Saturday, February 16, 2013

കോട്ടയവും സൂര്യനെല്ലിയാകുന്നുവോ?

ദില്‍ജിത്ത് സി.ജി


''ആശിച്ചു മോഹിച്ച് സൂര്യനെല്ലിയില്‍ പണിത വീട് നിസാര വിലയ്ക്ക് വിറ്റ് കോട്ടയത്തു വന്നത് എന്തുകൊണ്ടാണെന്നറിയാമോ? ഹൈറേഞ്ചിലേക്ക് ടൂര്‍ വരുന്നവര്‍ക്ക് കൌതുകത്തോടെ കാണാനുള്ള കാഴ്ചയായി മാറുകയാണ് ഞങ്ങളുടെ വീട് എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. ആളുകള്‍ വഴിയില്‍ വണ്ടിനിറുത്തി ആകാംഷയോടെ നോക്കിയിരിക്കുന്ന കാഴ്ച, അതിന്റെ വേദന സങ്കല്‍പിക്കാനാവുമോ നിങ്ങള്‍ക്ക്? സത്യത്തില്‍ ഞങ്ങള്‍ എന്തു തെറ്റാണ് ചെയ്തത്?''
(ഫെബ്രുവരി ലക്കം വനിതയിലെ അഭിമുഖത്തില്‍ സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകള്‍)

ഇന്ന് (16/02/13) വി.എസ്സ് സൂര്യനെല്ലി പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിച്ചു. അത് ലൈവ് കൊടുക്കാന്‍ നമ്മുടെ ദൃശ്യ മാധ്യമങ്ങള്‍ മത്സരിച്ചു, ഓരോ ചാനലിന്റെയും DSNG Van റോഡരികില്‍ വരിവരിയായി നിരത്തിയിട്ടു ലൈവ് കൊടുത്തു. ചാനല്‍പ്പടയുടെ വണ്ടികള്‍ റേഡരികില്‍ കണ്ടപ്പോള്‍ നാട്ടുകാരും യാത്രക്കാരും വണ്ടി നിര്‍ത്തി കാര്യം തിരക്കി, കെ.എസ്.ആര്‍.ടി.സി ബസുകള്‍ വരെ കാര്യമറിയാന്‍ നിര്‍ത്തിയിട്ടു. അറിഞ്ഞവര്‍ ഉറക്കെ പറഞ്ഞുകൊടുത്തു ''സൂര്യനെല്ലി പെണ്ണിന്റെ വീടാണ്, വി.എസ് വരുന്നുണ്ട്''
അവര്‍ പറഞ്ഞു ''അത് ഈ വീടായിരുന്നു അല്ലേ''

പിന്നെ ബസും ലോറിയും ഒക്കെ വേഗം കുറയ്ക്കുമ്പോള്‍ തന്നെ ചിലര്‍ കാര്യം വിളിച്ചുപറഞ്ഞുകൊടുത്തു. അതങ്ങനെ തുടര്‍ന്നു. വീടിനരികില്‍ വന്‍ ജനക്കൂട്ടമായി.

വി.എസ് വരുന്നത് ഇങ്ങനെ റോഡരികില്‍ വണ്ടികള്‍ നിരത്തിയിട്ട് മത്സരിച്ച് ലൈവ് കൊടുക്കേണ്ട കാര്യമുണ്ടായിരുന്നോ? വി.എസ് പറയാന്‍ പോകുന്നത് എത്രവലിയ കാര്യമാണെങ്കിലും അല്പം താമസിച്ചാണെങ്കിലും പുറത്തുവിട്ടാല്‍ പോരായിരുന്നോ?

മത്സരവും റേറ്റിങ്ങും ഒക്കെ നോക്കുമ്പോള്‍ ഇതൊക്കെ പറയുന്നവന്‍ മണ്ടനാകും. വാര്‍ത്ത കൊടുക്കുന്നതില്‍ ഏതെങ്കിലും ഒരുത്തന്‍ മുന്നിലായാല്‍ അത് ഇവരുടെ കഞ്ഞികുടിയെ ബാധിക്കുന്ന കാര്യവുമാണ്. ചാനലിന്റെ തലപ്പത്തുനിന്നുള്ള നിര്‍ദ്ദേശമല്ലേ, പെണ്‍കുട്ടിയുടെ റോഡരികിലെ വീടിനു മുമ്പില്‍ ചാനലുകളുടെ പേരെഴുതിയ വണ്ടികള്‍ നിരത്തിയിട്ടാല്‍ എന്താകുമെന്ന് തലപ്പത്തുള്ളവര്‍ക്കറിയാമോ?. ജനങ്ങള്‍ക്ക് വാര്‍ത്ത വേണം, അത് ആദ്യം കിട്ടുന്ന ചാനല്‍ നോക്കി അവര്‍ പോകും. അവര്‍ക്കുവേണ്ടതു വേഗത്തില്‍ കൊടുക്കാന്‍ ഇവര്‍ മത്സരിക്കുകയും ചെയ്യും. അവരെയും കുറ്റം പറയാന്‍ പറ്റില്ല.

എന്നിട്ട്  20 മിനിറ്റിനു ശേഷം അടച്ചിട്ട മുറിയില്‍ നിന്ന് പുറത്തുവന്ന വി.എസ് കാര്യമായി എന്തെങ്കിലും പറഞ്ഞോ? പിന്നെ എന്തിനായിരുന്നു ഈ ഓട്ടമൊക്കെ? ഏതായാലും അന്ന് അറസ്റ്റു ചെയ്തപ്പോള്‍ വീട് അറിയാതിരുന്ന കുറേ പേര്‍ക്കുകൂടി സൂര്യനെല്ലി പെണ്ണിന്റെ വീടു മനസ്സിലായി. ഇനി അതുവഴി പോകുമ്പോള്‍ മറ്റുള്ളവര്‍ക്കും കാണിച്ചുകൊടുക്കാമല്ലോ ആ വീട്. ആളുകള്‍ക്ക് വണ്ടി നിര്‍ത്തി റോഡരികില്‍ നിന്ന് കാണുകയും ചെയ്യാം.

 സൂര്യനെല്ലിയിലെ വീടിനെക്കുറിച്ചു പറഞ്ഞ ആ അമ്മയുടെ വാക്കുകള്‍ ഒന്ന് ഓര്‍ക്കുക... ഇവിടെയും അതുതന്നെയാണ് നടക്കുന്നത്..... ആരാണ് ഇതിനൊക്കെ കാരണക്കാര്‍? നമ്മള്‍ ഓരോരുത്തരും തന്നെയാണ്. ഇരകള്‍ എന്നും വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കും .

1 comment:

  1. diljith....u r gr8 ..... kollamadaa,,,super,,keep it up..

    ReplyDelete