Monday, January 28, 2013

ആറന്‍മുളയുടെ ശബ്ദം...

  സുദീപ് കുമാര്‍ പി.എസ്സ്

പ്രവാസികളും വിദേശപണവും ഏറ്റവുമധികം വന്നുപോകുന്ന ജില്ലകളിലൊന്നായ പത്തനംതിട്ടയില്‍ ഒരു വിമാനത്താവളം വേണമെന്നതു ന്യായമാണെങ്കിലും, അത് ആറന്‍മുളയില്‍തന്നെ ആവണമെന്ന് വാശിപിടിക്കുന്ന കപടവികസന വാദികളെ, നിങ്ങളോടൊന്ന് ചോദിച്ചോട്ടെ...?
1. ഈ പറയുന്ന വൈദേശിക ബന്ധങ്ങള്‍ എത്തുംമുന്‍പേ, തിരുവിതാംകൂറിന്റെ ഭൂപടത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നതും, ചരിത്ര ശേഷിപ്പില്‍ ഉള്‍പ്പെടുന്നതുമായ പൈതൃക ഗ്രാമമാണ് ആറന്‍മുളയെന്നത് അറിയാമല്ലോ..?
2. ആരുടെയൊക്കയോ സമ്മര്‍ദ്ദത്താല്‍, ഏതോ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ച ഒരു കമ്പനി വിമാനത്താവളമെന്ന പേര് പറഞ്ഞപ്പോള്‍ മാത്രമാണല്ലോ പലര്‍ക്കും ഈ പൂതി കയറിയത്.?. ഇതിനുമുന്‍പ് നിങ്ങള്‍ എവിടെയായിരുന്നു...?
3. പത്തനംതിട്ടയിലെ നല്ല നേതാക്കള്‍ ആരും വിമാനത്താവളത്തെ എതിര്‍ക്കില്ലെന്ന ഒരു പരാമര്‍ശം നേരത്തെ കേട്ടിരുന്നു, അവര്‍ ആരൊക്കെയാണ്..?   വടിവൊത്ത ഖദറുമണിഞ്ഞ്, മഞ്ഞച്ചിരിയുമായി നാല് ശിങ്കിടികളേയും കൂട്ടുപിടിച്ച് അഞ്ച് വര്‍ഷത്തിലൊരിക്കല്‍, വോട്ടിനുവേണ്ടി പര്യടനം നടത്തുന്ന നാണംകെട്ട രാഷ്ട്രീയ കോമരങ്ങളേയോ..? അതോ....!
4. ആറന്‍മുളയിലെ മണ്ണും, വയലും, പൈതൃകവും, അതിന്റെയൊപ്പം പാവപ്പെട്ടവന്റെ കിടപ്പാടവും വെട്ടിപ്പിടിയ്ക്കാന്‍ വെമ്പല്‍ കൊള്ളുന്ന വികസന വാദികളേ.... നിങ്ങളുടെ കൈവശമുള്ള ഒരു തരിമണ്ണ് സര്‍ക്കാരിനോ അല്ലെങ്കില്‍ പാവപ്പെട്ടവനോ വിട്ടുകൊടുക്കാന്‍ നിങ്ങള്‍ തയ്യാറാകുമോ..? ആവശ്യത്തിന് റോഡുകളും പാലങ്ങളും നല്‍കി അടിസ്ഥാന സൌകര്യവും, അതിന്റെയൊപ്പം ജനങ്ങള്‍ക്ക് നീതിയും സുരക്ഷിതത്വവും വര്‍ധിപ്പിക്കാന്‍ ശ്രമിക്കേണ്ടതിനു പകരം, സമ്പന്നവര്‍ഗ്ഗം പിച്ചതരുന്ന എച്ചില്‍തിന്ന് അവരുടെ ചെരുപ്പുനക്കി ജീവിക്കേണ്ട ഗതി ഈ ജനതയ്ക്ക് ആവശ്യമില്ല..
ഇന്നേവരെ, ഈ മേഖലയില്‍ ഒരു മുന്‍പരിചയവുമില്ലാത്ത, ആരുടെയൊക്കെയോ കീശ വീര്‍പ്പിക്കാന്‍ തട്ടിക്കൂട്ടിയ ഒരു ഗ്രൂപ്പിനുവേണ്ടി സ്വന്തം അസ്ഥിത്വം പണയം വെക്കേണ്ട ആവശ്യമുണ്ടോ....
  
 അതെ, അവര്‍ പറയുന്നു- 'ഇത് ആറന്‍മുളയുടെ മണ്ണാണ്.....
                                             ആറന്‍മുളയപ്പന്റെ മണ്ണ്...........'.

1 comment:

  1. really true... development must not be at the cost of nature.. and of course must not be at the cost of people..

    ReplyDelete