Friday, June 7, 2013

കുഞ്ഞൂഞ്ഞും രമേശനും പിന്നെ ഞാനും....

ദില്‍ജിത്ത് സി.ജി


(ഈ കഥയും കഥാപാത്രങ്ങളും തികച്ചും യഥാര്‍ഥം മാത്രമാണ്. ഇവയ്ക്ക് നിങ്ങളുടെ മനസിലെ സങ്കല്‍പ്പങ്ങളുമായി എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍, അതു ചുമ്മാ തോന്നുന്നതാ കേട്ടോ കാര്യമാക്കണ്ട)

ഞങ്ങടെ അപ്പുറത്തെ വീട്ടില്‍ എപ്പോഴും വഴക്കാ.. അവര്‍ വലിയ കൂട്ടുകുടുംബമാ അതുകൊണ്ടാരിക്കും നേരം വെളുക്കുമ്പോ മുതല്‍ നല്ല ബഹളം കേള്‍ക്കാം. അവിടെ ഒരു പാവം ചെറുക്കനുണ്ട് രമേശന്‍, അവനെയിട്ട് എല്ലാരും വട്ടംതട്ടലാ പതിവ്.

വീട്ടിലെ മൂത്ത ചേട്ടന്‍ കുഞ്ഞൂഞ്ഞാണ്, പുള്ളിക്ക് ആശാരിപ്പണിയാ. എല്ലാരും മൂത്താശാരി എന്നുവിളിക്കും. അതിയാന് ഒരു ബുള്ളറ്റും ഒരു CBR ബൈക്കും ഉണ്ട്. 2011 മെയ് മോഡലാണ് രണ്ടും. മൂത്താശാരിടെ അനിയന്‍ കുഞ്ഞാപ്പയാണ്. അതിയാന് ഐസ്‌ക്രീം കച്ചവടമാണ്. എല്ലാരും ഐസ്‌ക്രീം കുഞ്ഞാപ്പ എന്നാണ് പുള്ളിയെ വിളിക്കുന്നത്. മൂപ്പര്‍ക്ക് ഒരു ഡ്യൂക്ക് ബൈക്കാണുള്ളത്, അതില്‍ പോയാണ് ഐസ്‌ക്രീം വില്‍ക്കുന്നത്.

പിന്നെ മൂന്നാമത്തെയാള്‍ ഒരു കേമനാ.. കരിങ്കോഴയ്ക്കല്‍ മാണി പ്രമാണി. ഈ പ്രമാണിക്ക് ഒരു കരിസ്മ ബൈക്കുണ്ട്. പുള്ളിക്ക് കാശിന്റെ ഇടപാടൊക്കെയാ, ഈ ബൈക്കുംകൊണ്ട് നടന്നാ ചിട്ടിക്കാശൊക്കെ പിരിക്കുന്നത്. അടുത്തയാള്‍ക്ക് ഇത്തിരി വിനയം കൂടുതലാ, പേര് രാധാകൃഷ്ണന്‍. ഇയാള്‍ക്ക് പണ്ട് മൂന്നാറിലൊക്കെ വാടകവീട് ഒഴിപ്പിക്കലായിരുന്നു പരിപാടി. അന്നൊക്കെ ബുള്‍ഡോസര്‍ രാധ എന്നായിരുന്നു വിളിപ്പേര്. പിന്നെ അതൊക്കെ നിര്‍ത്തി. അടുത്തകാലത്ത് ഒരു നാടകത്തില്‍ മന്ത്രിയായിട്ട് അഭിനയിച്ചതിന് എ.സി.വി-ക്കാരുടെ അവാര്‍ഡ് ഒക്കെ കിട്ടിയാരുന്നു രാധയ്ക്ക്. രാധയ്ക്കും ഒരു പള്‍സര്‍ ബൈക്കുണ്ട്. അങ്ങനെ വീട്ടിലെ മറ്റെല്ലാ ചേട്ടന്‍മാര്‍ക്കും ഒരുമാതിരി കൊള്ളാവുന്ന വണ്ടികള്‍ ഉണ്ട്. എന്തിനേറെ പറയുന്നു, ഇവരുടെ കുഞ്ഞിപ്പെങ്ങള്‍ ജയലക്ഷ്മിക്കുവരെ ഒരു ആക്ടീവയുണ്ട്. രമേശനു മാത്രം ഇതുവരെ ഒരു ബൈക്കെടുക്കാന്‍ പറ്റിയില്ല. അതിന്റെ മനപ്രയാസവും പുള്ളിക്കുണ്ട്.

