല്‍സംഗ കേസുകളില്‍ വിചാരണ വേഗത്തില്‍ തീര്‍ക്കാന്‍ ചില കോടതികള്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നിലവിലെ രീതിയില്‍ പഴുതുകളടച്ചുകൊണ്ടുളള നിയമ ഭേദഗതിയാണ് ഉണ്ടാകേണ്ടത് എന്ന് അഭിപ്രായം ഉയരുന്നു.

വേശ്യാലയങ്ങള്‍ നിയമ വിധേയമായതിന്റെ പേരില്‍ നമ്മള്‍ തള്ളിപ്പറയുന്ന രാജ്യങ്ങളില്‍ പോലും സ്ത്രീകള്‍ തെരുവില്‍ ഇത്രയുമേറെ അക്രമിക്കപ്പെടുന്നില്ല എന്ന വസ്തുത അടുത്തകാലത്ത് ചര്‍ച്ചകളിലൂടെ പുറത്തുവന്നതാണ്. രാത്രിയില്‍ സഞ്ചാര സ്വാതന്ത്യ്രം ഇല്ലാത്തവരാണ് സ്ത്രീകള്‍ എന്ന ചിന്തയാണ് സമൂഹത്തിനുള്ളത്. പുരുഷന്‍മാര്‍ക്ക് ഏതുസമയത്തും എവിടെയും പോകാം. രാത്രി ഇറങ്ങി നടക്കേണ്ടി വരുന്നവള്‍ അക്രമിക്കപ്പെടേണ്ടവര്‍ ആണെന്നും ഇവര്‍ കരുതുന്നു. സ്ത്രീകള്‍ എന്നും സദാചാരത്തിന്റെ വലയത്തില്‍ നില്‍ക്കേണ്ടവരാണെന്ന് ഇവര്‍ വാശിപിടിക്കുന്നു. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ പീഡനത്തിനിരയാകുന്നു. 'ഒരു നാല്‍പ്പത്തെട്ടുകാരനെ വികാരംകൊള്ളിക്കുന്ന എന്താണ് ഒരു അഞ്ചു വയസ്സുകാരിയുടെ നിഷ്കളങ്ക ഭാവത്തില്‍ ഉള്ളത്' എന്ന ചോദ്യം ഇനിയും മനുഷ്യത്വം മരിച്ചിട്ടില്ലാത്തവരെ ഏറെ ചിന്തിപ്പിക്കുന്നു.

ഒരുവശത്ത് സദാചാരങ്ങളുടെ പേരില്‍ അക്രമങ്ങള്‍ നടത്തുകയും, സസ്ത്രീ-പുരുഷ സൌഹൃദങ്ങള്‍ വരെ എതിര്‍ക്കുകയും ചെയ്യുന്ന സമൂഹത്തില്‍ തന്നെയാണ് അച്ഛന്‍ മകളെ പീഡിപ്പിക്കുന്നതും, സഹോദരന്‍ സഹോദരിയെ പീഡിപ്പിക്കുന്നതും, അമ്മ മകളെ മറ്റുള്ളവര്‍ക്ക് കാഴ്ച്ചവയ്ക്കുകയും ഒക്കെ ചെയ്യുന്നത്. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം വരെ നിയമ വിധേയമായ ഈ കാലത്താണ്, ദമ്പതിമാര്‍ക്കുപോലും പോകുന്നിടത്തെല്ലാം താലിയും, വിവാഹ സര്‍ട്ടിഫിക്കറ്റും കൈയിലേന്തി നടക്കേണ്ടിവരുന്നത് എന്നോര്‍ക്കണം. ഇതു തന്നെയാണ് നമ്മുടെ സമൂഹത്തിന്റെ പ്രശ്നവും. ഈ കാഴ്ച്ചപ്പാടുകളാണ് മാറേണ്ടത്. നിലവില്‍ പെട്ടന്നൊരു മാറ്റം സാധ്യമാക്കിയെടുക്കാന്‍ പ്രയാസമാണ്, വളര്‍ന്നുവരുന്ന കുട്ടികളെയെങ്കിലും ഇതില്‍ നിന്ന് രക്ഷിക്കണം.

ജനിച്ചു വീഴുമ്പോള്‍ മുതല്‍ ആണ്‍-പെണ്‍ വേര്‍തിരിവുകാട്ടിയാണ് നാം കുട്ടികളെ വളെര്‍ത്തിയെടുക്കുന്നത്. ആദ്യം തന്നെ അവര്‍ തമ്മില്‍ അടുത്ത് ഇടപഴകാനുള്ള സാഹചര്യങ്ങള്‍ വിലക്കുന്നു. ആണ്‍കുട്ടികള്‍ എല്ലാ അധികാരത്തോടും കൂടിയവരാണെന്നും, അവരോട് പ്രതികരിക്കരുതെന്നും നാം തന്നെ പെണ്‍കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി സ്കൂളുകളും കോളേജുകളും ഉണ്ടാക്കി അവരെ വീണ്ടും വേര്‍തിരിച്ച് പഠിപ്പിക്കുന്നു. ലൈംഗികത എന്തോ വലിയ അപരാധമാണെന്ന ബോധമാണ് മുതിര്‍ന്നവര്‍ക്കുപോലും ഉള്ളത്, അതുകൊണ്ടു തന്നെ അവര്‍ വലിയ ലൈംഗിക ദാരിദ്യ്രം അനുഭവിക്കുന്നു. ഇതു തന്നെയാണ് ലൈംഗിക അതിക്രമങ്ങളിലേക്ക് നയിക്കുന്നതും. മുതിര്‍ന്നവര്‍ ചെയ്യുന്നത് തന്നെയാണ് കുട്ടികള്‍ കാണുന്നതും മനസ്സിലാക്കി വയ്ക്കുന്നതും. തക്കം കിട്ടിയാല്‍ രഹസ്യമായി ചെയ്യേണ്ട എന്തോ ഒന്നാണ് ഇതെന്ന് അവരും ധരിക്കുന്നു. വിദേശ രാജ്യങ്ങളില്‍ ലൈെഗികത ഇത്ര വലിയ ജിജ്ഞാസ ഉളവാക്കുന്ന വിഷയമാകുന്നില്ല എന്നത് നാം ശ്രദ്ധിക്കേണ്ടതാണ്.

ബ്ളൂ ഫിലിമുകളും മറ്റും കണ്ടാണ് അവര്‍ അതിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്, തിരിച്ചറിവില്ലാത്ത പ്രായത്തില്‍ അതിനൊക്കെ അടിമകളാകുന്ന അവര്‍ പിന്നീട് അത് അനുകരിക്കാന്‍ ശ്രമിക്കുന്നു. ഇത്തരത്തിലൊരു അനുകരണ ശ്രമത്തെത്തുടര്‍ന്നാണ് 14 വയസ്സുകാരന്‍ പിഞ്ചു കുഞ്ഞിനെ കൊന്ന് മരപ്പൊത്തില്‍ ഒളിപ്പിച്ചത് എന്നത് മറക്കരുത്. അതിനൊക്കെ വഴിയൊരുക്കിയത് അവന്റെ കുടുംബ പശ്ചാത്തലം തന്നെയായിരുന്നു. ഇങ്ങനെ മാനസിക നില തെറ്റിപ്പോകുന്ന ചിലര്‍, രഹസ്യ ക്യാമറകള്‍ വച്ച് സ്വന്തം അമ്മയുടെയും സഹോദരിയുടെയും വീഡിയോ ക്ളിപ്പുകള്‍ വരെ മറ്റുള്ളവര്‍ക്കു കൈമാറിയ സംഭവങ്ങള്‍ കേരളത്തില്‍ പോലും ഉണ്ടായിട്ടുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന സത്യമാണ്. കൌമാരത്തില്‍ കുട്ടികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എത്ര അച്ഛനമ്മമാര്‍ക്ക് ആകുന്നുണ്ട് എന്നു ചിന്തിച്ചുനോക്കുക. തന്റെ ശരീരത്തെക്കിറിച്ചുപോലും വേണ്ടത്ര ധാരണയില്ലാത്ത കുട്ടികളാണ് ചൂഷണം ചെയ്യപ്പെടുന്നതില്‍ ഏറെയും. ഈ അറിവില്ലായ്മയാണ് ബന്ധുക്കള്‍ക്കു പോലും കുട്ടികളെ ഉപയോഗപ്പെടുത്താനുള്ള അവസരമുണ്ടാക്കി കൊടുക്കുന്നതും. ഈ സാഹചര്യത്തിലാണ് ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വ്യക്തമാകുന്നത്.

കേവലമൊരു ശരീരം എന്നു കാണാതെ തന്നെപ്പേലെ തന്നെ അഭിപ്രായങ്ങളും, സ്വാതന്ത്യ്രവും ഉള്ള വ്യക്തികളാണ് സ്ത്രീകള്‍ എന്ന ചിന്ത ആണ്‍ കുട്ടികളില്‍ ഉണ്ടാക്കിയെടുക്കണം, അതിന് വീട്ടില്‍ മാതാപിതാക്കള്‍ തന്നെ മാതൃകയാകണം. സ്ത്രീയെ ബഹുമാനിക്കാനും അവളുടെ സമ്മതമില്ലാതെ ദേഹത്തു തൊടരുതെന്നും തിരിച്ചറിയണമെങ്കില്‍, കുട്ടിക്കാലം മുതല്‍ വേര്‍തിരിവില്ലാതെ ആണ്‍-പെണ്‍ സൌഹൃദങ്ങള്‍ക്കുള്ള സാഹചര്യം ഉണ്ടാകണം.

പീഡനങ്ങള്‍ കുറയ്ക്കാന്‍ വിവാഹ പ്രായം കുറയ്ക്കണമെന്ന അഭിപ്രായമാണ് ചിലര്‍ മുമ്പോട്ടുവയ്ക്കുന്നത്, അതു ശരിയെങ്കില്‍ പീഡനങ്ങള്‍ ഏറ്റവും കുറയേണ്ടത് ഇന്ത്യയിലാണ്. കാരണം യൂണിസെഫ് കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണ്. സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ് പീഡനങ്ങള്‍ക്ക് കാരണമാകുന്നത് എന്നു പറയുന്നവരുമുണ്ട്. ഒരു സ്ത്രീ എന്തു വസ്ത്രം ധരിക്കണം എന്നു തീരുമാനിക്കേണ്ടത് അവളാണ്. ഒരാള്‍ക്ക് അശ്ളീലമാകുന്നത് മറ്റൊരാള്‍ക്ക് അശ്ളീലമായിരിക്കില്ല, അത് ആപേക്ഷികമാണ്. സ്ത്രീകള്‍ ഏതു വസ്ത്രമിട്ടാലും അത് നോക്കിക്കാണുന്നവന്റെ മനസ്സാണ് നിയന്ത്രിക്കേണ്ടത്. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് പറയുന്നവര്‍ പോലും പുരുഷന്റെ വസ്ത്രധാരണരീതി എങ്ങനെയാകണമെന്നു പറയില്ല എന്നതും ശ്രദ്ധിക്കുക.

പീഡനക്കേസുകളില്‍ സമൂഹം ഇരകളോടു പെരുമാറുന്ന രീതിയെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നു. പ്രതികള്‍ മാന്യന്‍മാരായി നടക്കുകയും, ഇരകള്‍ അപമാനവും പേറി കോടതികള്‍ കയറിയിറങ്ങി നടക്കേണ്ടിയും വരുന്ന സ്ഥിതിയാണ് ഇന്നുള്ളത്. പീഡനത്തിനിരയായ പെണ്‍കുട്ടി എന്ന നിലയില്‍ എന്നും തരംതാഴ്ത്താനാണ് സമൂഹം ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചില്ലായിരുന്നെങ്കില്‍, സമൂഹം അവളെ ഇഞ്ചിഞ്ചായി കൊല്ലുമായിരുന്നു എന്ന് സൂര്യനെല്ലി പെണ്‍കുട്ടി അഭിപ്രയപ്പെട്ടു. തന്നെ നിരന്തരം കള്ളക്കേസുകളില്‍ കുടുക്കി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ പറയുന്നു. സ്ത്രീപീഡനങ്ങള്‍ക്ക് ഇരകളാകുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചു കൊണ്ടുവന്ന് കൌണ്‍സിലിംഗ് നല്‍കി പുനരധിവസിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. സമൂഹത്തിന് അവരോടുള്ള കാഴ്ച്ചപ്പാടിലും മാറ്റം വരണം

സ്ത്രീകള്‍ക്കും സമൂഹത്തിനും സംരക്ഷണം നല്‍കേണ്ട പോലീസും സൈനികരും പോലും അവര്‍ക്കെതിരെ അക്രമങ്ങള്‍ നടത്തുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ഇത്തരത്തില്‍ നിയമപാലകര്‍ തന്നെ പ്രതികളാകുമ്പോള്‍ അന്വേഷണം അട്ടിമറിക്കപ്പെടും. ബലിതര്‍പ്പണം കഴിഞ്ഞു മടങ്ങിയ സ്ത്രീയെ ബസ്സില്‍ വച്ച് അപമാനിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ രക്ഷിക്കുവാന്‍, പോലീസ് തെളിവുകളില്‍ കൃത്രിമം കാണിച്ചത് അടുത്തകാലത്ത് നടന്ന ഉദാഹരണമാണ്. പരാതിയുമായി വനിതാക്കമ്മീഷന്‍ ഓഫീസിലെത്തിയ യുവതിയ്ക്കുപോലും അവിടുത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറില്‍നിന്ന് അപമാനം ഏല്‍ക്കേണ്ടിവന്നു എന്നത് വളരെ ലജ്ജാവഹമാണ്.

ഒരു ആണ്‍ സുഹൃത്തിനൊപ്പം സഞ്ചരിച്ച പെണ്‍കുട്ടിയാണ് ഡല്‍ഹിയില്‍ അക്രമിക്കപ്പെട്ടത് എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്. കൂടെ ആളുണ്ടെങ്കില്‍പ്പോലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. അമേരിക്കയില്‍ തോക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ആലോചിക്കുമ്പോള്‍ ഇന്ത്യയില്‍ ഓരോ പെണ്‍കുട്ടിക്കും തോക്ക് അനുവധിച്ചു കൊടുക്കേണ്ടിവരുമോ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.

പലപ്പോഴും ഇത്തരം സംഭവങ്ങള്‍ പുറത്തുവരാതെ പോകാറുണ്ടായിരുന്നു, അടുത്തകാലത്തായി ഈ പ്രവണത മാറുകയും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങുകയും ചെയ്തു. അക്രമങ്ങള്‍ ആവര്‍ത്തിച്ചു വരുമ്പോള്‍ അതിനെതിരെ സമൂഹത്തെ ബോധവാന്‍മാരാക്കേണ്ടതില്‍ മാധ്യമ പ്രവര്‍കര്‍ക്ക് വലിയ പങ്കാണുള്ളത്. എന്നാല്‍ ഈ വിഷയങ്ങളൊക്കെ എപ്പോഴും ഉണ്ടാകാറുള്ളതാണെന്നും, അതിനെക്കുറിച്ച് പ്രതികരിച്ചിട്ടോ എഴുതിയിട്ടോ കാര്യമില്ലെന്നും അഭിപ്രായപ്പെട്ട എന്റെ സുഹൃത്തായ മാധ്യമ വിദ്യാര്‍ഥിനിയുടെ വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തി. സമൂഹത്തോട് വലിയ ഉത്തരവാദിത്വമുള്ള ഒരു ജോലിയിലേക്ക് കടക്കുന്ന പെണ്‍കുട്ടികള്‍ക്കു പോലും ഇതിനോട് പ്രതികരിച്ചിട്ട് കാര്യമില്ല എന്ന ചിന്തയാണുള്ളത്. ഇതു മാറണം, നിരന്തരമായ പ്രതികരണങ്ങളിലൂടെ മാത്രമെ മാറ്റങ്ങള്‍ ഉണ്ടാകൂ.

ബസ്സിലും, ജോലിസ്ഥലത്തും, സ്കൂളിലും പൊതുവഴിയിലും ശല്യം ചെയ്യുന്നവരെ എതിര്‍ക്കുവാന്‍ പെണ്‍കുട്ടികളെ സജ്ജരാക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, വരും തലമുറയെ കരുതലോടെ വളര്‍ത്തിയെടുക്കണം. സ്ത്രീകള്‍ തങ്ങള്‍ക്ക് തുല്ല്യരാണെന്നും, അവര്‍ക്കും എല്ലാ അവകാശങ്ങളും ഉണ്ടെന്നുമുള്ള ചിന്ത ആണ്‍കുട്ടികളില്‍ ഉണ്ടാക്കിയെടുക്കണം. അതോടൊപ്പം കപടസദാചാര ബോധവും നമ്മുടെ സമൂഹത്തില്‍ നിന്ന് ഇല്ലാതെയാകണം. ഇത്തരത്തില്‍ സമൂഹത്തിന്റെ കാഴ്ച്ചപ്പാടില്‍ മാറ്റം വരുത്തുകയാണ് ചെയ്യേണ്ടത്, അല്ലാതെ വധശിക്ഷ ഇതിനൊന്നും പരിഹാരമാകില്ല.