Thursday, March 14, 2013

കറന്റ് അക്കൌണ്ട് കമ്മി- ചില ആശങ്കകള്‍



              രശ്മി ഭാസി
                                           

                           ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആശങ്കയിലാഴ്ത്തികൊണ്ട് കറന്റ് അക്കൌണ്ട് കമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 5.4% ഉയര്‍ന്നിരിക്കുന്നു. 2012 ഡിസംബര്‍ 31 ന് പുറത്തുവിട്ട ഈ നിരക്ക് മുന്‍ വര്‍ഷം ഇതേ കാലയളവിലുള്ള 4.2% വുമായി താരതമ്യം ചെയ്യുമ്പോഴാണ് പ്രശ്നത്തിന്റ ഗൌരവം മനസിലാകുന്നത്.കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കറന്റ് അക്കൌണ്ട് കമ്മി 5% കടന്നിരിക്കുന്നത്.
     
                               ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് നടത്തുന്ന കയറ്റുമതി വഴി രാജ്യത്തെത്തുന്ന വരുമാനവും, വിദേശരാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളുടെയും സാധനങ്ങളുടെയും ഇറക്കുമതി വഴി രാജ്യത്തുനിന്നുംപുറത്തേക്ക് ഒഴുകുന്ന പണവും തമ്മിലുളള വ്യത്യാസമാണ് കറന്റ് അക്കൌണ്ട് കമ്മിയെയും മിച്ചത്തെയും തീരുമാനിക്കുന്നത്. അതായത് രാജ്യത്തിന്റെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുളള വ്യത്യാസമാണ് കറന്റ് അക്കൌണ്ട് കമ്മി.രാജ്യത്തിന്റെ കയറ്റുമതി കുറഞ്ഞും ഇറക്കുമതി കൂടിയും ഇരുന്നാല്‍ കറന്റെ അക്കൌണ്ട് കമ്മിയായിരിക്കും.ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. മറിച്ച് ഇറക്കുമതി കുറവും കയറ്റുമതി കൂടിയുമിരുന്നാല്‍ കറന്റ് അക്കൌണ്ട് മിച്ചമായിരിക്കും ഇത് രാജ്യത്തിന് നേട്ടമാണ്. 
     
                                       2012-2013 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതിയില്‍ ഉണ്ടാക്കിയ ഇടിവാണ് കമ്മിയുടെ പ്രധാന കാരണം. ഇറക്കുമതിയിലെ വര്‍ദ്ധനവ് വ്യാപാരക്കമ്മി ഉയര്‍ത്തി, ഇത് കറന്റ് അക്കൌണ്ട് കമ്മിയുടെ ഉയര്‍ച്ചയ്ക്ക്കാരണമായി. അതോടൊപ്പം  സ്വര്‍ണ്ണം, എണ്ണ എന്നിവയുടെ ഇറക്കുമതിയില്‍ തുടര്‍ച്ചയായ ഉണ്ടായ വര്‍ദ്ധനവാണ് മറ്റൊരു കാരണം. ഇതിനു പരിഹാരമായി ജനുവരി പകുതിയോടെ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 4% നിന്നും 6% ഉയര്‍ത്തി. ലോകത്ത് ഏറ്റവും അധികം സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാഷ്ട്രമായ ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി വെട്ടിച്ചുരുക്കി കറന്റ് അക്കൌണ്ട് നിയന്ത്രണ വിധേയമാക്കുക എന്നതായിരുന്നു ലക്ഷ്യം. സ്വര്‍ണം വാങ്ങുന്നതിനുള്ള ബാങ്ക് വായ്പയ്ക്ക് റിസര്‍വ്വ്ബാങ്ക് ഏര്‍പ്പെടുത്തിയ നിരോധനം കമ്മി കുറയ്ക്കുന്നതിനുള്ള മികച്ച നടപടിയായിരുന്നു. 
                             
                                  നിലവിലുള്ള വര്‍ദ്ധനവ് രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നതില്‍ സംശയം ഇല്ല. രൂപയുടെ മൂല്യത്തില്‍ ഉണ്ടാകുന്ന മാറ്റം ഒരു പരിധിവരെ കറന്റ് അക്കൌണ്ട് കമ്മിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 
കമ്മി വര്‍ദ്ധിക്കുന്നതനുസരിച്ച് രൂപയുടെ മൂല്യം കുറയും, അതോടൊപ്പം രാജ്യത്തിന്റെ ബാലന്‍സ് ഓഫ് പെയ്മെന്റിനെയും ഇത് പ്രതികൂലമായി ബാധിക്കും. കമ്മി 3% കടക്കുന്നത് രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ്ങില്‍ മാറ്റം വരുത്തും. എന്നാല്‍ അന്താരാഷ്ട്ര റേറ്റിങ്ങ് ഏജന്‍സികളുടെ തരം താഴ്ത്തലില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള ശ്രമം 2013-14 വര്‍ഷത്തെ ബഡ്ജറ്റ് അവതരണത്തില്‍ ഉണ്ടായി. 
                                            
                                  രാജ്യം ഇപ്പോള്‍ കമ്മി നികത്തുന്നത് ഓഹരി വിപണിയിലെ വിദേശനിക്ഷേപത്തെയും, വായ്പകളെയും,പ്രത്യക്ഷവിദേശനിക്ഷേപത്തെയും ആശ്രയിച്ചാണ്. എന്നാല്‍ വിദേശനിക്ഷേപത്തെ വന്‍തോതില്‍ ആശ്രയിക്കുന്നത് രാജ്യത്തിന് തിരിച്ചടിയാകും. ഏതു നിമിഷവും പിന്‍വലിക്കാവുന്ന നിക്ഷേപമാണിത്. കുതിച്ചുയരുന്ന കറന്റ് അക്കൌണ്ട് കമ്മി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളിയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറക്കുമതി ചെയ്യുന്ന ഉപഭോക്തൃ വസ്തുക്കളുടെ മേല്‍ ഏര്‍പ്പെടുത്താവുന്ന തീരുവയാണ് ഒരു പരിധിവരെ ഇതിനുള്ള പരിഹാരം.


                                                      


4 comments:

  1. blogile kanni ezhuth kalaki.........keep it up

    ReplyDelete
  2. My Hearty congrates dear..Well Began Half done...so superb..simple ..relavant..informative..precise..go on dear

    ReplyDelete