അങ്ങനെയിരിക്കുമ്പോ പെട്ടെന്നൊരു ദിവസം മൂത്താശാരി പുള്ളിടെ CBR രാധാകൃഷ്ണന്‍ ചേട്ടന് കൊടുത്തു, ഈ കാര്യത്തില്‍ കുടുംബത്തില്‍ വലിയ ചര്‍ച്ചയൊന്നും നടത്താന്‍ പോയില്ല, രമേശന്‍ അന്ന് നല്ല ബഹളമുണ്ടാക്കി, മൂത്താശാരിയുമായി പിണങ്ങി ചോറുണ്ണാതെയൊക്കെ ഇരുന്നു. എന്നിട്ടും ആരും ശ്രദ്ധിച്ചില്ല. അത് പിന്നെ കുറെ കഴിഞ്ഞപ്പൊ രമേശന്‍ അങ്ങ് ക്ഷമിച്ചു.

അങ്ങനെയിരിക്കുമ്പോഴാ ഇവരുടെ പിള്ളയമ്മാവന്‍ പുള്ളീടെ മോനുമായിട്ട് ഉടക്കുന്നത്. മകന്‍ പുള്ളീടെ കാര്യങ്ങളൊന്നും നോക്കുന്നില്ലെന്നാ പരാതി. വയസ്സും പ്രായവുമായാല്‍ എല്ലാര്‍ക്കും ഇതൊക്കെതന്നെയാ അവസ്ഥ, എന്നാ പറയാനാ. അങ്ങനെ പിള്ളേം പുള്ളേം തമ്മില്‍ തര്‍ക്കിച്ച് അവസാനം ഭാര്യ തല്ലിയെന്നും ഭാര്യയെ തല്ലിയെന്നുമൊക്കെ പറഞ്ഞ് ആകെ നാറ്റക്കേസായി. ഒടുവില്‍ അങ്ങേര് പുള്ളീടെ ബൈക്ക് വീടിന്റെ മുറ്റത്ത് വെച്ചിട്ട് ഇറങ്ങിപ്പോയി. അപ്പൊ രമേശന്‍ ഒന്ന് ആലോചിച്ചു, ഏതായാലും ഒരു ബൈക്ക് വെറുതെയിരിപ്പുണ്ട്, താണെങ്കില്‍ പഴയൊരു CT100 ആണ്, അത് ചേട്ടന്‍മാര്‍ക്ക് ആര്‍ക്കെങ്കിലും കൊടുത്തിട്ട് മൂത്താശാരിയെക്കൊണ്ട് ഒരു പുതിയ ബുള്ളറ്റ് വാങ്ങിപ്പിക്കാം.

പക്ഷെ ഒരു ബുള്ളറ്റ് പുള്ളീ കൊണ്ടുനടക്കുമ്പോള്‍ കുടുംബത്ത് വേറൊരെണ്ണം വാങ്ങുന്നത് മൂത്താശാരിയുടെ പേര് കുഞ്ഞൂഞ്ഞ് എന്നായിരിക്കുന്നത്രേം കാലം നടക്കില്ല. പിന്നെയെരു തീരുമാനമെടുക്കേണ്ടത് ഇവരുടെ കുഞ്ഞമ്മയാണ്. ഈ കുഞ്ഞമ്മയെ പണ്ട് ഇവരുടെ കൊച്ചച്ചന്‍ ഇറ്റലീന്ന് കെട്ടിക്കൊണ്ടുവന്നതാ. ഇപ്പൊ മലയാളമൊക്കെ പഠിച്ചു. ഇവിടുത്തെ ബാക്കി കാരണവന്‍മാരൊക്കെ മരിച്ചപ്പോള്‍ കാര്യങ്ങളൊക്കെ നോക്കുന്നത് ഈ കുഞ്ഞമ്മയാ. ഇറ്റലിക്കാരി കുഞ്ഞമ്മ ഒരു തീരുമാനം പറഞ്ഞാല്‍ ഓരുത്തനും അത് തെറ്റിക്കില്ല. രമേശന് കുഞ്ഞമ്മേടെയടുത്ത് പോയി ബൈക്ക് വേണമെന്ന് പറയാന്‍ പേടിയാരുന്നു. അതുകൊണ്ട് ചേട്ടന്‍മാരുടെയടുത്ത് വഴക്കുണ്ടാക്കി.

ഓന്നെങ്കില്‍ എനിക്ക് പുതിയ ബുള്ളറ്റ് വേണം, അല്ലെങ്കില്‍ രാധേട്ടന്റെ CBR എനിക്ക് തരണം. പുതിയ ബുള്ളറ്റ് വാങ്ങുന്നുണ്ടെങ്കില്‍ അതിനുള്ള അര്‍ഹത എനിക്കും ഉണ്ടെന്ന് മാണിപ്രമാണി പറഞ്ഞു. പക്ഷെ ഐസ്‌ക്രീം കുഞ്ഞാപ്പ പറഞ്ഞു 'ഇമ്മാതിരി ബുള്ളറ്റും വള്ളിക്കെട്ടും ഒന്നും ഞമ്മക്ക വേണ്ട, അത് ഞമ്മള് ആദ്യമേ പറഞ്ഞേക്കണ്...'

രണ്ട് ദിവസം കഴിഞ്ഞപ്പൊ മാണിപ്രമാണി പറഞ്ഞു, എനിക്ക് ബുള്ളറ്റ് വേണ്ട പുതിയത് ഉണ്ടെങ്കില്‍ രമേശനു കൊടുത്തോളൂന്ന്. അത് കേട്ടപ്പൊ കുഞ്ഞാപ്പക്ക് കുശുമ്പ് കയറി, രമേശന്‍ പുതിയ ബുള്ളറ്റ് വാങ്ങിക്കഴിയുമ്പോ വീട്ടിലെ രണ്ടാമത്തെ ബല്ല്യ ആളിയിപ്പോകുമോ? മൂത്താശാരി കുഞ്ഞൂഞ്ഞ് കഴിഞ്ഞാല്‍ വീട്ടിലെ രണ്ടാമത്തെയാള്‍ കുഞ്ഞാപ്പ ആണെന്നാ നാട്ടുകാരൊക്കെ പറയുന്നത്.  അപ്പൊ പിന്നെ കുഞ്ഞാപ്പയായിട്ട് കുറച്ചില്ല, പുതിയ ബുള്ളറ്റുണ്ടെങ്കി ഞമ്മക്കും വേണോന്ന് പറഞ്ഞു. ഇതുംകൂടി കേട്ടപ്പൊ മൂത്താശാരിടെ നെഞ്ചില്‍ ഇടിവെട്ടി.

ഇനിയിപ്പൊ പ്രശ്‌നം തീര്‍ക്കാന്‍ രാധേട്ടന്റെ CBR കൊടുക്കേണ്ടിവരും. അല്ലെങ്കില്‍ പുതിയ ബുള്ളറ്റിന്റെ കാര്യം തീരുമാനിക്കാന്‍ കുഞ്ഞമ്മേടെയടുത്ത് പോകണം. രാധേട്ടന്റെ CBR രമേശന് കൊടുക്കുമോ എന്ന് ചോദിക്കുന്നത് കെ.എസ്.ആര്‍.ടി.സി ലാഭത്തിലാക്കാമോ എന്ന് ചോദിക്കുന്ന പോലെയാണ്. മൂത്താശാരി ജീവിച്ചിരിക്കുമ്പോ അതിന് സമ്മതിക്കില്ല. വേറെ ഏതെങ്കിലും ബൈക്ക് കൊടുക്കാം എന്ന് പറഞ്ഞിട്ട് രമേശന്‍ സമ്മതിക്കുന്നില്ല. വീട്ടിലെ വഴക്ക് കാരണം ആരും പണിക്ക് പോകാതെയായി, അടുപ്പ് പുകയാത്ത അവസ്ഥയെത്തിയപ്പൊ, മൂത്താശാരി ഇറ്റലിക്കാരി കുഞ്ഞമ്മയെ കാണാന്‍ ചെന്നു. പുതിയ ബുള്ളറ്റ് വാങ്ങുന്ന കാര്യം പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചില്ല. ഒരുവീട്ടില്‍ രണ്ട് ബുള്ളറ്റ് വാങ്ങുന്ന പതിവ് ഇപ്പൊ നിര്‍ത്തി വെച്ചിരിക്കുവാ. ഇനിയിപ്പൊ നിങ്ങടെ വീട്ടില്‍ രണ്ട് ബുള്ളറ്റ് വാങ്ങാന്‍ സമ്മതിച്ചുന്ന് അറിഞ്ഞാല്‍, ഈ തറവാട്ടിലെ എല്ലാ വീട്ടിലും രണ്ട് ബുള്ളറ്റ് വാങ്ങേണ്ടിവരും, അത് തന്നെയല്ല, ഇപ്പൊ ഒരു ബുള്ളറ്റ് കൂടി തന്നാല്‍ അത് രേമേശനു കൊടുക്കുമോ അതോ കുഞ്ഞാപ്പയ്ക്ക് കൊടുക്കുമോ, അതും പ്രശ്‌നമായി. അവസാനം വീട്ടില്‍ പോയി പ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ പറഞ്ഞിട്ട് കുഞ്ഞമ്മ എണീറ്റ് പോയി.

പുതിയ ബുള്ളറ്റ് കിട്ടില്ലെന്ന ഉറപ്പായപ്പോള്‍ രമേശന്‍ രാധേട്ടന്റെ CBR കിട്ടാതെ അടങ്ങില്ല എന്നായി, അതു കൊടുക്കാന്‍ മൂത്താശാരി സമ്മതിക്കുന്നുമില്ല. ഇതിനിടയ്ക്ക് മറ്റേ പിള്ളയും പുള്ളയും കൂട്ടുകൂടി. അവന് അവന്റെ ബൈക്ക് അങ്ങ് കൊടുത്തേക്കണം അല്ലെങ്കില്‍ എനിക്ക് തരാമെന്ന് പറഞ്ഞ LML സ്‌കൂട്ടര്‍ ഞാന്‍ വേണ്ടാന്നുവെക്കും എന്ന് പിള്ളയമ്മാവന്‍ പറഞ്ഞു. ഇടിവെട്ടിയവനെ പാമ്പ് കടിച്ചിട്ട് ആശുപത്രിയില്‍ പോകുന്നവഴി സ്‌കൂട്ടര്‍ ഇടിച്ച് റോഡില്‍ വീണ് തല പെട്ടിയ അലസ്ഥയിലായി മൂത്താശാരി.

ഇവരുടെ വേറൊരമ്മാവന്‍ സുകുവണ്ണന്‍ പണ്ട് രമേശന് വലിയ താക്കോലുള്ള ഒരു ബൈക്ക് കൊടുക്കണം എന്ന് പറഞ്ഞതാ. പക്ഷെ അന്ന് രമേശന്‍ തന്നെ അത് വേണ്ടെന്ന് പറഞ്ഞു. കാരണം സുകുവമ്മാവന്‍ പറഞ്ഞതിന്റെ പേരില്‍ ബൈക്ക് വാങ്ങിയാല്‍, ജീവിതകാലം മൊത്തം അമ്മാവനെ ബൈക്കിന്റെ പുറകില്‍ കയറ്റി കറങ്ങേണ്ടിവരും. അല്ലെങ്കില്‍ നാട്ടുകാരുടെ മുമ്പില്‍ വച്ച് തെറി പറയും. അതിലും ഭേദം 'നാരായണവിലാസത്തിലെ' പൊറോട്ടയാണ്. പോരാഞ്ഞിട്ട് ഇപ്പൊ നടേശനമ്മാവനുമായിട്ടുള്ള പിണക്കമൊക്കെ മാറിയിരിക്കുവാ. ഈ അമ്മാവന്‍മാര്‍ രണ്ടുപേരുകുടെ രാത്രി കള്ളുകുടിച്ച് വന്നിട്ട് വീടിന്റെ മൂമ്പിന്‍ നിന്ന് കുഞ്ഞൂഞ്ഞിനെയും രമേശനെയും തെറിപറച്ചിലാ. ഞങ്ങള് നാട്ടുകാര്‍ക്ക് അതൊരു രസമുള്ള പരിപാടിയാ, ഇവിടുത്തെ എ.സി.വിക്കാര് ആഴ്ചയില്‍ ഒരു ദിവസം ഇതൊരു പരിപാടിയായിട്ട് കാണിക്കുന്നുണ്ട്. നല്ല പരസ്യമാ ആ സമയത്ത്.

രമേശന്‍ ആളിങ്ങനെ ഇരിക്കുന്നെങ്കിലും ഒറ്റയ്‌ക്കൊന്നുമല്ല കേട്ടോ, ഒരു കൂട്ടുകാരനുണ്ട്. പുള്ളിക്ക് വാഴക്കുല കച്ചവടമാ. അങ്ങനെ വാഴയ്ക്കന്‍ എന്ന് പേരും വീണു. ഈ വാഴയ്ക്കന്‍ രമേശനു വേണ്ടി എപ്പോഴും ബഹളം വയ്ക്കറുണ്ട്. 2011 മെയ് മാസത്തില്‍ മൂത്താശാരി ബുള്ളറ്റ് വാങ്ങിയപ്പൊ രണ്ടര വര്‍ഷം കഴിയുമ്പോള്‍ അത് രമേശന് കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് വാഴയ്ക്കന്‍ നാട്ടുകാരോടൊക്കെ പറഞ്ഞു. ഇത് കേട്ട് രമേശന്‍ വരെ ഞെട്ടിപ്പേയി. പക്ഷെ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടര വര്‍ഷം കഴിഞ്ഞ് ഒരു വാഴയ്ക്കയും തരാമെന്ന് സമ്മതിച്ചിട്ടില്ലെന്ന് വാഴയ്ക്കന്‍ തന്നെ മാറ്റിപ്പറഞ്ഞു. പിന്നെ രമേശനോട് സ്‌നേഹമുള്ള സുധാകരന്‍ ചേട്ടനും രമേശനുവേണ്ടി ഏതാണ്ടൊക്കെ പറയാറുണ്ട്. എന്ത് കാര്യം വന്നാലും അഭിപ്രായം പറയുന്ന പൂഞ്ഞാറ്-കാരന്‍ ചേട്ടായി ഇവിടെ രമേശന് ബൈക്ക് കൊടുക്കും എന്ന് ഉറപ്പിച്ചു പറഞ്ഞു. ജൂണ്‍ പത്തിന് കോളേജ് തുറക്കുമ്പോള്‍ രമേശന്‍ പുതിയ ബൈക്കില്‍ കോളേജില്‍ വരുമെന്നും പുള്ളി നാട്ടുകാരോട് പറഞ്ഞു.

എന്നിട്ടും തീരുമാനമായില്ല, CBR അല്ലാതെ വേറൊരു ബൈക്ക് രമേശന്‍ വാങ്ങുകയുമില്ല, മൂത്താശാരി CBR കൊടുക്കുകയുമില്ല. ബൈക്ക് വേണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയ കാര്യം നാട്ടുകരെല്ലാം അറിഞ്ഞു. അവസാനം അത് കിട്ടിയുമില്ല, രമേശന് ഇത് വലിയ നാണക്കേടായി. അതിന് രമേശന്‍ ഒന്നും ചോദിച്ചില്ലല്ലോ, ആരും ഒന്നും തരാമെന്നും പറഞ്ഞില്ലല്ലോ.. ഇങ്ങനെയൊക്കെ പറഞ്ഞ് പിടിച്ചുനിന്നു. എന്തായാലും ശശി പിന്നെയും സോമനായി.

മാനം പോയ രമേശന്‍, 'എനിക്കിനി ചോറുവേണ്ട' എന്ന് പറഞ്ഞപ്പോള്‍ എല്ലാം പൂര്‍ത്തിയായി എന്നോര്‍ത്തതാ, സമ്മതിക്കില്ല. നെഞ്ചിലും പുറത്തും വെളുത്ത രോമമുള്ള ഒരു കറുത്ത തടിയന്‍ രമേശന് CBR തന്നെ കൊടുക്കണം എന്ന് പറഞ്ഞേ്് വന്നിട്ടുണ്ട്. ഇയാള്‍ക്ക് പണ്ട് നെല്ലിക്ക കച്ചവടമായിരുന്നു, അടുത്തകാലത്ത് ഈ കച്ചവടത്തിന്റെ കണക്ക് പറഞ്ഞ് ആരാണ്ടൊക്കെ വന്നപ്പൊ നാടുവിട്ടതാ, പിന്നെ ഇപ്പൊഴാ പുള്ളിയെക്കുറിച്ച് കേള്‍ക്കുന്നത്. ഇനിയിപ്പോ ഇറ്റലിക്കാരി കുഞ്ഞമ്മയും ഈ കുടുംമ്പത്തീന്നു പോയ ആന്റ്പ്പനും ചേര്‍ന്ന്് പിന്നേം ചര്‍ച്ച നടത്താന്‍ പോകുവാ....

ഇത് അടുത്തെങ്ങാനും തീരുമോ, ഒന്നും വേണ്ടെന്ന് പറഞ്ഞാലും സമ്മതിക്കില്ലല്ലോ, ഇവിടെ കുടുംബക്കാരും നാട്ടുകാരുമെല്ലാം പനി പിടിച്ച് ചാകാന്‍ തുടങ്ങി, അപ്പോഴും അവരെ ആശുപത്രീല്‍ കൊണ്ടുപോകാന്‍ നോക്കാതെ മൈ മൈ ബൈക്ക് വാങ്ങുന്ന കാര്യോം പറഞ്ഞ് വഴക്കിട്ടിരിക്കുവാ.

അല്ല നിങ്ങള് പറ, ഇവന്‍മാരെയൊക്കെ എന്നതാ ചെയ്യണ്ടത്?