Wednesday, January 9, 2013

രാജ്യത്തിന്റെ ധീരപുത്രി


മുഹമ്മദ് ഷാമോന്‍
              
     
ഒരു വ്യക്തിയുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു- 'ഞാനൊരു സ്ത്രീയാണ്, പൂര്‍ണ്ണനഗ്നയായി തെരുവിലൂടെ നടക്കുന്നു.. എന്നാല്‍ എന്നെ പീഡിപ്പിക്കാനുള്ള അധികാരം നിങ്ങള്‍ക്കില്ല....'

                                                 അതിക്രൂരമായ ബലാല്‍സംഘത്തിനും കിരാതമായ അക്രമണത്തിനും  ഇരയാകേണ്ടി വന്ന 'ആ പെണ്‍കുട്ടി' മരണമടഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത പേരറിയാത്ത അവള്‍ക്കായി ഒരു ജനത ഒന്നടങ്കം തേങ്ങി. രാജ്യം അതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കുമാണ് ഈ സംഭവം  വഴിവച്ചത്. രാഷ്ട്രപതിഭവനു മുന്‍പില്‍ ഒരു രാജ്യത്തിന്റെ യുവത്വം തങ്ങളുടെ മാനത്തിനും ജീവനും വേണ്ടി പോരാടിയ ദിനങ്ങള്‍. ആശ്വസിപ്പിക്കാനോ ശാന്തമാക്കാനോ അറിയാതെ പ്രതിസന്ധിയിലായ ഭരണകര്‍ത്താക്കള്‍. ഒരു വലിയ ജനാധ്യപത്യ രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ ഒരു സ്ത്രീക്ക് സുരക്ഷിതത്വം നല്‍കാന്‍ പോലും കഴിയാത്ത സര്‍ക്കാരോ.? ചോദ്യങ്ങളും ഉത്തരങ്ങളും പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു. ഉറങ്ങിയിരുന്നവര്‍ ഉണര്‍ന്നു, ഉണര്‍ന്നിരുന്നവര്‍ വീണ്ടും ശബ്ദിച്ചു. എന്നാല്‍ മറ്റു ചിലര്‍ ഉറക്കം നടിച്ചു പിന്നീട് അവര്‍ പറഞ്ഞതോ ചില അസംബന്ധങ്ങള്‍..
                        സ്വാതന്ത്യം ലഭിച്ചിട്ട് അരനൂറ്റാണ്ടിലേറെയായ ഒരു രാജ്യം. അതിന്റെ വിപ്ളവ വീര്യം ഇപ്പോഴും നെഞ്ചിലേറ്റുന്ന ജനത. അതിലേറെയായി സാംസ്കാരിക സമ്പന്നമായ ജനതയെന്ന് സ്വയം അഹങ്കരിക്കുന്നു. തങ്ങളുടെ സംസ്കാരവും ജീവിതവും കണ്ടു പഠിക്കുവാനായി   'ഇന്‍ക്രഡിബിള്‍ ഇന്ത്യ'യിലേക്ക് വിദേശികളെ സ്വഗതം ചെയ്യുന്നവര്‍. പശ്ചാത്യ സംസ്കാരത്തെയും ജനതെയും പുച്ഛത്തോടെ വീക്ഷിക്കുന്നു. കുറച്ചുനാളുകളായി സ്വയം പുച്ഛിക്കാനായി മടിക്കുന്നു. എന്താണ് തങ്ങള്‍ക്ക് സംഭവിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതെ പോകുന്നു...!
                                                
                                                      പീഡനം നടന്നത് ഭാരത്തിലാണ് ഇന്ത്യയിലല്ല, പരിഷ്കാരികളും പശ്ചാത്യരെ ആനുകരിക്കുന്നവരുമുള്ള ഇന്ത്യയില്‍. രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക സംഘടന എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘടനാതലവന്റെ വാക്കുകളാണിത്. പാശ്ചാത്യ സംസ്കാരത്തിന്റെ ഉള്ളടക്കം പീഡനവും ബലാല്‍സംഘവുമാണെന്ന് ആരാണ് പറഞ്ഞത്...? അതോ അവര്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സ്വാതന്ത്യത്തിലും അവകാശത്തിലും അസൂയമൂത്ത് പറഞ്ഞുപരത്തുന്നതോ..? അതല്ല വിദേശ വനിതകളെ കണ്ട്് പഠിച്ചാല്‍ അടുക്കളക്കുള്ളില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമെന്ന ഭയമോ, സ്തീയുടെ ശമ്പളത്തില്‍ നിന്ന് പങ്കുപറ്റിയാല്‍ അത് അഭിമാന കുറവാകുമെന്ന തോന്നലോ..? കാര്‍ണ്ണവന്മാരിലാരോ പണ്ട് എഴുതിവച്ച പുസ്തക താളുകളില്‍ സ്ത്രീ വീട് നോക്കേണ്ടിയവളും തന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാനും പോറ്റാനുമുള്ള ഉപകരണം മാത്രമെന്ന് ചേര്‍ത്തിരിക്കുന്നതുകൊണ്ടോ..? എന്തിനാണ് നമ്മുടെ ജനത ഇപ്പോഴും സ്ത്രീകളെ ഇരുട്ടത്ത് നിര്‍ത്തുവാന്‍ തയ്യാറാകുന്നത്. വെളിച്ചം നിറഞ്ഞ അവരുടെ ലോകത്തിനു മുന്‍പില്‍ തടസ്സമാകുന്നത്...!
                          
                      ട്രെയിനില്‍ പീഡനത്തിനിരയായ സൌമ്യയും, ബസ്സില്‍ പീഡനത്തിനിരയായ ആ പെണ്‍കുട്ടിയും ഒന്നും പശ്ചാത്യ സംസ്കാരത്തിന്റെയോ മറ്റെന്തെങ്കിലുമെന്റെയോ ബാക്കി പത്രങ്ങളായിരുന്നില്ല. ഭാരതത്തിന്റെ മക്കള്‍ തന്നെയായിരുന്നു. പീഡനത്തിരയായത് എന്റെ സഹോദരിയാണ അത് ചെയ്തത് എന്റെ സഹോദരന്‍മാരും, കമലഹാസന്‍ പറഞ്ഞ ഈ വാക്കുകള്‍ ഉള്‍ക്കൊള്ളുവാന്‍ നാം തയ്യാറാകണം. മാറുന്ന ലോകത്തിനനുസരിച്ച്  കാഴ്ചപ്പാടുകളെ മാറ്റുവാനും സത്യങ്ങളെ അംഗീകരിക്കാനും കഴിയണം. ലഭിക്കുന്ന അറിവിനെ അജ്ഞതയില്‍ നിന്നും പുറത്തേക്ക് വരാനുളള ഉപാധിയായി മാറ്റണം. വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും എടുക്കുന്ന സമയം കാര്യങ്ങളെ ഗ്രഹിക്കാനും അത് പ്രായോഗികമാക്കി മാറ്റാനും വിനിയോഗിക്കണം. 

                                                     ഒരുപാട് ധീര സ്ത്രീത്വങ്ങള്‍ പിറന്ന് ജീവിച്ച ഈ മണ്ണില്‍ അവരുടെ പിന്‍മുറക്കാര്‍ക്ക് എല്‍കേണ്ടിവരുന്ന കൊടിയ പീഡനങ്ങള്‍ എത്രയോ ദൌര്‍ഭാഗ്യകരമാണ.് രാജ്യത്തിന്റെ പല കോണുകളില്‍ നിന്ന് ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ വിത്യസമില്ലാതെ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ. കുട്ടികള്‍ മുതല്‍ വാര്‍ധക്യമെത്തിയവര്‍ വരെ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നു.. ഓരൊ നാല്‍പത് മിനിറ്റിലും ഒരു സ്ത്രീ പീഡനത്തിനിരയാകുന്നുവെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്തിനും ഏതിനും ഭാരത സംസ്കാരത്തെ കൂട്ട് പിടിക്കുന്നവര്‍ സ്ത്രീകള്‍ക്ക് ഭാരതം നല്‍കുന്ന ബഹുമാനത്തെയും സ്ഥാനത്തെയും മറന്ന് പോകുന്നു. ജീവശാസ്ത്രപരമായും ആരോഗ്യപരവുമായുമെല്ലാം സ്ത്രീക്കും പുരുഷനും വ്യത്യാസങ്ങള്‍ ഏറെ ആണെങ്കിലും, അവരിലെ സമാനതകളും ഏറെയാണ് എന്നാല്‍ സ്ത്രീയുടെ പോരായ്മകള്‍ പുരുഷന,് അവളുടെമേലുള്ള ആധിപത്യത്തിന്റെ ഉപാധിയായി കാണുന്ന പുരുഷ സങ്കല്‍പ്പം മാറേണ്ടിയിരിക്കുന്നു. സമത്വം എന്ന വാക്കിന്റെ അര്‍ത്ഥതലങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാനും, അത് സമൂഹത്തിലേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അനിവാര്യമായിരിക്കുന്നു.. ലോകത്തിനൊപ്പം ചിന്താഗതിയും വിശാലക്കിമാക്കേണ്ടതുണ്ട്.
                                                                               സമചിത്വതയോടെ ചിന്തിക്കേണ്ടിയിരിക്കുന്ന സമയം അതിക്രമിച്ചിരിക്കിന്നു. ബലാല്‍സംഘം ചെയ്യുന്നവര്‍ക്കും കൊലപ്പെടുത്തുന്നവര്‍ക്കും നല്‍കുന്ന ശിക്ഷയെക്കുറിച്ചും മറ്റും ആധികാരികമായ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ തന്നെ, ഇനിയൊന്ന് ഇതുപോലെ സംഭവിക്കാതിരിക്കാന്‍ കാലിക സമൂഹത്തില്‍ എന്തുചെയ്യാന്‍ നമ്മെകൊണ്ട് സാധിക്കുമെന്നതും കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രായത്തില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ അപ്പുറം കേട്ടുനടുങ്ങിയ മനസ്സുമായി  വളര്‍ന്നുവരുന്ന ഒരു തലമുറ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് വേണ്ട അവബോധവും സുരക്ഷിതത്വവും നല്‍കി നന്മയുടെ നാളുകളിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ നമുക്ക് കടമയുണ്ട്. സ്ത്രീ അമ്മയാണ,് സഹോദരിയാണ,് ദൈവമാണ് എന്നൊക്കെ പഠിച്ചത് ആരൊക്കയോ മറന്ന് പോയിരിക്കുന്നു.. കണ്ണീനീര്‍ തുള്ളിയെ സ്ത്രീയോട് ഉപമിച്ച കാവ്യവരികള്‍ ഇനിയും ഏറ്റു പാടേണ്ടതില്ല... അത് ആ കാലഘട്ടത്തിന്റെ വരികള്‍ മാത്രമാണ്....കാലം മാറി... മാറ്റങ്ങള്‍ ഉള്‍ക്കൊളളണം.. ഇല്ലെങ്കില്‍ അവരുടെ കണ്ണീര്‍ തുള്ളി വീണ് ഈ മണ്ണ് ഇനിയും കുതിര്‍ന്നുകൊണ്ടേയിരിക്കും.

                                             മരണത്തെ നേരില്‍കണ്ടപ്പോഴും 'ആ പെണ്‍കുട്ടി' പേടിക്കുകയോ തനിക്ക് നേരിടേണ്ടിവന്ന മൃഗീയ നിമിഷങ്ങളെ ഓര്‍ത്ത് സഹതപിക്കുകയോ ചെയ്തില്ല. എനിക്ക് ജീവിക്കണം അവരെ ശിക്ഷിക്കണം എന്നാണ് അവള്‍ പറഞ്ഞത.് 'ആ പെണ്‍കുട്ടി'യുടെ ആത്മധൈര്യവും ആര്‍ജവവും നേഞ്ചിലേറ്റാന്‍ തയ്യാറാവണം നമ്മുടെ യുവത്വം. രാജ്യം മാതൃകാപരമായിതന്നെ ആ പ്രതികളെ ശിക്ഷിക്കണം. വരും തലമുറയ്ക്കായി പെണ്‍കുട്ടികളുടെ നിലനില്‍പ്പിനായി രക്തസാക്ഷിത്വം ഏറ്റെടുത്തവള്‍. കവല പ്രസംഗങ്ങളില്‍ കൈയ്യടി മേടിക്കുവാനോ സഹതാപതരംഗങ്ങള്‍ക്കോ ആവരുത് അവളുടെ പേരോ സംഭവമോ പറയേണ്ടത്. അവളെ ഈ രാജ്യത്തിലെ ധീരയായ യുവതിയായെ ലോകത്തിന് മുന്‍പില്‍ കാണിക്കാവൂ.. കാരണം, ഈ മനോവീര്യം നെഞ്ചിലേററിയിരിക്കുന്നു ഇന്ത്യയുട യുവത്വം. ...!
                                         
                                                
                                                    

                                          
                                               
  

6 comments: