Tuesday, January 1, 2013

പീഡനം, അതിക്രമം, കപടസദാചാരം

ദില്‍ജിത്ത് സി.ജി

(സമീപകാലത്തെ പത്ര-ദൃശ്യ മാധ്യമങ്ങളില്‍ നിന്നാണ് ഈ ലേഖനത്തിലേക്ക് വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്, അവയില്‍ വന്നിട്ടുള്ള കുറച്ചു വാചകങ്ങളും ഇവിടെ എടുത്ത് ഉപയോഗിച്ചിട്ടുണ്ട്, ആ മാധ്യമങ്ങളോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു)

      'എന്റെ രാജ്യ തലസ്ഥാനത്താണ് മാനഭംഗം നടന്നത്, എന്റെ സഹോദരിയാണ് അതിനിരയായത്. ഇതിലെ നാണക്കേട് എന്തെന്നാല്‍, എന്റെ സഹോദരങ്ങളാണ് ഇത് ചെയ്തത്. ഇതിനപ്പുറം നമ്മെ നിരാശരാക്കുന്ന മറ്റെന്താണുള്ളത്?' ഡല്‍ഹി സംഭവത്തെക്കുറിച്ചുള്ള കമലഹാസന്റെ വാക്കുകളാണിത്. ഡല്‍ഹിയില്‍ നടന്നത് ലൈംഗിക തൃപ്തിക്കുവേണ്ടി മാത്രം നടത്തിയ ഒരു ശ്രമമായിരുന്നില്ല, മൃഗീയമായ അക്രമമാണ് ഉണ്ടായത്. പെണ്ണായി പിറന്നു പോയതുകൊണ്ടുമാത്രം അവള്‍ അതിനു വിധേയയാകേണ്ടിവന്നു.

സ്ത്രീയെ അവകാശങ്ങളൊന്നുമില്ലാത്ത ഒരു ശരീരമായി മാത്രം കാണുന്ന പുരുഷാധിപത്യ ചിന്തയില്‍ നിന്നാണ് ഈ അക്രമം ഉണ്ടായത്. മര്‍ദ്ദിച്ച് അവശയാക്കാനും ജനനേന്ദ്രിയത്തില്‍ കമ്പിവടി കയറ്റി കുടലുമാല പുറത്തുവരുത്തുകയും ചെയ്യാന്‍മാത്രം ഒരു മുന്‍ വൈരാഗ്യവും അവര്‍ക്കുണ്ടായിരുന്നില്ല. പിന്നെയെന്തിനാണ് ഇത്ര വലിയ പീഡനം? രാത്രിയില്‍ ഒരു ആണ്‍ സുഹൃത്തിനൊപ്പം യാത്രചെയ്തു എന്നതായിരിക്കാം അവരെ ഇതിനു പ്രേരിപ്പിച്ചത്. മദ്യ ലഹരിയില്‍ മനുഷ്യത്വം നശിച്ചുപോയ മൃഗങ്ങളുടെ അക്രമത്തിനാണ് ആ പെണ്‍കുട്ടി ഇരയായത്. ജീവിത്തിലേക്ക് തിരിച്ചുവരാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നുവെങ്കിലും, ഒടുവില്‍ രാജ്യത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് അവള്‍ മരണത്തിനു കീഴടങ്ങി.

വലിയ പ്രതിഷേധങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ വേഗത്തില്‍ നടപടികളെടുക്കാന്‍ നിര്‍ബന്ധിതരായി. പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍, ജൂഡീഷ്യല്‍ കമ്മീഷന്‍, അപൂര്‍വ മാനഭംഗക്കേസുകളില്‍ കടുത്ത ശിക്ഷ ഉറപ്പാക്കല്‍, പൊതു ഗതാഗതം മെച്ചപ്പെടുത്തല്‍, സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കല്‍. ഇവയൊക്കെ വളരെ നേരത്തെ തന്നെ ചെയ്യാമായിരുന്ന കാര്യങ്ങള്‍ മാത്രമാണ്. യുവതിയുടെ ആയുസ്സ് ഏതാനും ദിവസങ്ങള്‍ നീട്ടിക്കൊണ്ടുപോകാന്‍ മാത്രമെ സാധിക്കൂ എന്നും, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകില്ല എന്നും ഉറപ്പുണ്ടായിരുന്നു. അതിനിടയില്‍ ഹൃദയാഘാതവും ഉണ്ടായ കുട്ടിയെ ഉടന്‍ സിംഗപ്പൂരിലേക്ക് മാറ്റിയത് വെറും രാഷ്ടീയ തീരുമാനം മാത്രമായിരുന്നു. ഇന്ത്യയില്‍വെച്ച് മരിച്ചാലുണ്ടാകാവുന്ന വലിയ പ്രതിഷേധങ്ങള്‍ ഭയന്നാണ് ഇതു ചെയ്തത്.

ആരും ആഹ്വാനം ചെയ്യാതെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഭരണാധികാരികളെക്കൊണ്ട് ഉടന്‍ നടപടികളെടുപ്പിക്കാന്‍ സാധിച്ചു എന്നത് വലിയ പ്രതീക്ഷയുളവാക്കുന്നു. എന്നാല്‍ ഇന്ത്യയുടെ പല ഭാഗത്തുനിന്നും പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പോലും ഡല്‍ഹിയില്‍ തന്നെ 40കാരി ബലാല്‍സംഗത്തിനിരയായി, ഡല്‍ഹി കോര്‍പ്പറേഷന്റെ ബസ്സില്‍ സ്ത്രീയ്ക്കെതിരെ അപമാന ശ്രമമുണ്ടായി. ആ ഒരാഴ്ച്ചകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരു ഡസനിലധികം ലൈംഗിക അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നതും വലിയ നാണക്കേടുണ്ടാക്കുന്നു. സ്ത്രീകളുടെ രക്ഷയ്ക്കും സ്വാതന്ത്യ്രത്തിനും വേണ്ടി നടന്ന ഈ സമരത്തില്‍ പോലും ചിലര്‍ നുഴഞ്ഞുകയറി സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും, നിയമം കൈയിലെടുക്കുകയും ചെയ്തു എന്നത് ഇന്നത്തെ അവസ്ഥ എത്ര ഭീകരമാണ് എന്നു വ്യക്തമാക്കുന്നു.

സമരം ചെയ്തത് മേയ്ക്കപ്പിട്ട സുന്ദരിമാര്‍ ആണ്, ഇന്ത്യയ്ക്കു ലഭിച്ചത് അര്‍ദ്ധരാത്രി ഇറങ്ങി നടക്കുന്നതിനുള്ള സ്വാതന്ത്യ്രമല്ല, പീഡനം തടയാന്‍ സ്കൂള്‍ വിദ്യാര്‍ഥിനികളുടെ പാവാട നിരോധിക്കണം, പെണ്‍കുട്ടികള്‍ അക്രമിക്കപ്പെടുന്നത് അവരുടെ വസ്ത്രത്തിന്റെ കുഴപ്പംകൊണ്ടാണ് എന്നൊക്കെ രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുകയും തിരുത്തിപ്പറയുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ അവസ്ഥ തന്റെ മകളെ ഓര്‍മ്മിപ്പിച്ചുവെന്നും, പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും ഷൊര്‍ണ്ണൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൌമ്യയുടെ അമ്മ പ്രതികരിച്ചു. ഡല്‍ഹിയിലെ സംഭവങ്ങള്‍ക്ക് സൌമ്യയുടെ മരണവുമായി ഏറെ സാമ്യങ്ങളുണ്ട്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ എഡിറ്റ് ചെയ്യാതെ സംപ്രേഷണം ചെയ്തതിന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ കാണിച്ച വേഗം, കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് ശിക്ഷ നല്‍കുന്നതിലും ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കാം

പീഡനക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കണോ എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുവരുന്നത്. എന്നാല്‍ ഈ നിയമം നടപ്പാക്കിയാല്‍ പീഡനം കുറയുമെന്ന് ഉറപ്പാക്കാനാകുമോ? ശിക്ഷയുടെ കുറവുകൊണ്ടല്ല അക്രമങ്ങള്‍ കൂടുന്നത്, അക്രമങ്ങള്‍ കുറയ്ക്കാന്‍ സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളാണ് മാറേണ്ടത്. നിലവിലുള്ള സംവിധാനത്തില്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മുതല്‍ അന്വേഷണം അട്ടിമറിക്കുവാനുള്ള സാധ്യതയും ഉണ്ടാകുന്നു. അതിനാല്‍ കടുത്ത ശിക്ഷ വിധിച്ചിട്ടും കാര്യമുണ്ടാകില്ല. നിലവിലുള്ള ശിക്ഷ വേഗത്തില്‍ നടപ്പാക്കുകയാണ് വേണ്ടത്.

ഇത്തരം കേസുകളില്‍ വധശിക്ഷ ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ കേസുകള്‍ റിപ്പേര്‍ട്ട് ചെയ്യപ്പെടാതെ പോകും. സ്വന്തം അച്ഛനും, സഹോദരനും, അമ്മാവനുമൊക്കെ പ്രതികളായി വരുമ്പോള്‍ ഇരകളാകുന്ന പെണ്‍കുട്ടികള്‍ക്ക് ഇത് കൂടുതല്‍ സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങള്‍ പുറത്തുവരാതെ മറച്ചുവയ്ക്കപ്പെടാനും കാരണമാകും. ഇപ്പേള്‍ തന്നെ ഇത്തരത്തിലുളള കേസുകള്‍ ഏറ്റവും കൂടുതല്‍ പുറത്തുവരാതെ പോകുന്നത് ഇന്ത്യയിലാണ്, ആ കണക്കുകള്‍ ഇനിയും കൂട്ടാന്‍ മാത്രമെ ഇതു വഴിതെളിക്കൂ. തന്നെയുമല്ല, വധശിക്ഷ ഒഴിവാക്കുന്നതിനുളള വാദങ്ങള്‍ ലോകത്തെമ്പാടും നടന്നികൊണ്ടിരിക്കുമ്പോള്‍, ബലാല്‍സംഗത്തിനുകൂടി അത് ഏര്‍പ്പെടുത്തണമെന്ന് വാശിപിടിക്കരുത്. നിലവിലുളള ബലാല്‍സംഗ കേസുകളില്‍ വിചാരണ വേഗത്തില്‍ തീര്‍ക്കാന്‍ ചില കോടതികള്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നിലവിലെ രീതിയില്‍ പഴുതുകളടച്ചുകൊണ്ടുളള നിയമ ഭേദഗതിയാണ് ഉണ്ടാകേണ്ടത് എന്ന് അഭിപ്രായം ഉയരുന്നു.

വേശ്യാലയങ്ങള്‍ നിയമ വിധേയമായതിന്റെ പേരില്‍ നമ്മള്‍ തള്ളിപ്പറയുന്ന രാജ്യങ്ങളില്‍ പോലും സ്ത്രീകള്‍ തെരുവില്‍ ഇത്രയുമേറെ അക്രമിക്കപ്പെടുന്നില്ല എന്ന വസ്തുത അടുത്തകാലത്ത് ചര്‍ച്ചകളിലൂടെ പുറത്തുവന്നതാണ്. രാത്രിയില്‍ സഞ്ചാര സ്വാതന്ത്യ്രം ഇല്ലാത്തവരാണ് സ്ത്രീകള്‍ എന്ന ചിന്തയാണ് സമൂഹത്തിനുള്ളത്. പുരുഷന്‍മാര്‍ക്ക് ഏതുസമയത്തും എവിടെയും പോകാം. രാത്രി ഇറങ്ങി നടക്കേണ്ടി വരുന്നവള്‍ അക്രമിക്കപ്പെടേണ്ടവര്‍ ആണെന്നും ഇവര്‍ കരുതുന്നു. സ്ത്രീകള്‍ എന്നും സദാചാരത്തിന്റെ വലയത്തില്‍ നില്‍ക്കേണ്ടവരാണെന്ന് ഇവര്‍ വാശിപിടിക്കുന്നു. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ പീഡനത്തിനിരയാകുന്നു. 'ഒരു നാല്‍പ്പത്തെട്ടുകാരനെ വികാരംകൊള്ളിക്കുന്ന എന്താണ് ഒരു അഞ്ചു വയസ്സുകാരിയുടെ നിഷ്കളങ്ക ഭാവത്തില്‍ ഉള്ളത്' എന്ന ചോദ്യം ഇനിയും മനുഷ്യത്വം മരിച്ചിട്ടില്ലാത്തവരെ ഏറെ ചിന്തിപ്പിക്കുന്നു.

ഒരുവശത്ത് സദാചാരങ്ങളുടെ പേരില്‍ അക്രമങ്ങള്‍ നടത്തുകയും, സസ്ത്രീ-പുരുഷ സൌഹൃദങ്ങള്‍ വരെ എതിര്‍ക്കുകയും ചെയ്യുന്ന സമൂഹത്തില്‍ തന്നെയാണ് അച്ഛന്‍ മകളെ പീഡിപ്പിക്കുന്നതും, സഹോദരന്‍ സഹോദരിയെ പീഡിപ്പിക്കുന്നതും, അമ്മ മകളെ മറ്റുള്ളവര്‍ക്ക് കാഴ്ച്ചവയ്ക്കുകയും ഒക്കെ ചെയ്യുന്നത്. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം വരെ നിയമ വിധേയമായ ഈ കാലത്താണ്, ദമ്പതിമാര്‍ക്കുപോലും പോകുന്നിടത്തെല്ലാം താലിയും, വിവാഹ സര്‍ട്ടിഫിക്കറ്റും കൈയിലേന്തി നടക്കേണ്ടിവരുന്നത് എന്നോര്‍ക്കണം. ഇതു തന്നെയാണ് നമ്മുടെ സമൂഹത്തിന്റെ പ്രശ്നവും. ഈ കാഴ്ച്ചപ്പാടുകളാണ് മാറേണ്ടത്. നിലവില്‍ പെട്ടന്നൊരു മാറ്റം സാധ്യമാക്കിയെടുക്കാന്‍ പ്രയാസമാണ്, വളര്‍ന്നുവരുന്ന കുട്ടികളെയെങ്കിലും ഇതില്‍ നിന്ന് രക്ഷിക്കണം.

ജനിച്ചു വീഴുമ്പോള്‍ മുതല്‍ ആണ്‍-പെണ്‍ വേര്‍തിരിവുകാട്ടിയാണ് നാം കുട്ടികളെ വളെര്‍ത്തിയെടുക്കുന്നത്. ആദ്യം തന്നെ അവര്‍ തമ്മില്‍ അടുത്ത് ഇടപഴകാനുള്ള സാഹചര്യങ്ങള്‍ വിലക്കുന്നു. ആണ്‍കുട്ടികള്‍ എല്ലാ അധികാരത്തോടും കൂടിയവരാണെന്നും, അവരോട് പ്രതികരിക്കരുതെന്നും നാം തന്നെ പെണ്‍കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി സ്കൂളുകളും കോളേജുകളും ഉണ്ടാക്കി അവരെ വീണ്ടും വേര്‍തിരിച്ച് പഠിപ്പിക്കുന്നു. ലൈംഗികത എന്തോ വലിയ അപരാധമാണെന്ന ബോധമാണ് മുതിര്‍ന്നവര്‍ക്കുപോലും ഉള്ളത്, അതുകൊണ്ടു തന്നെ അവര്‍ വലിയ ലൈംഗിക ദാരിദ്യ്രം അനുഭവിക്കുന്നു. ഇതു തന്നെയാണ് ലൈംഗിക അതിക്രമങ്ങളിലേക്ക് നയിക്കുന്നതും. മുതിര്‍ന്നവര്‍ ചെയ്യുന്നത് തന്നെയാണ് കുട്ടികള്‍ കാണുന്നതും മനസ്സിലാക്കി വയ്ക്കുന്നതും. തക്കം കിട്ടിയാല്‍ രഹസ്യമായി ചെയ്യേണ്ട എന്തോ ഒന്നാണ് ഇതെന്ന് അവരും ധരിക്കുന്നു. വിദേശ രാജ്യങ്ങളില്‍ ലൈെഗികത ഇത്ര വലിയ ജിജ്ഞാസ ഉളവാക്കുന്ന വിഷയമാകുന്നില്ല എന്നത് നാം ശ്രദ്ധിക്കേണ്ടതാണ്.

ബ്ളൂ ഫിലിമുകളും മറ്റും കണ്ടാണ് അവര്‍ അതിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്, തിരിച്ചറിവില്ലാത്ത പ്രായത്തില്‍ അതിനൊക്കെ അടിമകളാകുന്ന അവര്‍ പിന്നീട് അത് അനുകരിക്കാന്‍ ശ്രമിക്കുന്നു. ഇത്തരത്തിലൊരു അനുകരണ ശ്രമത്തെത്തുടര്‍ന്നാണ് 14 വയസ്സുകാരന്‍ പിഞ്ചു കുഞ്ഞിനെ കൊന്ന് മരപ്പൊത്തില്‍ ഒളിപ്പിച്ചത് എന്നത് മറക്കരുത്. അതിനൊക്കെ വഴിയൊരുക്കിയത് അവന്റെ കുടുംബ പശ്ചാത്തലം തന്നെയായിരുന്നു. ഇങ്ങനെ മാനസിക നില തെറ്റിപ്പോകുന്ന ചിലര്‍, രഹസ്യ ക്യാമറകള്‍ വച്ച് സ്വന്തം അമ്മയുടെയും സഹോദരിയുടെയും വീഡിയോ ക്ളിപ്പുകള്‍ വരെ മറ്റുള്ളവര്‍ക്കു കൈമാറിയ സംഭവങ്ങള്‍ കേരളത്തില്‍ പോലും ഉണ്ടായിട്ടുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന സത്യമാണ്. കൌമാരത്തില്‍ കുട്ടികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എത്ര അച്ഛനമ്മമാര്‍ക്ക് ആകുന്നുണ്ട് എന്നു ചിന്തിച്ചുനോക്കുക. തന്റെ ശരീരത്തെക്കിറിച്ചുപോലും വേണ്ടത്ര ധാരണയില്ലാത്ത കുട്ടികളാണ് ചൂഷണം ചെയ്യപ്പെടുന്നതില്‍ ഏറെയും. ഈ അറിവില്ലായ്മയാണ് ബന്ധുക്കള്‍ക്കു പോലും കുട്ടികളെ ഉപയോഗപ്പെടുത്താനുള്ള അവസരമുണ്ടാക്കി കൊടുക്കുന്നതും. ഈ സാഹചര്യത്തിലാണ് ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വ്യക്തമാകുന്നത്.

കേവലമൊരു ശരീരം എന്നു കാണാതെ തന്നെപ്പേലെ തന്നെ അഭിപ്രായങ്ങളും, സ്വാതന്ത്യ്രവും ഉള്ള വ്യക്തികളാണ് സ്ത്രീകള്‍ എന്ന ചിന്ത ആണ്‍ കുട്ടികളില്‍ ഉണ്ടാക്കിയെടുക്കണം, അതിന് വീട്ടില്‍ മാതാപിതാക്കള്‍ തന്നെ മാതൃകയാകണം. സ്ത്രീയെ ബഹുമാനിക്കാനും അവളുടെ സമ്മതമില്ലാതെ ദേഹത്തു തൊടരുതെന്നും തിരിച്ചറിയണമെങ്കില്‍, കുട്ടിക്കാലം മുതല്‍ വേര്‍തിരിവില്ലാതെ ആണ്‍-പെണ്‍ സൌഹൃദങ്ങള്‍ക്കുള്ള സാഹചര്യം ഉണ്ടാകണം.

പീഡനങ്ങള്‍ കുറയ്ക്കാന്‍ വിവാഹ പ്രായം കുറയ്ക്കണമെന്ന അഭിപ്രായമാണ് ചിലര്‍ മുമ്പോട്ടുവയ്ക്കുന്നത്, അതു ശരിയെങ്കില്‍ പീഡനങ്ങള്‍ ഏറ്റവും കുറയേണ്ടത് ഇന്ത്യയിലാണ്. കാരണം യൂണിസെഫ് കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണ്. സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ് പീഡനങ്ങള്‍ക്ക് കാരണമാകുന്നത് എന്നു പറയുന്നവരുമുണ്ട്. ഒരു സ്ത്രീ എന്തു വസ്ത്രം ധരിക്കണം എന്നു തീരുമാനിക്കേണ്ടത് അവളാണ്. ഒരാള്‍ക്ക് അശ്ളീലമാകുന്നത് മറ്റൊരാള്‍ക്ക് അശ്ളീലമായിരിക്കില്ല, അത് ആപേക്ഷികമാണ്. സ്ത്രീകള്‍ ഏതു വസ്ത്രമിട്ടാലും അത് നോക്കിക്കാണുന്നവന്റെ മനസ്സാണ് നിയന്ത്രിക്കേണ്ടത്. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് പറയുന്നവര്‍ പോലും പുരുഷന്റെ വസ്ത്രധാരണരീതി എങ്ങനെയാകണമെന്നു പറയില്ല എന്നതും ശ്രദ്ധിക്കുക.

പീഡനക്കേസുകളില്‍ സമൂഹം ഇരകളോടു പെരുമാറുന്ന രീതിയെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നു. പ്രതികള്‍ മാന്യന്‍മാരായി നടക്കുകയും, ഇരകള്‍ അപമാനവും പേറി കോടതികള്‍ കയറിയിറങ്ങി നടക്കേണ്ടിയും വരുന്ന സ്ഥിതിയാണ് ഇന്നുള്ളത്. പീഡനത്തിനിരയായ പെണ്‍കുട്ടി എന്ന നിലയില്‍ എന്നും തരംതാഴ്ത്താനാണ് സമൂഹം ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചില്ലായിരുന്നെങ്കില്‍, സമൂഹം അവളെ ഇഞ്ചിഞ്ചായി കൊല്ലുമായിരുന്നു എന്ന് സൂര്യനെല്ലി പെണ്‍കുട്ടി അഭിപ്രയപ്പെട്ടു. തന്നെ നിരന്തരം കള്ളക്കേസുകളില്‍ കുടുക്കി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ പറയുന്നു. സ്ത്രീപീഡനങ്ങള്‍ക്ക് ഇരകളാകുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചു കൊണ്ടുവന്ന് കൌണ്‍സിലിംഗ് നല്‍കി പുനരധിവസിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. സമൂഹത്തിന് അവരോടുള്ള കാഴ്ച്ചപ്പാടിലും മാറ്റം വരണം

സ്ത്രീകള്‍ക്കും സമൂഹത്തിനും സംരക്ഷണം നല്‍കേണ്ട പോലീസും സൈനികരും പോലും അവര്‍ക്കെതിരെ അക്രമങ്ങള്‍ നടത്തുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ഇത്തരത്തില്‍ നിയമപാലകര്‍ തന്നെ പ്രതികളാകുമ്പോള്‍ അന്വേഷണം അട്ടിമറിക്കപ്പെടും. ബലിതര്‍പ്പണം കഴിഞ്ഞു മടങ്ങിയ സ്ത്രീയെ ബസ്സില്‍ വച്ച് അപമാനിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ രക്ഷിക്കുവാന്‍, പോലീസ് തെളിവുകളില്‍ കൃത്രിമം കാണിച്ചത് അടുത്തകാലത്ത് നടന്ന ഉദാഹരണമാണ്. പരാതിയുമായി വനിതാക്കമ്മീഷന്‍ ഓഫീസിലെത്തിയ യുവതിയ്ക്കുപോലും അവിടുത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറില്‍നിന്ന് അപമാനം ഏല്‍ക്കേണ്ടിവന്നു എന്നത് വളരെ ലജ്ജാവഹമാണ്.

ഒരു ആണ്‍ സുഹൃത്തിനൊപ്പം സഞ്ചരിച്ച പെണ്‍കുട്ടിയാണ് ഡല്‍ഹിയില്‍ അക്രമിക്കപ്പെട്ടത് എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്. കൂടെ ആളുണ്ടെങ്കില്‍പ്പോലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. അമേരിക്കയില്‍ തോക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ആലോചിക്കുമ്പോള്‍ ഇന്ത്യയില്‍ ഓരോ പെണ്‍കുട്ടിക്കും തോക്ക് അനുവധിച്ചു കൊടുക്കേണ്ടിവരുമോ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.

പലപ്പോഴും ഇത്തരം സംഭവങ്ങള്‍ പുറത്തുവരാതെ പോകാറുണ്ടായിരുന്നു, അടുത്തകാലത്തായി ഈ പ്രവണത മാറുകയും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങുകയും ചെയ്തു. അക്രമങ്ങള്‍ ആവര്‍ത്തിച്ചു വരുമ്പോള്‍ അതിനെതിരെ സമൂഹത്തെ ബോധവാന്‍മാരാക്കേണ്ടതില്‍ മാധ്യമ പ്രവര്‍കര്‍ക്ക് വലിയ പങ്കാണുള്ളത്. എന്നാല്‍ ഈ വിഷയങ്ങളൊക്കെ എപ്പോഴും ഉണ്ടാകാറുള്ളതാണെന്നും, അതിനെക്കുറിച്ച് പ്രതികരിച്ചിട്ടോ എഴുതിയിട്ടോ കാര്യമില്ലെന്നും അഭിപ്രായപ്പെട്ട എന്റെ സുഹൃത്തായ മാധ്യമ വിദ്യാര്‍ഥിനിയുടെ വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തി. സമൂഹത്തോട് വലിയ ഉത്തരവാദിത്വമുള്ള ഒരു ജോലിയിലേക്ക് കടക്കുന്ന പെണ്‍കുട്ടികള്‍ക്കു പോലും ഇതിനോട് പ്രതികരിച്ചിട്ട് കാര്യമില്ല എന്ന ചിന്തയാണുള്ളത്. ഇതു മാറണം, നിരന്തരമായ പ്രതികരണങ്ങളിലൂടെ മാത്രമെ മാറ്റങ്ങള്‍ ഉണ്ടാകൂ.

ബസ്സിലും, ജോലിസ്ഥലത്തും, സ്കൂളിലും പൊതുവഴിയിലും ശല്യം ചെയ്യുന്നവരെ എതിര്‍ക്കുവാന്‍ പെണ്‍കുട്ടികളെ സജ്ജരാക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, വരും തലമുറയെ കരുതലോടെ വളര്‍ത്തിയെടുക്കണം. സ്ത്രീകള്‍ തങ്ങള്‍ക്ക് തുല്ല്യരാണെന്നും, അവര്‍ക്കും എല്ലാ അവകാശങ്ങളും ഉണ്ടെന്നുമുള്ള ചിന്ത ആണ്‍കുട്ടികളില്‍ ഉണ്ടാക്കിയെടുക്കണം. അതോടൊപ്പം കപടസദാചാര ബോധവും നമ്മുടെ സമൂഹത്തില്‍ നിന്ന് ഇല്ലാതെയാകണം. ഇത്തരത്തില്‍ സമൂഹത്തിന്റെ കാഴ്ച്ചപ്പാടില്‍ മാറ്റം വരുത്തുകയാണ് ചെയ്യേണ്ടത്, അല്ലാതെ വധശിക്ഷ ഇതിനൊന്നും പരിഹാരമാകില്ല.

6 comments:

  1. നന്നായിട്ടൊണ്ട്....

    ReplyDelete
  2. Very Nice Dilu...

    ReplyDelete
  3. ഒരു ന്യൂജെനറേഷന്‍ ഫിലിമില്‍ പറയുന്നത് പോലെ ...''ഇത് എനിക്ക് ഒരു പട്ടി കടിച്ചത് പോലെയേ ഉള്ളു'' എന്ന് പറയാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് കഴിയുന്നില്ല. അല്ലെങ്കില്‍ അവരെ അതിനു സമൂഹം അനുവദിക്കുന്നില്ല. സമൂഹത്തിന്റെ കാഴ്ചപ്പാട് ഒരുപാടു മാറേണ്ടിയിരിക്കുന്നു.

    ReplyDelete