Sunday, December 30, 2012

അഭിമുഖം: പി ബാലചന്ദ്രന്‍

ദില്‍ജിത്ത് സി.ജി


ബാലേട്ടന്‍ എഴുത്തിനിടയില്‍.....പി ബാലചന്ദ്രന്‍

നാടക രചയിതാവും, നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ പി. ബാലചന്ദ്രന്‍. അങ്കിള്‍ബണ്‍ എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് മലയാളത്തിന്റെ സ്വന്തം ബാലേട്ടന്‍ സിനിമാ ലോകത്തേക്ക് കടന്നുവന്നത്. പിന്നീട്, ഉള്ളടക്കം, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്നിദേവന്‍, മാനസം, പുനരധിവാസം, പോലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവും എഴുതി. വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം, ശിവം, ജലമര്‍മ്മരം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ട്രിവാന്‍ഡ്രം ലോഡ്ജിലെ വക്കീല്‍ കഥാപാത്രത്തിലുടെയാണ് അദ്ദേഹം മലയാളികള്‍ക്ക് പ്രിയങ്കരനായത്.

മികച്ച നാടക രചനയ്ക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ്, സംഗീതനാടക അക്കാദമി അവാര്‍ഡ് എന്നിവയ്ക്കും, മികച്ച തിരക്കഥയ്ക്കുള്ള ചലച്ചിത്ര അക്കാദമി അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്. ഇദ്ദേഹം തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച 'ഇവന്‍ മേഘരൂപന്‍' 2011-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. പത്തു വര്‍ഷത്തിനുശേഷം 2012-ല്‍ പുനരാരംഭിച്ച ജി ശങ്കരപ്പിള്ള പുരസ്കാരത്തിനും ഇദ്ദേഹം അര്‍ഹനായി. എം.ജി സര്‍വകലാശാലയില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ച ബാലേട്ടന്‍, റിട്ടയര്‍മെന്റിനു ശേഷം പൂര്‍ണ്ണമായും സിനിമ-നാടക ലോകത്ത് സജീവമാകുന്നു


സിനിമയിലേക്കുളള താങ്കളുടെ വരവ് നാടകത്തിലൂടെ ആയിരുന്നല്ലോ, നാടക രംഗത്ത് എത്തിയത് എങ്ങനെ?
സ്കൂളില്‍ പഠിക്കുമ്പോള്‍ അന്നത്തെ അദ്ധ്യാപകരുടെ നാടകങ്ങളില്‍ സ്ത്രീവേഷം കെട്ടിയാണ് ആദ്യമായി സ്റേജില്‍ കയറിയത്. കുറേനാള്‍ അതു തുടര്‍ന്നു. പിന്നീട് ഒരു നടനാകാനുളള സൌന്ദര്യവും ഗാംഭീര്യവും എനിക്കില്ല എന്ന തോന്നല്‍ ഉണ്ടായപ്പോള്‍ അഭിനയം മാറ്റിവച്ച്, നാടക രചനയില്‍ ശ്രദ്ധിച്ചു. എന്റെ ഉള്ളിലെ നടനെ തൃപ്തിപ്പെടുത്താനാണ് ഞാന്‍ എഴുതി തുടങ്ങിയത്. അതുകൊണ്ടുതന്നെ ഒരു നടനെ തൃപ്തിപ്പെടുത്തുന്നതെല്ലാം അതിലുണ്ടാകും.

എഴുതിയ നാടകങ്ങളില്‍ താങ്കളെ ഏറ്റവും തൃപ്തനാക്കിയത് ഏതാണ്?

അങ്ങനെ തോന്നിയിട്ടില്ല. എഴുതിയതിനോട് തൃപ്തി തോന്നാത്തതിനാല്‍ വീണ്ടും എഴുതാന്‍ പ്രേരിതനാകുന്നു. തമ്മില്‍ ഭേദം ഏതാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എഴുതുമ്പോള്‍ ഗംഭീരമാണ് എന്നു തോന്നുന്നതില്‍ പോലും, പിന്നീട് പ്രശ്നങ്ങള്‍ കാണാന്‍ സാധിക്കും.

സിനിമയുടെ കടന്നുവരവോടെ, നാടകത്തിന്റെ സ്വീകാര്യത കുറഞ്ഞിട്ടില്ലേ?

സിനിമയുടെ കടന്നുവരവോടെയാണ് നാടകം അതിന്റേതായ തനിമ ന്വേഷിച്ചു പോയത്. നാടകം മോശമാകുമ്പോഴാണ് പ്രേക്ഷകര്‍ കുറയുന്നത്. നല്ല നാടകങ്ങള്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. തൃശ്ശൂര്‍ സംഗീത നാടക അക്കാദമി സംഘടിപ്പിക്കാറുളള അന്താരാഷ്ട്ര നാടകോത്സവം കാണാന്‍ വലിയ തിരക്കുണ്ടാകുമ്പോഴും ഇവിടെ സിനിമയും സീരിയലും ഉണ്ടല്ലോ, നാടകത്തിനു മാത്രം നല്‍കാന്‍ സാധിക്കുന്ന ആ ഒരു പ്രത്യേകത മറ്റെങ്ങും കിട്ടില്ല എന്നറിയാവുന്നതു കൊണ്ടാണ് ഈ തിരക്കുണ്ടാകുന്നത്.

സിനിമയിലേക്കുളള കടന്നുവരവിന് നാടകത്തിലെ അനുഭവസമ്പത്ത് എത്രത്തോളം പ്രയോജനം ചെയ്തു?.
നാടകം എഴുതാനറിയാമെങ്കില്‍ തിരക്കഥ എഴുതാമെന്ന ചിന്ത എന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷെ, നാടകത്തിന്റെ അനുഭവങ്ങളും അറിവും ഒന്നും തിരക്കഥയെഴുത്തില്‍ എനിക്ക് സഹായകമായില്ല. തികച്ചും വ്യത്യസ്തമായ രണ്ട് മേഖലകളാണ് സിനിമയും നാടകവും.

നിരവധി സംവിധായകരുടെ കൂടെ തിരക്കഥാകൃത്തായി പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ, എപ്പോഴെങ്കിലും മോശമായ ഇടപെടലുകള്‍ അനുഭവപ്പെട്ടിട്ടുണ്ടോ?
സിനിമ സംവിധായകന്റെ മാധ്യമം ആണ്. അദ്ദേഹത്തിന്റെ അഭിരുചിക്കനുസരിച്ച് തിരക്കഥാകൃത്ത് മാറ്റങ്ങള്‍ വരുത്തേണ്ടിവരും. അയാള്‍ ആ സ്വാതന്ത്യ്രത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നത്, അയാളുടെ മനസ്സിനെ ആശ്രയിച്ചിരിക്കും. നമുക്ക് ചിലതൊക്കെ അറിയില്ല എന്നും, മറ്റുള്ളവര്‍ക്ക് പലതും അറിയാമായിരിക്കാം എന്നുമുള്ള പരിഗണന നല്‍കിയാല്‍ പലതും നന്നായി നടക്കും. പലപ്പോഴും സംഭവിക്കാറുള്ളത് അങ്ങനെയല്ല. അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, അവയൊന്നും പേരെടുത്ത് പറയാന്‍ സാധിക്കില്ല.

താങ്കള്‍ തിരക്കഥയെഴുതിയ അഞ്ചോളം ചിത്രങ്ങളില്‍ മോഹന്‍ലാല്‍ നായകനായിട്ടുണ്ട്. മനസ്സില്‍ കണ്ട് എഴുതിയത്, ലാലിലൂടെ സ്ക്രീനിലെത്തിയപ്പോള്‍ ഉണ്ടായ അനുഭവം?
ലാലിനെപ്പോലെ ഒരു വലിയ നടനുവേണ്ടി തിരക്കഥ എഴുതുക എന്നു പറഞ്ഞത്, എന്നെ സംബന്ധിച്ച് വലിയൊരു വെല്ലുവിളി ആയിരുന്നു. ലാലിന്റെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താനും, അദ്ദേഹം ഇന്നലെവരെ ചെയ്യാത്ത ഒരു പെര്‍ഫോമന്‍സിന്റെ സാധ്യതയുള്ളതുമായ തിരക്കഥ ഉണ്ടാക്കുക എന്ന ചിന്ത എനിക്ക് വളരെ ഊര്‍ജ്ജം പകര്‍ന്നു.

ഇവന്‍ മേഘരൂപന്‍ എന്ന ചിത്രം സ്വയം സംവിധാനം ചെയ്യാന്‍ തീരുമാനം ഉണ്ടായത് എങ്ങനെ?
'പുനരധിവാസത്തിനു' ശേഷം വി.കെ പ്രകാശിനു സിനിമയാക്കാന്‍ വേണ്ടിയാണ് ഇതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അന്ന് അതിനെക്കുറിച്ച് കൂടുതല്‍ പഠിച്ചപ്പോള്‍, എഴുതിയാല്‍ ശരിയാകില്ല എന്നു തോന്നി ഉപേക്ഷിച്ചതാണ്. പത്തു വര്‍ഷത്തിനു ശേഷം വി.കെ.പി യുമായി നടത്തിയ ചര്‍ച്ചയിലാണ് വീണ്ടും എഴുതാനുള്ള തീരുമാനം ഉണ്ടായത്. തിരക്കഥ പൂര്‍ത്തിയായപ്പോള്‍, എന്റെ സുഹൃത്തുക്കളില്‍ പലരും എന്നെ സംവിധാന രംഗത്തേക്കു കടക്കാന്‍ പ്രേരിപ്പിച്ചു. വി.കെ പ്രകാശും എനിക്കു പ്രചോദനം നല്‍കി. അപ്പോഴാണ് സംവിധായകനാകാന്‍ തീരുമാനിച്ചത്.

മുന്‍പരിചയം ഇല്ലാത്ത സംവിധാന രംഗത്ത് എത്തിയപ്പോഴുണ്ടായ അനുഭവം?

ടെക്നിക്കലായി പലതിനെക്കുറിച്ചും അറിവില്ലായിരുന്നു. പക്ഷെ എന്റെ സിനിമയ്ക്കു വേണ്ടത് എന്താണെന്ന് തീരുമാനിക്കാന്‍ കഴിയുമായിരുന്നു. വളരെ സ്വസ്തമായാണ് സിനിമ പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങളായി ഇതിലൂടെയെല്ലാം ഇടപെട്ടു വന്ന അനുഭവങ്ങള്‍ ഉളളതുകൊണ്ട്, അത്തരത്തിലുള്ള ടെന്‍ഷനുകള്‍ ഉണ്ടായില്ല.

ഈചിത്ര ത്തിന്റെനിര്‍മ്മാതാവായ പ്രകാശ് ബാരെയെ തന്നെ മുഖ്യ വേഷത്തില്‍ അവതരിപ്പിക്കാന്‍ കാരണം?
മറ്റു നടന്‍മാരുടെ ലഭ്യതക്കുറവ് ഒരു കാരണമാണ്. പിന്നെ ഇദ്ദേഹത്തിന്റെ 'സൂഫി പറഞ്ഞ കഥ' ഞാന്‍ കണ്ടിട്ടുണ്ട്, സ്ക്രിപ്റ്റ് കണ്ടപ്പോള്‍ അയാള്‍ നിര്‍മ്മിക്കാന്‍ തയ്യാറായി. അദ്ദേഹം തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍, കൂടുതല്‍ ശ്രദ്ധപുലര്‍ത്തുമെന്ന കണക്കുകൂട്ടലും എനിക്കുണ്ടായിരുന്നു.

ചിത്രത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ എന്തുതോന്നി? അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ?
പ്രതീക്ഷിച്ചിട്ടില്ല. എന്റെ ജോലിയുടെ മികവുമൂലമാണ് അവാര്‍ഡ് കിട്ടിയതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇതൊക്കെ സംഭവിച്ചു പോകുന്നതാണ്, ഈ ഊഴം എനിക്കു കിട്ടിയെന്നുമാത്രം. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട് എന്നാല്‍ അതിലൊന്നും ഭ്രമം തോന്നിയിട്ടില്ല.

ഇനിയും സംവിധാന രംഗത്ത് തുടരാന്‍ ഈ ചിത്രം ഒരു പ്രചോദനമാകുന്നുണ്ടോ?
ഇവന്‍ മേഘരൂപന്‍ എന്ന ചിത്രം രണ്ടാഴ്ചയെങ്കിലും ഓടിക്കാനുളള സാഹചര്യം തീയേറ്ററുകാര്‍ തന്നിട്ടില്ല. സിനിമ കൂടുതല്‍ പേര്‍ക്ക് കാണാന്‍ അവസരമുണ്ടാക്കി കൊടുക്കുക എന്നതാണ് അവാര്‍ഡിനേക്കാള്‍ വലുതായി ഞാന്‍ കരുതുന്നത്. അത് ഈ ചിത്രത്തിലൂടെ ലഭിക്കാത്ത സാഹചര്യത്തില്‍, ഉടനെ സംവിധാന രംഗത്ത് സജീവമാകാനുളള ആവേശമൊന്നും തോന്നുന്നില്ല.

നല്ല ചിത്രങ്ങള്‍, താരമൂല്യമുളള നടന്‍മാര്‍ ഇല്ലാത്തതിന്റെ പേരില്‍ അവഗണിക്കപ്പെടുന്നതിനോട് താങ്കളുടെ പ്രതികരണം?
നിസ്സഹായനായി നോക്കി നില്‍ക്കാന്‍ മാത്രമേ സാധിക്കുന്നിളളു. ആ അവസ്ഥയുടെ ഒരു രോമത്തില്‍ പോലും തൊടാന്‍ സാധിക്കില്ലെങ്കില്‍, അതിനെക്കുറിച്ച് എന്റെ പ്രതികരണം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

അഭിനയത്തോടൊപ്പം എഴുത്തും നിര്‍വ്വഹിച്ചുകൊണ്ട് യുവ താരങ്ങള്‍ക്കിടയില്‍ വ്യത്യസ്തനായി നില്‍ക്കുന്ന അനൂപ് മേനോനെ കുറിച്ച് എന്താണ് അഭിപ്രായം?
ഇവര്‍ക്കൊക്കെ നല്ല വായനയുണ്ട്. മേഘലയെക്കുറിച്ച് നല്ല ധാരണയും പഠനങ്ങളുമുണ്ട്. സിനിമയെ വളരെ ജാഗ്രതയോടെ കാണുന്ന, എഴുത്തിന് പ്രാപ്തനായ ഒരാളാണ് അനൂപ് എന്നാണ് എന്റെ അഭിപ്രായം.

ന്യൂ ജനറേഷന്‍ സിനിമകളെക്കുറിച്ച്?
ന്യൂ ജനറേഷന്‍ എന്ന ഒരു പ്രത്യേക വിഭാഗം ഉള്ളതായി എനിക്ക് തോന്നുന്നില്ല. പുതുതലമുറയിലെ ചെറുപ്പക്കാര്‍ ചെയ്യുന്ന, അവരുടെ വീക്ഷണങ്ങള്‍ പ്രതിഭലിക്കുന്ന ചിത്രങ്ങള്‍ ഉണ്ടാകുന്നുണ്ട്. മുമ്പ് ഒന്നിലധികം സംവിധായകരും, ക്യാമറാമാന്‍മാരും, തിരക്കഥാകൃത്തുക്കളും ഒത്തുചേര്‍ന്ന്, അവരുടെ സുഹൃത്ത് ചെയ്യാന്‍ പോകുന്ന സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതായി കേട്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അതു നടക്കാറുണ്ട്. ചര്‍ച്ചകള്‍ ഉണ്ടാകുന്നത് സിനിമയുടെ നിലവാരം ഉയര്‍ത്തുന്നു. ഈ കൂട്ടായ്മയാണ് ഇവരുടെ മികവായി എനിക്ക് എടുത്തു പറയാനുളളത്. നായക കേന്ദ്രീകൃതമല്ലാത്ത പ്രമേയങ്ങള്‍ വരുന്നതും നല്ല മാറ്റമാണ്.

ഇന്നിറങ്ങുന്ന പല ചിത്രങ്ങളിലും വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമേയങ്ങളും, ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും വരുന്നുണ്ട്. ട്രിവാന്‍ഡ്രം ലോഡ്ജിനെക്കുറിച്ചും സിനിമാ രംഗത്തുനിന്ന് തന്നെ ആരോപണങ്ങള്‍ വന്നിരുന്നു. അതിനോട് എങ്ങനെ പ്രതികരിക്കുന്നു?
ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ സ്ക്രീനിലല്ല, അത് കാണുന്നവന്റെ ഉള്ളിലാണ്. സിനിമ കണ്ട പതിനായിരങ്ങളുടെ ഉള്ളിലും പതിനായിരം ട്രിവാന്‍ഡ്രം ലോഡ്ജാണ് ഓടിയത്. എന്‍.എന്‍ പിള്ള മുമ്പു പറയുമായിരുന്നു, 'എന്റെ നാടകത്തില്‍ ഒരു ദ്വയാര്‍ഥവുമില്ല, അതൊക്കെയിരിക്കുന്നത് നിങ്ങളുടെ മനസ്സിലാണ്', അത് സത്യമാണ്.

മുമ്പും ഇതിലും വലിയ ലൈംഗികച്ചുവയുള്ള കഥകളും, സംഭാഷണങ്ങളും മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്, അന്ന് അതൊന്നും പ്രശ്നമായിട്ടില്ല. ഇന്ന് സിനിമയിലെ ഒരു സീനില്‍ പശുവിനെ കാള ഉല്പാദന പ്രവര്‍ത്തി നടത്തുന്നു എങ്കില്‍ സെന്‍സര്‍ ബോര്‍ഡ് അത് സമ്മതിക്കുമോ? എന്നാല്‍ എന്നാല്‍ എന്റെ വീട്ടില്‍, ചെറുപ്പത്തില്‍ ഞാന്‍, അമ്മ, പെങ്ങള്‍, ചേട്ടന്‍, അച്ഛന്‍ ഇത്രയും പേര്‍ നോക്കിനില്‍ക്കെ വീട്ടിലെ പശുവിനെ ചന ചെയ്യിക്കുവാന്‍ ഈ പ്രവര്‍ത്തി നടത്തിയിട്ടുണ്ട്, അന്ന് അത് അശ്ളീലമായിരുന്നില്ല. നിഷ്കളങ്കതയായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഇന്ന് അത് നോക്കി നില്‍ക്കുന്നതും അശ്ളീലമായി കാണുന്നു.

ഇന്ന് നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്നത് കപടസദാചാരമാണ്. പണ്ടത്തെ ആ നിഷ്കളങ്കതയുടെ തുടര്‍ച്ചയാണ് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ. അത് പറഞ്ഞ ആളുകള്‍ക്ക് അശ്ളീലമായിരിക്കാം, എനിക്ക് അശ്ളീലമല്ല. അതിനേക്കാള്‍ അധാര്‍മ്മികതയും, അനീതിയും, അസാന്‍മാര്‍ഗ്ഗികതയും നടക്കുന്ന ഒരു സമൂഹമാണ് ഇത്. അതിനിടയില്‍ ഇത് ഒന്നുമല്ല.

ഇത്തരത്തിലുളള സംഭാഷണങ്ങള്‍ വളരെ ശ്രദ്ധിക്കപ്പെട്ടതിനാല്‍, ഇനിവരുന്ന ചിത്രങ്ങളിലു ഇങ്ങനെയുളളവ ഉള്‍പ്പെടുത്താന്‍ ഇടവരില്ലേ?

വിജയിക്കുന്ന ശൈലി അനുകരിക്കപ്പെടും. ഭാവിയില്‍ ഇതിനേക്കാള്‍ വികൃതമായസംഭാഷണങ്ങള്‍ സിനിമകളില്‍ വരുമായിരിക്കാം, അതിന്റെ നന്‍മതിന്‍മകള്‍ ആപേക്ഷികമാണ്. മൂടിവച്ച് പറയുന്നതിനേക്കാള്‍ വ്യക്തമായി പറയുമ്പോള്‍ അത് അശ്ളീലമല്ലാതാകും. എന്നാല്‍ എല്ലാം വെട്ടിത്തുറന്നു പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. കഥാസന്ദര്‍ഭം ആവശ്യപ്പെടുമ്പോള്‍, കാപട്യം കലര്‍ത്താതെ അത് പറഞ്ഞുപോകുന്നതില്‍ തെറ്റില്ല.

വിദേശ ചിത്രങ്ങള്‍ പകര്‍ത്തി, മലയാളത്തില്‍ അവതരിപ്പിക്കുന്ന ശൈലി അടുത്തകാലത്തായി കൂടിവരുന്നു. ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

സിനിമയെ വ്യവസായമായി മാത്രം കാണുന്നവര്‍ക്ക് അതിനെ വിറ്റ് കാശുണ്ടാക്കണം, അതിനു പറ്റിയ ചേരുവകള്‍ പലയിടത്തു നിന്നും ഒപ്പിച്ചാല്‍, ഇങ്ങനെ കോപ്പി ചെയ്യാന്‍ ബുദ്ധിമുട്ടില്ല. എനിക്ക് അതിനോട് താല്‍പര്യമില്ല, എന്റെ ജീവിത വീക്ഷണം വേറെയാണ്.

ഇതിനോട് താല്‍പര്യമില്ലെങ്കില്‍, താങ്കള്‍ തിരക്കഥയെഴുതിയ 'അങ്കിള്‍ ബണ്‍', 'പോലീസ്' എന്നീ ചിത്രങ്ങള്‍ ഇത്തരത്തില്‍ പകര്‍ത്തിയതാണ് എന്ന ആരോപണത്തോട് എങ്ങനെ പ്രതികരിക്കുന്നു?
സാഹചര്യങ്ങള്‍ മൂലം അതു ചെയ്യേണ്ടിവന്നിട്ടുണ്ട്, അതു ചെയ്യാന്‍ പാടില്ലായിരുന്നു എന്ന് എനിക്കിപ്പോഴും തോന്നുന്നില്ല. അങ്കിള്‍ ബണ്‍ എന്റെ ആദ്യ സിനിമയായിരുന്നു. 'അങ്കിള്‍ ബക്ക്' എന്ന ചിത്രം എന്നെ കാണിച്ചിട്ട്, അതിനെ മലയാളത്തിലേക്ക് പകര്‍ത്തിയെഴുതുക എന്നതായിരുന്നു എനിക്കു തന്ന പ്രോജക്ട്. അതിനു ക്രെഡിറ്റ് കൊടുക്കുകയോ റൈറ്റ് വാങ്ങുകയോ ചെയ്യേണ്ടത് ഡയറക്ടര്‍ ആണ്.

സാമ്പത്തിക പ്രതിസന്ധി ബാധിച്ച സമയത്ത്, വി.കെ പ്രകാശ് നിര്‍ബന്ധിച്ചപ്പോള്‍ 'ടാങ്കോ ആന്റ് ക്യാഷ്' എന്ന ചിത്രം കണ്ടിട്ട് ഇതുപോലെ പകര്‍ത്തിയെഴുതി. അതാണ് 'പോലീസ്' ആയത്. അവര്‍ തരാമെന്നു പറഞ്ഞ പണത്തിനു വേണ്ടി എനിക്കത് ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇവ രണ്ടും എന്റേതാണെന്ന് ഞാന്‍ ഒരിടത്തും അവകാശപ്പെടുന്നില്ല.

സാമ്പത്തിക ലാഭം മാത്രം നോക്കി ഇത്തരത്തില്‍ തീരുമാനമെടുക്കുന്നത് ശരിയാണോ?, ഇനിയും സമാന സാഹചര്യമുണ്ടായാല്‍ വീണ്ടും ചെയ്യുമോ?

മറ്റൊരു ഗതിയും ഇല്ലാതെ, ഈ ഒരു തൊഴിലേ അറിയൂ എന്ന സാഹചര്യം ഉണ്ടായാല്‍ ഇനിയും ഞാന്‍ ചെയ്യും.

സന്തോഷ് പണ്ഡിറ്റിനെക്കുറിച്ച്?
ഞാന്‍ ഇയാളുടെ രണ്ടു വര്‍ക്കും കണ്ടിട്ടില്ല. സിനിമയെക്കുറിച്ച് ഒരു ബോധവുമില്ലാത്ത ഒരാള്‍ കാണിച്ചു കൂട്ടുന്നതിനെയെല്ലാം പ്രേത്സാഹിപ്പിക്കുന്നത്, വൈകൃതം പ്രാപിച്ച സമൂഹത്തിന്റെ ആഘോഷമാണ്. അയാള്‍ക്ക് ജീവിക്കാനും സിനിമ പിടിക്കാനും അവകാശമുണ്ട്. ഞാന്‍ അത് പ്രോത്സാഹിപ്പിക്കില്ല.

ദൈവവിശ്വാസിയാണോ?
ഞാന്‍ എന്തു നിലപാടെടുത്താല്‍ എനിക്ക് സ്വസ്തതയും ആനന്ദവും കിട്ടും എന്നതാണ് പ്രധാനം. അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചതുകൊണ്ട് ഇവയെല്ലാം നേടാമെന്ന വിശ്വാസം എനിക്കില്ല. അങ്ങനെ ചെയ്യുന്നതുകൊണ്ട് എന്റെ ജീവിതത്തെ വഴിതിരിച്ചു വിടാമെന്നും, എനിക്കുണ്ടാകാവുന്ന തടസ്സങ്ങളെ മാറ്റിക്കളയാമെന്നും ഞാന്‍ വിശ്വസിക്കുന്നില്ല.

കുടുംബം?
ഭാര്യ ശ്രീലത, വൈക്കം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ആണ്്. മകന്‍ ശ്രീകാന്ത് എം.ബി.എ കഴിഞ്ഞ്, ഇന്ത്യന്‍ എക്സ്പ്രസ്സിലാണ്. മകള്‍ പാര്‍വ്വതി ആയുര്‍വേദ ഡോക്ടറാണ്.

പുതിയ പ്രോജക്ടുകള്‍?
അഭിനയത്തിനാണ് ഇനി പ്രാധാന്യം നല്‍കുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന 'അന്നയും റസൂലും', രാജീവ് നാഥ് - അനൂപ്- ജയസൂര്യ ടീമിന്റെ 'ഡേവിഡ് ആന്റ് ഗോലിയാത്ത്', നിഖിലിന്റെ 'മൈ ഫാന്‍ രാമു', പത്മകുമാറിന്റെ 'പാതിരാമണല്‍', വി.കെ പ്രകാശിന്റെ ഫഹദ് ഫാസില്‍ ചിത്രം ‘നത്തോലി ഒരു ചെറിയ മീനല്ല’, അനുപ് മേനോന്‍-ജയസുര്യ ടീമിന്റെ 'ഹോട്ടല്‍ കാലിഫോര്‍ണിയ'. പിന്നെ വി.കെ പ്രകാശിനും, രാജീവ് രവിയ്ക്കും വേണ്ടി തിരക്കഥകള്‍ ഉടനെയുണ്ടാകും

7 comments: