Sunday, January 20, 2013

ബോട്ടിലുകള്‍ നമ്മളോടു ചെയ്യുന്നത്.....




ആഷ രാജു

ഇത് നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന ഒരു വസ്തുവിന്‍റെ  പിന്നാമ്പുറകഥയാണ്. മിനറല്‍ വാട്ടറിന്‍റെയും  സോഫ്റ്റ്‌ ഡ്രിങ്ക് സ്കളുടെയും ബോട്ടിലുകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍. ഇത് വായിക്കുമ്പോളും നിങ്ങളില്‍ പലരുടെയും സമീപം..  ബാഗില്‍..  റൂമില്‍ ഇത്തരം കുപ്പികളില്‍ ആയിരിക്കും വെള്ളം സൂക്ഷിച്ചിരിക്കുന്നത്. ആവര്‍ത്തിച്ചുള്ള ഉപയോഗത്തിന് വിലയായി നല്‍കി കൊണ്ടിരിക്കുന്നത് സ്വന്തം ആരോഗ്യം തന്നെയാണെന്ന് നാം മറക്കുന്നു. അല്ലെങ്കില്‍ സൗകര്യപൂര്‍വ്വം മറന്നതായി ഭാവിക്കുന്നു.

മിനറല്‍ വാട്ടര്‍ / സോഫ്റ്റ്‌ ഡ്രിങ്ക് സ്  കുപ്പികളുടെ അടിവശത്തോ  ലേബലിലോ  ആയി 1-6 വരെയുള്ളതില്‍  ഒരക്കവും (മിക്കവാറും ഒരു ത്രികോണത്തില്‍) PET എന്നീ അക്ഷരങ്ങളും കാണാം. PET എന്നാല്‍ പോളി എ ഥിലീന്‍  ടെറഫ്തലെറ്റ് . പാകേജിംഗ് മേഖലയില്‍ PET എന്നും ടെക്സ്ടൈല്‍  മേഖലയില്‍ പോളി എസ്റ്റര്‍  എന്നുമാണ് ഇതിനെ വിളിക്കുന്നത്‌. PET സുതാര്യവും ദൃഡമായതും ഓക്സിജനെ തടയാന്‍ കഴിയുന്നതുമാണ്. കൂടാതെ കാര്‍ബണ്‍ ഡയോക്സൈഡിനെ അടക്കി നിര്‍ത്താന്‍ കഴിയുന്നതുമാണ്. ഈയൊരു പ്രത്യേകത കൊണ്ടാണ് കാര്‍ബണേറ്റഡ  പാനീയങ്ങള്‍ക്കു PET നിര്‍മ്മിത കുപ്പികള്‍ ഉപയോഗിക്കുന്നത്.

ഇത്തരം കുപ്പികളില്‍ CRUSH THE BOTTLE AFTER USE എന്ന വാക്യവും ചിത്രവും കാണാം. എന്നാല്‍ ഇത് അവഗണിച്ചു നമ്മില്‍ പലരും തണുത്ത വെള്ളവും ചൂടുവെള്ളവും മറ്റും സൂക്ഷിക്കാനായി ഇത്തരം കുപ്പികള്‍  ഉപയോഗിക്കുന്നു. പോളി എസ്റ്റര്‍  കുടുംബത്തിലെ തെര്‍മോ പ്ലാസ്റ്റിക്ക്  പോളിമറായ (ചൂടേ റ്റാല്‍ രൂപം മാറുന്നവ) PET -ന് പരമാവധി 93 ഡിഗ്രി ചൂട് വരെ മാത്രമേ പ്രതിരോധിക്കാനാവു അതിലധികം ആയാല്‍ പ്ലാസ്റ്റിക് ഉരുകും

വളരെ അസ്ഥിരമായ തന്മാത്രചെയിനുകള്‍  (unstable chain of molecules )കളാണ് ഇത്തരം പോളി കാര്‍ബനെറ്റുകള്‍ക്കുള്ളത് . നിരന്തര ഉപയോഗത്തിലും ഉയര്‍ന്ന ഊഷ്മാവിലും ഈ തന്മാത്ര  ചെയിനുകള്‍ വിഘടിച്ചു ബിസ്ഫെനോള്‍ A (BPA ) എന്നൊരു  രാസവസ്തു ഉണ്ടാകുന്നു. രൂക്ഷമായ ദോഷഫലങ്ങള്‍ ഉളവാക്കുന്ന മനുഷ്യ നിര്‍മ്മിതമായ കെമിക്കലാണ്  BPA . ബോട്ടില്‍ പുതിയതാണോ പഴയതാണോ എന്നല്ല അതില്‍ ശേഖരിക്കുന്ന വെള്ളത്തിന്റെ ചൂടാണ് ഉല്‍പാ ദിപ്പിക്കപെടുന്ന BPA -ടെ അളവ് നിയന്ത്രിക്കുന്നത്‌. സ്കോട്ട് ബെല്‍ഷറിന്റെ ഗവേഷണത്തില്‍ കണ്ടെത്തിയത് ചൂടുവെള്ളത്തിന്റെ സാന്നിധ്യത്തില്‍ 55 ശതമാനം വരെ  കൂടുതല്‍  BPA സൃഷ്ടിക്കപെടുന്നു എന്നാണ് . അതായത് തണുത്ത വെള്ളമാണ് ഉള്ളതെങ്കില്‍ 0.2-0.8 നാനോഗ്രാം വരെ BPA ഉല്പാദിപ്പിക്കപെടും എന്നാല്‍ ചൂടുവെള്ളം ആണെങ്കില്‍ ഇത് 8-32 വരെ നാനോഗ്രാം ആയി വര്‍ധിക്കും. ഒരു മണിക്കൂറിലെ  കണക്കാണിത്. PET ബോട്ടിലുകളില്‍ ചൂടുവെള്ളം സൂക്ഷിക്കുമ്പോള്‍ സൃഷ്ടിക്കപെടുന്ന ഈ BPA വെള്ളത്തിലൂടെ ആ വെള്ളം കുടിക്കുന്നവരുടെ ശരീരത്തിലും എത്തുന്നു.

ശരീരത്തിലെ സ്വാഭാവിക ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങള്‍ തെറ്റായ രീതിയില്‍ അനുകരിച്ചു ശാരീരിക പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കാന്‍ കഴിവുള്ളവയാണ്‌ BPA. പ്രത്യുല്പാദന ശേഷിയെയും  ബുദ്ധി വികാസത്തെയും വിപരീതമായി ബാധിക്കുന്ന ഇവ ജനന വൈകല്യങ്ങള്‍ക്കും കാരണമാകുന്നു. എന്‍വയോണ്‍മെന്‍റ്   കാലിഫോര്‍ണിയ റിസര്‍ച് ആന്‍ഡ്‌ പോളിസി സെന്റര്‍  BPA -ടെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് 130 ഗവേഷണങ്ങളാണ് നടത്തിയത്. ഇതില്‍ വെളിവായത് BPA പ്രധാനമായും സ്ത്രീ ഹോര്‍മോണ്‍ ആയ ഈസ്ട്രജനെയാണ്  അനുകരിക്കുന്നത് എന്നാണ്. സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനും മൂത്രാശയ കാന്‍സറിനും  കാരണമാകുന്ന BPA പുരുഷന്മാരില്‍ പ്രോസ്റ്റെറ്റ് കാന്‍സറിനു ദൂതനാകുക മാത്രമല്ല പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ  ലെവല്‍ കുറക്കുകയും ചെയ്യുന്നു. കൂടാതെ ലിംഗ ഭേദമെന്യേ ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കുകയും അത് വഴി ടൈപ്പ് 2 പ്രമേഹത്തിന്  വഴി മരുന്നിടുകയും ചെയ്യുന്നു. അബോര്‍ഷനുള്ള സാധ്യത വര്‍ദ്ധിപ്പികുകയും ചെയ്യുന്നു BPA

കൈയില്‍ കിട്ടുന്നതെന്തും വായില്‍ വയ്ക്കുന്ന സ്വഭാവമുള്ള കുഞ്ഞുങ്ങള്‍. അവരുടെ വിരല്‍ ഒഴികെ വായില്‍ വയ്ക്കുന്നത് എന്തും പ്ലാസ്റിക് ആണെന്ന് നാം ശ്രദ്ധിക്കാറില്ല വഴിയോരത്ത് 10 രൂപക്കും 20 രൂപക്കും കിട്ടുന്ന നിറപ്പകിട്ടാര്‍ന്ന കളിപ്പാട്ടങ്ങള്‍ കുട്ടി ചൂണ്ടികാണിക്കുമ്പോളെ  നാം വാങ്ങി കൊടുക്കുന്നു. ഇത്തരം ചൈനീസ് കളിപ്പാട്ടങ്ങളില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ഗുരുതര പ്രശ് നങ്ങളാണ്  ആ കുഞ്ഞു ശരീരങ്ങളില്‍ സൃഷ്ടിക്കുന്നത്. ഇന്നത്തെ  കുട്ടികള്‍ വളരെ നേരത്തെ പ്രായപൂര്‍ത്തിയാകുന്നു  എന്ന് പലരും പരിതപിക്കാറുണ്ട്. ജങ്ക് ഫുഡ്‌ ശീലത്തോടൊപ്പം മിനറല്‍ വാട്ടര്‍/സോഫ്റ്റ്‌ ഡ്രിങ്ക്സ് കുപ്പികളും ഇതിനു കാരണമാകുന്നു. പെട്ടന്ന് തന്നെ ശരീരത്തെ  ലൈംഗിക പക്വതയില്‍ എത്തിക്കുന്ന ഇത്തരം കെമിക്കലുകള്‍ പക്ഷെ അണ്ട -ബീജ ഉത്പാദനത്തെ മന്ദീഭവിപ്പിക്കുന്നു. കുട്ടികാലത്ത് കളിപ്പാട്ടങ്ങളിലൂടെയും  പിന്നീട്  PET ബോട്ടിലുകളുടെയും ഉള്ളില്‍ എത്തുന്ന BPA -ഉം മറ്റു കെമിക്കലുകളും അവരെ വന്ധ്യതയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിക്കുകയാണ്. PET ബോട്ടിലുകളില്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത  കെമിക്കലുകള്‍ക്ക്  പ്രത്യുല്പാദന ഹോര്‍മോണുകളെ ദോഷകരമായി സ്വാധീനിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു.

ഹാര്‍വാര്‍ഡ സ്കൂള്‍ ഓഫ്  പബ്ലിക്‌  ഹെല്‍ത്ത് റിസര്‍ച്ചേഴ്സിന്‍റെ  പഠനങ്ങള്‍ പ്രകാരം ഒരാഴ്ച തുടര്‍ച്ചയായി പോളി കാര്‍ബനെറ്റ്  ബോട്ടിലുകളില്‍ നിന്നും തണുത്ത വെള്ളം ഉപയോഗിച്ചപ്പോള്‍ മൂത്രത്തിലെ BPA -ടെ അളവ് 69 ശതമാനം ആണ് വര്‍ധിച്ചത്. ചൂടുവെള്ളം ആണെങ്കില്‍ ഇതിലും എത്രയോ അധികം ആയിരിക്കും എന്ന് ആലോചിക്കാവുന്നതേയുള്ളൂ .

പ്ലാസ്റ്റിക്‌ ബോട്ടിലുകളിലെ ചൂടുവെള്ളം മാത്രമല്ല വില്ലനാകുന്നത്. ഒറ്റതവണ മാത്രം ഉപയോഗിക്കാന്‍ ഉദേശിച്ചുള്ള  ഈ കുപ്പികളില്‍ വീണ്ടും വീണ്ടും വെള്ളമെടുക്കുന്നത് - തണുത്ത വെള്ളം ആണെങ്കില്‍ പോലും- ദോഷകരം തന്നെയാണ്. ബോട്ടിലുകളില്‍ കാന്‍സറിനു   കാരണം ആകുന്ന ഡി ഈഥയില്‍ ഹൈഡ്രോ ക്സിലാമിന്‍ (DEHA) എന്ന കെമിക്കല്‍ അടങ്ങിയിരിക്കുന്നു. ബോട്ടിലുകള്‍ ആവര്‍ത്തിച്ചു ഉപയോഗിക്കുമ്പോള്‍ ഈ  കെമിക്കലുകള്‍ ആ വെള്ളത്തിലൂടെ നമ്മുടെ ശരീരത്തില്‍  എത്തുന്നു. ഇതുവരെ നടത്തിയിട്ടുള്ള എല്ലാ പരീക്ഷണങ്ങളിലും തന്നെ വീണ്ടും ഉപയോഗിക്കുന്ന ബോട്ടിലുകളിലെ വെള്ളത്തില്‍ DEHA അടങ്ങിയിട്ടുണ്ട്. ബ്രെ സ്റ്റ് , പ്രോസ്റ്റെറ്റ്, ഒവേറിയന്‍  കാന്‍സറുകള്‍ക്ക് വഴിമരുന്നിടുന്ന ഇവ കരളിനെയും പ്രതികൂലമായി ബാധിക്കുന്നു. വന്ധ്യതക്കും DEHA കാരണം ആകുന്നു. ശരീരത്തിന്‍റെ  എന്‍ഡോക്രൈന്‍  വ്യവസ്ഥയാകെ താളം തെറ്റിക്കുവാനും DEHA -ക്ക്   കഴിയും. PET ബോട്ടിലുകള്‍ ആവര്‍ത്തിച്ചു ഉപയോഗിക്കുമ്പോള്‍ BPA പുറപ്പെടുവിക്കാനുള്ള അതിന്‍റെ  കഴിവും കൂടുകയാണെന്ന് മറക്കാതിരിക്കുക.

പ്ലാസ്റ്റിക്  ബോട്ടിലുകളില്‍ വൈന്‍ സൂക്ഷിക്കരുത്‌ എന്ന് പറയാറുണ്ട്‌. അതിന്‍റെ ശാസ്ത്രീയ  വശം കൂടി നോക്കാം. പ്ലാസ്റ്റികില്‍  അടങ്ങിയിരിക്കുന്ന ടെറഫ്താലിക് ആസിഡ് ജലത്തില്‍ ലയിക്കില്ല. എന്നാല്‍ ഇത് ആല്‍കഹോളില്‍ (വൈനില്‍ )വളരെ വേഗം ലയിച്ചു ചേരും. ഇത് ആരോഗ്യത്തിന് ദോഷകരമാണ് . ഇക്കാര്യം ശ്രദ്ധിക്കുന്ന നമ്മള്‍ പക്ഷെ ചൂടുവെള്ളം നിര്‍ദോഷം ആണെന്ന് വിചാരിക്കുന്നു

നിങ്ങളില്‍ അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുകളില്‍ എത്ര പേര്‍ PET ബോട്ടിലുകള്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്നു എന്നും എത്ര പേര്‍ ചൂടേ റ്റു രൂപം മാറിയ ബോട്ടിലുകളില്‍ ഇപ്പോളും വെള്ളം കുടിക്കുന്നു എന്നും മനസ്സില്‍ ഓര്‍ത്തു കൊണ്ട് ശ്രദ്ധിക്കുക ....

1. PET ബോട്ടിലുകള്‍ ആവര്‍ത്തിച്ചു ഉപയോഗിക്കരുത്. അവ ഒരു തവണ മാത്രം ഉപയോഗിക്കാന്‍ ഉദേശിച്ചുള്ളതാണ്.

2. കളിമണ്‍/സ്റ്റീല്‍ പാത്രങ്ങളാണ് ആരോഗ്യകരം. അതിനു കഴിയാത്ത സാഹചര്യങ്ങളില്‍ ഫുഡ്‌ ഗ്രേഡ് ഉള്ള ബോട്ടിലുകളും പാത്രങ്ങളും മാത്രം ഉപയോഗിക്കുക.

3. PET ബോട്ടിലുകള്‍ ഉപേക്ഷിക്കുക. നിങ്ങളുടെ സുഹൃത്തുകളെ അതിനു പ്രേരിപ്പിക്കുക .

4. ഓരോ വര്‍ഷവും ഈ ലോകത്തില്‍ 25 ബില്യന്‍ വാട്ടര്‍ ബോട്ടിലുകള്‍ ഉത്പാദിപ്പിക്കുന്നതില്‍ 80 ശതമാനവും റീസൈകിള്‍ ചെയ്യപ്പെടുന്നില്ല . നമ്മുടെ പ്രകൃതിയോടു നാം ചെയ്തു കൊണ്ടിരിക്കുന്ന മറ്റൊരു ദ്രോഹം .

5. സ്വന്തം ശരീരത്തെ ദ്രോഹിക്കാന്‍ നിങ്ങള്‍ക്ക്  അവകാശം ഉണ്ടെന്നു വാദിക്കാം . എന്നാല്‍ അടുത്ത തലമുറയെയും ഈ പ്രകൃതിയെയും നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല.

3 comments: