Thursday, January 17, 2013

മരുന്നുകള്‍ സുരക്ഷിതമോ........???

ദില്‍ജിത്ത് സി.ജി


(ഞാന്‍ കുറച്ചു നാളുകളായി കേരളത്തിലെ മരുന്നു വിപണിയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് ഒരു ലേഖനം തയ്യാറാക്കി വരുകയായിരുന്നു. ഈ വിവരങ്ങള്‍ 13.01.2013-ല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ബി.രാജേഷ് കുമാറിന്റെ ലേഖനത്തിലൂടെ പുറത്തുവന്നു. എനിക്കു ലഭിച്ച വിവരങ്ങളില്‍ അതിനോടു ബന്ധപ്പെട്ടവ ഇവിടെ നല്‍കുന്നു.)

വിപണിയിലെത്തുന്ന മരുന്നുകള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തേണ്ട ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. നിലവില്‍ നടക്കുന്ന മരുന്നു പരിശോധനകള്‍ പ്രഹസനം മാത്രമായി മാറുന്നു. പരിശോധനാ സംവിധാനങ്ങള്‍ പരിമിതമായതിനാല്‍ മരുന്നുകള്‍ പൂര്‍ണ്ണമായും വിപണിയില്‍ നിന്നു വിറ്റുപോയതിനു ശേഷം മാത്രമാണ് അവയുടെ പരിശോധനാഫലങ്ങള്‍ പുറത്തുവരുന്നത്. ഈ മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്ന രോഗികള്‍ യഥാര്‍ഥത്തില്‍ മരുന്നു പരീക്ഷണത്തിനാണ് വിധേയരായിക്കൊണ്ടിരിക്കുന്നത്.

ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച പട്ടികയില്‍ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ 116 ഇനം മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്. ഇവയില്‍ 2008-ല്‍ നിര്‍മ്മിച്ച മരുന്നുകള്‍ പോലും ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ പരിശോധനകള്‍ നടത്തി ഫലം പുറത്തുവരുമ്പോള്‍ ഈ മരുന്നുകള്‍ പൂര്‍ണ്ണമായും വിറ്റുതീര്‍ന്നിരിക്കും എന്നതാണ് സത്യം. നിരോധിച്ചവയില്‍ 24-ഇനം മരുന്നുകള്‍ ഗവണ്‍മെന്റ് സംവിധാനങ്ങളിലൂടെ നല്‍കിയവയാണെന്ന് ഈ പട്ടികയിലൂടെ വ്യക്തമാകുന്നു. ഇത്തരത്തില്‍ ഉപയോഗത്തിനു ശേഷം വില്‍പന നിരോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയവയുടെ പട്ടികയില്‍ ജീവന്‍രക്ഷാ മരുന്നുകളും ഉണ്ടെന്നുള്ളത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.

ഹൃദ്രോഗികള്‍ക്കു നല്‍കുന്ന DIL 30, Isosorbide dinitrate , വലിവ്-ആസ്ത്മ എന്നിവയ്ക്കു നല്‍കുന്ന Salbutamol,  അവശ്യ മരുന്നുകളായ Dexametnasone Tab, പ്രമേഹത്തിനുള്ള Glimepride Tab, Glimkap  1, മാനസിക രോഗികള്‍ക്കു നല്‍കുന്ന Olanzapine Tab, Lithium Carbonate Tab, Litholenet 300, രക്തസമ്മര്‍ദ്ദത്തിനു നല്‍കുന്ന Metoprolol Tartrate, Amlodip A.T, Nemlol-A.T, ഹൃദ്രോഗികള്‍ക്ക് രക്തം കട്ടപിടിക്കാതിരിക്കാന്‍ നല്‍കുന്ന Aspirin Tab എന്നിവയുടെ ചില ബാച്ചുകള്‍ കഴിഞ്ഞ വര്‍ഷം നിരോധിച്ച മരുന്നുകളുടെ പട്ടികയില്‍പ്പെടുന്നു.

അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കു നല്‍കുന്ന മരുന്നുകള്‍ പോലും ഗുണനിലവാരമില്ലാത്തവയാണ് എന്നു കണ്ടെത്തുന്നത് ഉപയോഗത്തിനു ശേഷം ഏറെക്കാലം കഴിഞ്ഞാണ്. വിപണിയിലിറങ്ങുന്ന മരുന്നുകളില്‍ വളരെ പരിമിതമായ അളവില്‍ മാത്രമേ പരിശോധനകള്‍ നടത്തപ്പെടുന്നുള്ളു. ഇതിലും എത്രയോ ഏറെയാണ് പരിശോധിക്കപ്പെടാതെ പോകുന്നത് എന്നത് ഞെട്ടലുളവാക്കുന്ന വസ്തുതയാണ്. പരിശോധന നടത്തുന്നവയുടെ കാര്യത്തിലാണെങ്കില്‍ ഫലം യഥാസമയം പുറത്തുവരുന്നുമില്ല.

നിലവിലെ സാഹചര്യത്തില്‍ നാം കഴിച്ചുകൊണ്ടിരിക്കുന്ന ഒരു മരുന്നും ഗുണനിലവാര പരിശോധന നടത്താത്തവയാണ് എന്നതാണ് സത്യം. ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകണമെങ്കില്‍ വര്‍ഷാവര്‍ഷം വിപണിയില്‍ ഇറങ്ങുന്ന മരുന്നുകളുടെ പരിശോധന യഥാസമയം നടത്തി ഫലം പുറത്തു കൊണ്ടുവരേണ്ടതാണ്

1 comment:

  1. marunnu kazhichu marikkanum marunnu kazhikkathe marikkanum freedom ulla naadu... Kashtam.

    Gud report Diljith..

    ReplyDelete